ചൈനീസ് വാഹനനിര്‍മാതാക്കളായ ബിവൈഡിയുടെ വമ്പന്‍ പദ്ധതിയോട് ' നോ ' പറഞ്ഞ് ഇന്ത്യ
- ഇന്ത്യയില്‍ ചൈനീസ് സ്ഥാപനങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ വിവിധ വകുപ്പുകള്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തി
- BYD ക്ക് ഇന്ത്യയില്‍ നിലവില്‍ സാന്നിധ്യമുണ്ട്
- 2023-ല്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാനാണു കമ്പനി പദ്ധതിയിടുന്നത്
ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ലോകത്തിലെ ഏറ്റവും മുന്‍നിര സ്ഥാനം അലങ്കരിക്കുന്നവരാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി(BYD).
വാഹന നിര്‍മാതാക്കള്‍ മാത്രമല്ല, ബാറ്ററി നിര്‍മാണവും ബിവൈഡിക്ക് ഉണ്ട്.
മേഘ എന്‍ജിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡുമായി കൈകോര്‍ത്ത് ഹൈദരാബാദില്‍ 1 ബില്യന്‍ ഡോളറിന്റെ ഫോര്‍ വീലര്‍ മാനുഫാക്ചറിംഗ് സെന്റര്‍ സ്ഥാപിക്കാന്‍ ബിവൈഡിക്ക് താല്‍പര്യമുണ്ടായിരുന്നു.
എന്നാല്‍ ഈ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
ഈ മാസം ആദ്യം ബിവൈഡിയും മേഘ എന്‍ജിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡും ചേര്‍ന്നു പദ്ധതിക്കുള്ള പ്രൊപ്പോസല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന് (ഡിപിഐഐടി) സമര്‍പ്പിച്ചിരുന്നു.ഇതേ തുടര്‍ന്നു ഡിപിഐഐടി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് സ്ഥാപനങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ വിവിധ വകുപ്പുകള്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി പ്രതിവര്‍ഷം 10,000-15,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.
ബിവൈഡിയുമായി സഹകരിക്കാന്‍ സമ്മതിച്ച ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് റോഡ്, പാലം, ഊര്‍ജ പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മാണത്തിലേര്‍പ്പെടുന്ന കമ്പനിയുമാണ്.
ബിവൈഡിയുമായുള്ള സംയുക്ത സംരംഭത്തില്‍ മൂലധനം ഇറക്കുന്നത് മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡും സാങ്കേതിക സഹായം നല്‍കുന്നത് ബിവൈഡിയുമാണെന്നാണ് അറിയിച്ചിരുന്നത്.
BYD ക്ക് ഇന്ത്യയില്‍ നിലവില്‍ സാന്നിധ്യമുണ്ട്. Atto 3 ഇലക്ട്രിക് എസ്യുവിയും e6 ഇലക്ട്രിക് സെഡാനും വില്‍ക്കുന്നുണ്ട്. 2023-ല്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാനാണു കമ്പനി പദ്ധതിയിടുന്നത്.