2023ല്‍ വരും 10 പുത്തന്‍ മോഡലുകള്‍, രണ്ടും കല്‍പിച്ച് മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യ

  • കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വിറ്റത് ഏകദേശം 2,000 കാറുകളാണ്.

Update: 2023-01-08 05:33 GMT

മുംബൈ: ജര്‍മ്മന്‍ ആഡംബരക്കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് 2023ല്‍ ഇന്ത്യയില്‍ 10 പുതിയ മോഡല്‍ അവതരിപ്പിക്കുമെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് അയ്യര്‍. 2022ല്‍ കമ്പനിയ്ക്ക് രാജ്യത്ത് മികച്ച വില്‍പന നേടാന്‍ സാധിച്ചിരുന്നു.

ആഡംബര വാഹന രംഗത്ത് മികച്ച വിപണി വിഹിതം നേടാനും കമ്പനിയ്ക്ക് സാധിച്ചു. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള മോഡലുകളുടെ വില്‍പനയില്‍ 69 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. കമ്പനി ആകെ വില്‍ക്കുന്ന മോഡലുകളുടെ 22 ശതമാനവും ഇത്തരത്തിലുള്ള ഹൈ എന്‍ഡ് മോഡലുകളാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വിറ്റത് ഏകദേശം 2,000 കാറുകളാണ്. നിലവില്‍ ബെന്‍സിന്റെ ഇവി മോഡലുകളായ ഇക്യുഎസ്, ഇക്യുബി പോലുള്ളവ കൂടുതലായി വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ബെന്‍സ് മോഡലുകളുടെ വില്‍പനയുടെ 54 ശതമാനവും എസ് യു വികളും 46 ശതമാനം സെഡാന്‍ മോഡലുകളുമാണ്.

വാഹന വില്‍പന രംഗം ഉഷാര്‍

ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 2022 ല്‍ റെക്കോഡ് നേട്ടമാണ് രാജ്യത്തുണ്ടായതെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം 3.793 ദശലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഉയര്‍ന്ന ഡിമാന്‍ഡിന്റെയും, സെമി കണ്ടക്ടറുകളുടെ വിതരണം മെച്ചപ്പെട്ടതാണ് കാരണം. 2021 ലെ വില്‍പ്പനയെക്കാള്‍ 23.1 ശതമാനം ഉയര്‍ന്ന വില്‍പ്പനയാണിത്.

ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ കമ്പനികളെല്ലാം കോവിഡിന്റെ ആഘാതങ്ങളില്‍ നിന്നും മെച്ചപ്പെട്ട നിലയിലേക്ക് എത്തിയെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍ എന്നാണ് വാഹന കമ്പനി പ്രതിനിധികളുടെ അഭിപ്രായം.

വാഹന കമ്പനികള്‍ വില്‍പ്പനയ്ക്കായി ഡീലര്‍മാര്‍ക്ക് കൈമാറിയ വാഹനങ്ങളുടെ കണക്കാണ് വില്‍പ്പന കണക്കായി പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 1.579 ദശലക്ഷം വാഹനങ്ങള്‍ വിറ്റ് 15.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് 2022 ല്‍ നേടിയത്.

ടാറ്റ മോട്ടോഴ്സ്, കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ എന്നിവ യഥാക്രമം 58.2 ശതമാനം, 40.2 ശതമാനം, 22.6 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച നേടിയത്. 2018 ലാണ് രാജ്യത്തെ വാഹന വില്‍പ്പന ഇതിനു മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയത്. അന്ന് 3.38 ദശലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. അതിനെക്കാള്‍ 14 ശതമാനം കൂടുതലാണിത്.

Tags:    

Similar News