ജാവ, കാലത്തെ അതിജീവിച്ച മോട്ടോര്‍ സൈക്കിള്‍

തൊണ്ണൂറുകള്‍ വരെ ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലെ ഹരമായിരുന്ന മോട്ടോര്‍ ബൈക്കുകളാണ് ജാവയും യെസ്ഡിയും, രാജ്ദൂതും. യമഹയും റോയല്‍ എന്‍ഫീല്‍ഡും അരങ്ങ് വാഴും വരെ നിരത്തുകളെ അടക്കിഭരിച്ച ജാവയെ പിന്നീട് മഹിന്ദ്ര വീണ്ടും ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി യുവാക്കളാണ് പഴയ വീരകഥകള്‍ കേട്ട്മാത്രം ജാവയുടെ വരവ് കാത്ത് വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്ത് കാത്തിരുന്നത്. അത്രമാത്രംപവര്‍ഫുള്‍ ആണ് ജാവ. ബൊഹീമിയയിലെ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) ഓട്ടോ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ഫ്രാന്റിസെക് ജാനെസെക്കാണ് ജാവ മോട്ടോര്‍സിന് തുടക്കമിട്ടത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഇറ്റലിക്ക് […]

Update: 2022-01-10 05:54 GMT

തൊണ്ണൂറുകള്‍ വരെ ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലെ ഹരമായിരുന്ന മോട്ടോര്‍ ബൈക്കുകളാണ് ജാവയും യെസ്ഡിയും, രാജ്ദൂതും. യമഹയും റോയല്‍ എന്‍ഫീല്‍ഡും അരങ്ങ് വാഴും വരെ നിരത്തുകളെ അടക്കിഭരിച്ച ജാവയെ പിന്നീട് മഹിന്ദ്ര വീണ്ടും ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി യുവാക്കളാണ് പഴയ വീരകഥകള്‍ കേട്ട്മാത്രം ജാവയുടെ വരവ് കാത്ത് വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്ത് കാത്തിരുന്നത്. അത്രമാത്രം
പവര്‍ഫുള്‍ ആണ് ജാവ.

ബൊഹീമിയയിലെ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) ഓട്ടോ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ഫ്രാന്റിസെക് ജാനെസെക്കാണ് ജാവ മോട്ടോര്‍സിന് തുടക്കമിട്ടത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഇറ്റലിക്ക് വേണ്ടി നിരവധി ആയുധ ഡിസൈനുകളും ചെക്ക് ആര്‍മിയുടെ കരുത്തായ സ്‌പെഷ്യല്‍ ഹാന്‍ഡ് ഗ്രനൈഡടക്കം അറുപതിലേറെ കണ്ടുപിടുത്തങ്ങളും നടത്തി പേറ്റന്റ് സ്വന്തമാക്കിയ പ്രഗല്‍ഭനായിരുന്നു ഫ്രാന്റിസെക്. ഒന്നാം ലോകമഹായുദ്ധം അവസാനിച്ച് ലോകത്ത് ആയുധങ്ങളുടെ ആവശ്യക്കാര്‍ കുറഞ്ഞതോടെ ഫ്രാന്റിസെക്കും പുതിയ മേഖല തേടിയിറങ്ങി.

യൂറോപ്പിലെ ഒട്ടുമിക്ക കമ്പനികളുമെന്നപോലെ ഫ്രാന്റിസെക്കും മോട്ടോര്‍ വാഹനനിര്‍മാണമേഖലയിലേക്ക് തന്നെ തിരിയുകയായിരുന്നു. എന്നാല്‍ മറ്റുള്ളവരെ പോലെ സ്‌ക്രാച്ചില്‍ നിന്ന് തുടങ്ങാതെ ജര്‍മന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ വിങ്കല്‍ഹോഫര്‍ ആന്റ് ജെയ്‌നിക്കിന്റെ മോട്ടോര്‍ സൈക്കിള്‍ വാഹനയൂണിറ്റ് ഡിസൈന്‍ സഹിതം വാങ്ങിയാണ് ഫ്രാന്റിസെക് ബിസിനസ് ആരംഭിച്ചത്. വിങ്കല്‍ഹോഫര്‍ ആന്റ് ജെയ്‌നിക്കിന്റെ വാണ്ടറര്‍ 500 മോട്ടോര്‍സൈക്കിളിന്റെ ഡിസൈനും ടൂളിംഗും സഹിതം ഫ്രാന്റിസെക് ജാനെസെക്ക് വാങ്ങിയതോടെയാണ് 1929 ല്‍ ജാവയുടെ തുടക്കം.

'Janiek', 'Wanderer' എന്നിവയിലെ ആദ്യത്തെ രണ്ട് അക്ഷരങ്ങള്‍ സംയോജിപ്പിച്ചാണ് ജാവ എന്ന പേരിന്റെ പിറവി. ജാവ 500 OHV എന്ന മോഡലാണ് ആദ്യത്തെ ജാവ മോട്ടോര്‍സൈക്കിള്‍. 1933 ആയപ്പോഴേക്കും ചെക്കോസ്ലോവാക്യയിലെ ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിളായി ജാവ മാറി. 3,750 ആര്‍ പി എമ്മിലായി ആറ് ഹോഴ്‌സ് പവര്‍ കരുത്ത് സമ്മാനിച്ച ജാവയുടെ പുതിയ മോഡല്‍ ജാവ-175 വളരെ വേഗത്തിലാണ് വിപണി കീഴടക്കിയത്.

