മക്ലാരെന്‍ മോട്ടോര്‍സ്

മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ആഡംബര കാറുകളുടെ കണ്ണഞ്ചിപ്പിക്കും ശ്രേണി തന്നെ മക്ലാരെന്‍ അവതരിപ്പിച്ചിട്ടുണ്ട്.

Update: 2022-01-10 06:30 GMT

സാധാരണക്കാര്‍ ഒരു പക്ഷെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ മക്ലാരെന്‍ എന്ന പേരു കേള്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഫോര്‍മുല വണ്ണിലും മറ്റ് മോട്ടോര്‍സ്പോര്‍ട്ടുകളിലും തത്പര കക്ഷിയാണ് നിങ്ങളെങ്കില്‍ മക്ലാരെന്‍ എന്ന ആഡംബര കാര്‍ നിര്‍മ്മാതക്കളെ കുറിച്ച് അറിയാതിരിക്കില്ല. ഇംഗ്ലണ്ടിലെ വോക്കിംഗ് ആസ്ഥാനമായുള്ള ഒരു ബ്രിട്ടീഷ് കമ്പനിയാണ് മക്ലാരെന്‍ ഗ്രൂപ്പ്. മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ആഡംബര കാറുകളുടെ കണ്ണഞ്ചിപ്പിക്കും ശ്രേണി തന്നെ മക്ലാരെന്‍ അവതരിപ്പിച്ചിട്ടുണ്ട്.

കാര്‍ ഡിസൈനറും, റേസറും, എന്‍ജീനീയറുമായ ബ്രൂസ് മക്ലാരെന്‍ 1963 ലാണ് 'ബ്രൂസ് മക്ലാരെന്‍ മോട്ടോര്‍ റേസിംഗ്' എന്ന കമ്പനി ആരംഭിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് തന്നെ 1966 ല്‍ കമ്പനി ആദ്യമായി ഫോര്‍മുല വണ്ണില്‍ പ്രവേശിക്കുന്നു. 1970 ല്‍ ക്യെനെം(Can-am) സീരീസ് കാര്‍ പരീക്ഷിക്കുന്നതിനിടയില്‍ മക്ലാരെന്‍ മരണപ്പെടുന്നു. ഇതിനെ തുടര്‍ന്ന് ടെഡി മേയര്‍ മക്ലാരെന്‍ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. 1974 ല്‍ ബ്രസീലിയന്‍ ഡ്രൈവര്‍ എമേഴ്സണ്‍ ഫിറ്റിപാല്‍ഡിക്കൊപ്പം മക്ലാരെന്‍ മോട്ടോര്‍സ് അവരുടെ ആദ്യത്തെ വേള്‍ഡ് കണ്‍സ്ട്രക്ടേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേടി.

എന്നാല്‍ മക്ലാരെന്‍ ഗ്രൂപ്പ് ഉണ്ടാകുന്നത് 1981ല്‍ മക്ലാരെന്‍ ഫോര്‍മുല വണ്‍ ടീമിനെ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ്. റോണ്‍ ഡെന്നിസ് ആണ് 'മക്ലാരെന്‍ ഗ്രൂപ്പ്' സ്ഥാപിക്കുന്നത്. മന്‍സൂര്‍ ഓജേയുടെ ടിഎജി(TAG) ഗ്രൂപ്പുമായി ചേര്‍ന്നതോടെ ടിഎജി മക്ലാരെന്‍ എന്ന പേര് കമ്പനി പിന്നീട് സ്വീകരിച്ചു.

2015 ല്‍ മക്ലാരെന്‍ ഗ്രൂപ്പിനെ മക്ലാരെന്‍ ടെക്‌നോളജി ഗ്രൂപ്പ് എന്ന് പുനര്‍നാമകരണം ചെയ്തു. 2017 ജൂണില്‍ ഡെന്നിസ് മക്ലാരെന്‍ ഓട്ടോമോട്ടീവിലെ തന്റെ ഓഹരികള്‍ക്ക് പുറമെ കമ്പനിയിലെ തന്റെ 25% ഷെയര്‍ഹോള്‍ഡിംഗ് മറ്റ് ഓഹരി ഉടമകള്‍ക്ക് വിറ്റതായി പ്രഖ്യാപിച്ചു. ഗ്രൂപ്പ് പിന്നീട് മക്ലാരെന്‍ ഓട്ടോമോട്ടീവുമായി ലയിച്ച് മുമ്പത്തെ മക്ലാരെന്‍ ഗ്രൂപ്പിന്റെ പേര് ഉപയോഗിച്ച് ഒരു പുതിയ കമ്പനി രൂപീകരിച്ചു.

2026 മുതല്‍ ഫോര്‍മുല വണ്‍-ലേക്ക് മടങ്ങിവരാന്‍ ഔഡിക്ക് പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്നതിനായി മക്ലാരെന്‍ ഗ്രൂപ്പിന്റെ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം ഔഡി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ പൂര്‍ത്തിയായതായി 2021ല്‍ പല ഔട്ട്‌ലെറ്റുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് പിന്നീട് മക്ലാരെന്‍ ഗ്രൂപ്പ് നിരാകരിച്ചു.

Tags:    

Similar News