ഐഷര്‍ മോട്ടോര്‍സ്

ട്രക്കുകള്‍, ബസുകള്‍, മോട്ടോര്‍സൈക്കിളുകള്‍, ഓട്ടോമോട്ടീവ് ഗിയറുകള്‍, അനുബന്ധ ഘടകങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പനയിലും വികസനത്തിലും നിര്‍മ്മാണത്തിലും വിപണനത്തിലും ഐഷര്‍ ഗ്രൂപ്പ് മേല്‍ക്കോയ്മ നേടിയിട്ടുണ്ട്.

Update: 2022-01-10 04:51 GMT

70 ശതമാനത്തോളം കര്‍ഷകരുള്ള രാജ്യത്ത് ഏത് വാഹനത്തിനായിരിക്കും ഡിമാന്റ് എന്ന ഒറ്റചോദ്യമാണ് സോഹന്‍ ലാല്‍ എന്ന കച്ചവടക്കാരനെ ട്രാക്ടര്‍ വില്‍പ്പനയിലേക്ക് തിരിച്ചുവിട്ടത്. കര്‍ഷകവൃത്തിയെ ആശ്രയിക്കുന്ന ഭൂരിഭാഗത്തിന് വേണ്ടി പക്ഷെ ട്രാക്ടര്‍ നിര്‍മിക്കാനുള്ള അടിസ്ഥാനസൌകര്യങ്ങള്‍ അപ്പോള്‍ സോഹന്‍ലാലിന് ഒരുക്കാനിയിരുന്നില്ല. അതോടെ വിദേശത്ത് നിന്ന് ട്രാക്ടര്‍ ഇറക്കുമതി ചെയ്ത് വിറ്റും സര്‍വ്വീസ് നടത്തിയും ആ മേഖലയിലേക്ക് പ്രവേശിക്കാനായിരുന്നു സോഹന്‍ ലാലിന്റെ തീരുമാനം.

ട്രാക്ടര്‍ വിപണിക്ക് വലിയ സാധ്യതകള്‍ ഉണ്ടെന്ന് മനസിലാക്കി ലാല്‍ തുടങ്ങിവെച്ച ഗുഡ് എര്‍ത്ത് കമ്പനിയുടെ മുഖ്യ എതിരാളി സ്വദേശി ബ്രാന്റായ മഹീന്ദ്ര ട്രാക്ടര്‍ ആയിരുന്നു. ആദ്യ പത്ത് വര്‍ഷത്തിനകം തന്നെ ആയിരത്തഞ്ഞൂറിലേറെ ട്രാക്ടറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. കമ്പനിയുടെ പത്താംവാര്‍ഷികത്തില്‍ ഗുഡ് എര്‍ത്ത് 1958 ല്‍, ഐഷര്‍ ട്രാക്ടര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ച് സ്വന്തമായി ട്രാക്ടറുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. അങ്ങനെ, 1959 ല്‍ ഇന്ത്യയില്‍ പൂര്‍ണമായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ച ആദ്യത്തെ ട്രാക്ടര്‍ പാടങ്ങളിലെത്തി. ഫരീദാബാദിലെ ഫാക്ടറിയില്‍ നിന്നാണ് ആദ്യത്തെ ഐഷര്‍ ട്രാക്ടര്‍ പുറത്തിറങ്ങിയത്.

അടുത്ത രണ്ട് പതിറ്റാണ്ടുകള്‍ ട്രാക്ടര്‍ വിപണിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ഐഷര്‍ 1980 കളോടെ മറ്റ് ലൈറ്റ് മോട്ടോര്‍ കൊമോഷ്‌സ്യല്‍ വാഹനനിര്‍മാണത്തിലേക്കും പ്രവേശിച്ചു. ഇതിന് തുടക്കമെന്നനിലയില്‍ വിദേശ കമ്പനികളുമായി ധാരണയിലും കരാറുകളിലും ഐഷര്‍ ഏര്‍പ്പെട്ടു. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിസ്തുബിഷിയുമായി സഹകരണത്തിന് കരാറൊപ്പിട്ട ഐഷര്‍ ചരക്ക് നീക്കത്തിനായി പെട്ടി ഓട്ടോറിക്ഷകള്‍ എന്ന് പൊതുവില്‍ അറിയപ്പെടുന്ന ചരക്ക് നീക്കത്തിനുള്ള ഓട്ടോറിക്ഷകള്‍ നിര്‍മിച്ചു വിപണിയിലെത്തിച്ചു. 1987 ല്‍ ഐഷര്‍ ട്രാക്ടര്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. പിന്നാലെ ഇരുചക്ര വാഹന വിപണിയിലേക്കും ഐഷര്‍ കാലെടുത്തുവെച്ചു. ഇന്ത്യയിലെ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങിയായിരുന്നു ഐഷറിന്റെ ഈ മേഖലയിലേക്കുള്ള കടന്നുവരവ്.

പിന്നാലെ രാമണ്‍ ആന്‍ഡ് ഡെമ്മും ഐഷര്‍ ഏറ്റെടുത്തു. എന്‍ഫീല്‍ഡിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതോട ഉടമസ്ഥാവകാശം സ്വന്തമാക്കിയ ഐഷര്‍ 94 ല്‍ എന്‍ഫീല്‍ഡിന്റെ പേര് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സ് എന്നാക്കി മാറ്റി. 2008 ല്‍ വോള്‍വോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഐഷര്‍ കരാറായി. ഇതോടെ ഐഷര്‍ ഹെവി ഡ്യൂട്ടി ട്രക്കുകളുടെ നിര്‍മാണവും ആരംഭിച്ചു. ഈ കൂട്ടുകെട്ടോടെ ഇന്ത്യയിലും മറ്റ് വികസ്വര രാജ്യങ്ങളിലും വാണിജ്യ വാഹനങ്ങളുടെ നവീകരണത്തിന് കമ്പനി തുടക്കമിട്ടു. വിഇസിവി ക്ക് 4.9-55 ടണ്‍ ഭാരമുള്ള ട്രക്കുകളുടെയും ബസുകളുടെയും സമ്പൂര്‍ണ ശ്രേണിയുണ്ട് ഇന്ന് ഐഷറിന്. മധ്യപ്രദേശിലെ പിതാംപൂരിലുള്ള അതിന്റെ സംയോജിത നിര്‍മ്മാണ പ്ലാന്റാണ് വോള്‍വോ ഗ്രൂപ്പിന്റെ മീഡിയം ഡ്യൂട്ടി അഞ്ച്, എട്ട് ലിറ്റര്‍ എന്‍ജിനുകളുടെ നിര്‍മ്മാണത്തിനുള്ള ആഗോള കേന്ദ്രം.

ട്രക്കുകള്‍, ബസുകള്‍, മോട്ടോര്‍സൈക്കിളുകള്‍, ഓട്ടോമോട്ടീവ് ഗിയറുകള്‍, അനുബന്ധ ഘടകങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പനയിലും വികസനത്തിലും നിര്‍മ്മാണത്തിലും വിപണനത്തിലും ഐഷര്‍ ഗ്രൂപ്പ് മേല്‍ക്കോയ്മ നേടിയിട്ടുണ്ട്. മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, എഞ്ചിനീയറിംഗ്, തുടങ്ങി വളര്‍ച്ചാ സാധ്യതയുള്ള മേഖലകളില്‍ ഐഷര്‍ നിക്ഷേപം നടത്തി വരുന്നു.

 

Tags:    

Similar News