ഇവി മേഖലയിലും മത്സരം, മഹീന്ദ്രയും ടാറ്റയും നേര്‍ക്കുനേര്‍
- ഡിസംബറില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 50,000 വൈദ്യുത വാഹനങ്ങള്‍ വിറ്റ ഏക കമ്പനി എന്ന നേട്ടം ടാറ്റാ മോട്ടോഴ്‌സ് സ്വന്തമാക്കിയിരുന്നു.
രാജ്യത്തെ വൈദ്യുത വാഹന വിപണിയില്‍ മത്സരം മുറുകുമ്പോള്‍ ഇവി മോഡലുകളുടെ വില കുറച്ച് മുന്‍നിര കമ്പനികള്‍. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളിലൊന്നായ ടാറ്റാ മോട്ടോഴ്‌സ് നെക്‌സണ്‍ ഇവിയുടെ വില കുറച്ചു. 31,000 രൂപ മുതല്‍ 85,000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്.
മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രയുടെ എസ് യു വിയായ എക്‌സ്യുവി 400 ഇറക്കി ദിവസങ്ങള്‍ക്കകമാണ് ടാറ്റയുടെ നീക്കം. ടാറ്റാ നെക്‌സോണിന്റെ ടോപ്പ് വേരിയന്റിന് 19.84 ലക്ഷം രൂപയും, താഴ്ന്ന വേരിയന്റിന് 14.99 ലക്ഷം രൂപയുമായിരുന്നു വില. പുതുക്കി നിശ്ചയിച്ച വില പ്രകാരം ടോപ്പ് വേരിയന്റിന് 18.99 ലക്ഷം രൂപയും കുറഞ്ഞ വേരിയന്റിന് 14.49 ലക്ഷം രൂപയുമാണ് വില. മഹീന്ദ്ര എക്‌സ് യുവിയുടെ ടോപ്പ് വേരിയന്റിന് 18.99 ലക്ഷം രൂപയാണ് വില. 15.99 ലക്ഷം രൂപയ്ക്കാണ് എക്‌സ് യു വിയുടെ ഏറ്റവും കുറഞ്ഞ വേരിയന്റ് ലഭ്യമാകുക.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായതും സര്‍ക്കാര്‍ സ്‌കീമുകളില്‍ നിന്നുള്ള പിന്തുണയും വാഹന വില്‍പനയിലെ വര്‍ധനയുമാണ് വില കുറയ്ക്കുന്നതില്‍ കമ്പനിയ്ക്ക് സഹായകരമായ ഘടകങ്ങളെന്ന് ടാറ്റാ മോട്ടോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. വാഹന്‍ രേഖകള്‍ പ്രകാരം രാജ്യത്തെ വൈദ്യുത വാഹന വിപണിയുടെ 80 ശതമാനവും ടാറ്റാ മോട്ടോഴ്‌സിന്റെ പക്കലാണ്. 10 ശതമാനം എംജി മോട്ടോഴ്‌സിന്റെ പക്കലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഡിസംബറില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 50,000 വൈദ്യുത വാഹനങ്ങള്‍ വിറ്റ ഏക കമ്പനി എന്ന നേട്ടം ടാറ്റാ മോട്ടോഴ്‌സ് സ്വന്തമാക്കിയിരുന്നു. ഡെല്‍ഹിയില്‍ നടത്തിയ ഓട്ടോ എക്‌സ്‌പോയില്‍ ഫ്രഞ്ച് കമ്പനിയായ സിട്രോണിന്റെ ഇസി 3 ഇവി അവതരിപ്പിച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. പത്തു ലക്ഷം രൂപയ്ക്ക് താഴെ വില വരുന്ന വൈദ്യുത വാഹനമാണിത്. ഈ മാസം 22 മുതലാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കുക.
രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇവി മോഡലായി ഇസി മാറുന്നതോടെ ടാറ്റയുടെ ടിയാഗോയ്ക്കാണ് വലിയ വെല്ലുവിളിയാകുക. 8.49 ലക്ഷം മുതല്‍ 11.79 ലക്ഷം വരെയാണ് ടിയാഗോ മോഡലുകളുടെ വില വരിക. ഇസി-3 യുടെ പ്രാരംഭ വില 8.70 ലക്ഷം-8.99 ലക്ഷം വരെ ആകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൃത്യമായ വില സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കം കമ്പനി സ്ഥിരീകരണം വരുമെന്നാണ് സൂചന.