ജാവ 175 നിരത്തിലെത്തിച്ചതോടെ ജാവ 500 കമ്പനി നിര്‍ത്തുകയും ചെയ്തു. ടു സ്‌ട്രോക്കിലും ഫോര്‍ സ്‌ട്രോക്കിലും പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ജാവ വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഇതിനിടെ രണ്ടാം ലോകമഹായുദ്ധകാലത്ത് നിര്‍മാണമെല്ലാം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമായ കമ്പനിയില്‍ ഹിറ്റ്‌ലറുടെ ജര്‍മനിക്ക് വേണ്ടി ആയുധങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ബന്ധിതരായി. പക്ഷെ അപ്പോഴും അതീവരഹസ്യമായി തന്നെ ജാവ പുതിയ ഡിസൈനുകള്‍ വികസിപ്പിച്ചുകൊണ്ടിരുന്നു.

കമ്മ്യൂണിസ്റ്റ് ഭരണകൂടം ചെക്ലോസോവാക്യയില്‍ അധികാരത്തിലേറിയതോടെ 1948 ല്‍ ജാവ മോട്ടോര്‍സൈക്കിള്‍ ദേശസാല്‍ക്കരിക്കപ്പെട്ടു. ദേശസാല്‍ക്കരണം ജാവയെയും മറ്റൊരു ചെക്ക് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ C Zനെയും ലയിപ്പിച്ച് ഒരൊറ്റ ബ്രാന്‍ഡാക്കി - Jawa CZ എന്ന പേരു സ്വീകരിച്ചു. അറുപതുകളിലും എഴുപതുകളിലും ജാവ-സിസെഡ് മോട്ടോക്രോസ്, എന്‍ഡ്യൂറോ മോഡലുകള്‍ ലോകത്താകമാനം കൊടുങ്കാറ്റായി മുന്നേറി. ആറ് ദിവസങ്ങളിലായി നടന്ന ട്രയലുകളില്‍ എട്ട് ഒന്നാം സ്ഥാനങ്ങളും ആറ് മോട്ടോക്രോസ് ലോക കിരീടങ്ങളും നേടി. ഐതിഹാസികമായ റേസിംഗ് വിജയത്തിന്റെയും ട്രാക്കിലെ വിശ്വാസ്യതയുടെയും പിന്‍ബലത്തില്‍, ലോകമെമ്പാടുമുള്ള 120 രാജ്യങ്ങളിലേക്ക് ജാവ മോട്ടോര്‍സൈക്കിളുകള്‍ കയറ്റുമതി ചെയ്തു. വി4 കോണ്‍ഫിഗറേഷനില്‍ എക്‌സോട്ടിക് ടു-സ്‌ട്രോക്ക് എഞ്ചിനുകള്‍ ഉപയോഗിച്ച് ജാവ റോഡ് റേസിംഗിലേക്കും പ്രവേശിച്ചു.

റസ്റ്റോമും ഫറൂഖ് ഇറാനിയും ചേര്‍ന്ന് സ്ഥാപിച്ച ഐഡിയല്‍ ജാവയാണ് ജാവ മോട്ടോര്‍സൈക്കിളുകളെ ഇന്ത്യക്ക് പരിചയപ്പെടുത്തിയത്. ജാവ
മോട്ടോര്‍സൈക്കിളുകള്‍ ഇറക്കുമതി ചെയാതായിരന്നു ആദ്യകാലത്ത് ജാവ ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. എന്നാല്‍ 1961 ല്‍ അന്നത്തെ മൈസൂര്‍ രാജാവായിരുന്ന ജയചാമരാജേന്ദ്ര വോഡയാറുടെ പിന്തുണയോടെ ജാവ മൈസൂരില്‍ അവരുടെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചു. 1961 നും 1971 നും ഇടയില്‍, ഐഡിയല്‍ ജാവ 250 ടൈപ്പ് 353/04 ലൈസന്‍സിന് കീഴില്‍ നിര്‍മ്മിച്ചു തുടങ്ങി. പരുക്കന്‍ സവിശേഷതകളുള്ള ലളിതമായതും തകര്‍ക്കാനാകാത്തതും എന്ന ഖ്യാതി ഈ കാലയളവില്‍ ജാവ മോട്ടോര്‍സൈക്കിളുകള്‍ നേടിയെടുത്തു.

നഗരങ്ങളിലെ യുവാക്കള്‍ക്കുള്ള യാത്രാമാര്‍ഗത്തിന്റെ ആദ്യ ചോയ്സ് ജാവ 250 ആയിരുന്നു - യൂറോപ്യന്‍ റേസിംഗ് രംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി യുവ റേസര്‍മാര്‍ ജാവ 250-ല്‍ ആകൃഷ്ടരാവുകയും റേസുകളില്‍ മത്സരിച്ച് വിജയം നേടുകയും ചെയ്തു. 1971 ലാണ് ഐഡിയല്‍ ജാവ 'യെസ്ഡി' എന്ന പേരില്‍ ജാവയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാനും വില്‍ക്കാനും ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ കയറ്റുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ വന്നപ്പോഴും ജാവ പിടിച്ചുനിന്നു. കാലിഫോര്‍ണിയന്‍ പോലെയുള്ള ജാവയുടെ പ്രശസ്തങ്ങളായ മോഡലുകള്‍ കാലത്തെ അതിജീവിച്ച് ഇന്നും ലോകത്ത് പ്രിയങ്കരങ്ങളായി തുടരുന്നുണ്ട്.

Tags:    

Similar News