റോയല്‍ എന്‍ഫീല്‍ഡ്
ഫ്രണ്ട് ഫോര്‍ക്ക് സിസ്റ്റം ഡ്രൂയിഡ് ഡിസൈനില്‍ നിന്ന് സെന്റര്‍-സ്പ്രംഗ് ഗര്‍ഡര്‍ ഫോര്‍ക്കുകളിലേക്ക് മാറുന്ന ആദ്യ നിര്‍മ്മാതാക്കളില്‍ ഒന്നായിരുന്നു റോയല്‍ എന്‍ഫീല്‍ഡ്.
പ്രൗഡിയിലും ശക്തിയിലും മറ്റൊരു ടു വീലറിനും അവകാശപ്പെടാനില്ലാത്ത സ്ഥാനമാണ് 120 വര്‍ഷത്തെ പാരമ്പര്യമുള്ള റോയല്‍ എന്‍ഫീല്‍ഡിനുള്ളത്. 1891 നവംബറില്‍ സംരംഭകരായ ബോബ് വാക്കര്‍ സ്മിത്തും ആല്‍ബര്‍ട്ട് ഈഡിയും ചേര്‍ന്ന് ജോര്‍ജ് ടൗണ്‍സെന്റ് ആന്‍ഡ് കോ ഓഫ് ഹന്‍ഡ് എന്‍ഡ് എന്ന കമ്പനി വാങ്ങി. അതില്‍ നിന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് ജന്മമെടുത്തത്.
മിഡില്‍സെക്‌സിലെ എന്‍ഫീല്‍ഡിന്റെ റോയല്‍ സ്‌മോള്‍ ആംസ് ഫാക്ടറിയിലേക്ക് പാര്‍ട്ട്‌സുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ കമ്പനി നേടുന്നു. ഈ അഭിമാനകരമായ ഓര്‍ഡര്‍ ലഭിച്ചതോടെ തങ്ങളുടെ സ്ഥാപനത്തിനെ എന്‍ഫീല്‍ഡ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്തു. ആദ്യമായി ബോബ് വാക്കര്‍ സ്മിത്ത് രൂപകല്‍പ്പന ചെയ്ത സൈക്കിളിന് എന്‍ഫീല്‍ഡ് എന്ന് പേരിട്ടു. അടുത്ത വര്‍ഷം, കമ്പനിയുടെ സൈക്കിളുകള്‍ റോയല്‍ എന്‍ഫീല്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്ത് 'മെയ്ഡ് ലൈക്ക് എ ഗണ്‍' എന്ന് ട്രേഡ് മാര്‍ക്കോടെ വിപണിയില്‍ അവതരിപ്പിച്ചു.
1898ല്‍ ബോബ് വാക്കര്‍ സ്മിത്താണ് കമ്പനിയുടെ ആദ്യത്തെ മോട്ടോറൈസ്ഡ് വാഹനം രൂപകല്‍പ്പന ചെയ്യുന്നത്. ക്വാഡ്രിസൈക്കിള്‍ എന്നറിയപ്പെട്ട ഈ മോട്ടോര്‍ സൈക്കിളിന് ഒന്നര എച്ച് പി ശക്തിയുള്ള ഡി ഡിയോണ്‍ എഞ്ചിനാണ് ഉപയോഗിച്ചത്. ഈ വര്‍ഷം തന്നെ കമ്പനിയുടെ പേര് വീണ്ടും മാറ്റി 'ദ എന്‍ഫീല്‍ഡ് സൈക്കിള്‍ കമ്പനി ലിമിറ്റഡ്' എന്നാക്കി. തുടര്‍ന്ന് 70 വര്‍ഷത്തേക്ക് ഈ പേരില്‍ തന്നെയാണ് കമ്പനി വാഹനങ്ങള്‍ ഇറക്കിയത്.
ആദ്യ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നത് 1901 ലാണ്. ബോബ് വാക്കര്‍ സ്മിത്തും ഫ്രഞ്ചുകാരനായ ജൂള്‍സ് ഗോബിയറ്റും ചേര്‍ന്ന് രൂപകല്പന ചെയ്ത ഈ വാഹനം ലണ്ടനിലെ സ്റ്റാന്‍ലി സൈക്കിള്‍ ഷോയിലാണ് ആദ്യമായി പുറത്തിറക്കുന്നത്.
1914 ലാണ് എന്‍ഫീല്‍ഡ് ടു സ്‌ട്രേക്ക് മോട്ടോര്‍ സൈക്കിളുകളുടെ പൂര്‍ണമായതോതില്‍ നിര്‍മാണം ആരംഭിക്കുന്നത്. ഇതേവര്‍ഷം ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ബ്രിട്ടനും റഷ്യയുമുള്‍പ്പടെയുള്ള രാജ്യങ്ങളിലെ സൈന്യങ്ങള്‍ക്ക് വേണ്ട വാഹനങ്ങളും എന്‍ഫീല്‍ഡ് നിര്‍മിച്ചു നല്‍കി.
കാലഹരണപ്പെട്ട ഫ്‌ലാറ്റ് ടാങ്കുകള്‍ക്ക് പകരം സാഡില്‍ ടാങ്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് സ്വീകരിക്കുന്നത് 1928 ലാണ്. ഫ്രണ്ട് ഫോര്‍ക്ക് സിസ്റ്റം ഡ്രൂയിഡ് ഡിസൈനില്‍ നിന്ന് സെന്റര്‍-സ്പ്രംഗ് ഗര്‍ഡര്‍ ഫോര്‍ക്കുകളിലേക്ക് മാറുന്ന ആദ്യ നിര്‍മ്മാതാക്കളില്‍ ഒന്നായിരുന്നു റോയല്‍ എന്‍ഫീല്‍ഡ്.
ഐതിഹാസികമായ 'ബുള്ളറ്റ്' മോട്ടോര്‍സൈക്കിള്‍ പിറവിയെടുക്കുന്നത് 1932ലാണ്. ആ വര്‍ഷം നവംബറില്‍ ലണ്ടനില്‍ നടന്ന ഒളിമ്പിയ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ആദ്യമായി 'ബുള്ളറ്റ്' മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ചത്. മൂന്ന് പതിപ്പുകളിലായി 250, 350, 500 സിസി, മോട്ടോര്‍സൈക്കിളുകളാണ് കമ്പനി നിര്‍മ്മിച്ചത്.
1939-45 കാലയളവില്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് റോയല്‍ എന്‍ഫീല്‍ഡ് വന്‍തോതില്‍ സൈനിക മോട്ടോര്‍സൈക്കിളുകള്‍, സൈക്കിളുകള്‍, ജനറേറ്ററുകള്‍, ആന്റി-എയര്‍ക്രാഫ്റ്റ് ഗണ്‍ പ്രെഡിക്ടറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ ചെലുത്തി. ഫ്‌ളയിംഗ് ഫ്‌ളീ എന്നറിയപ്പെടുന്ന 125 സിസി 'എയര്‍ബോണ്‍' മോട്ടോര്‍സൈക്കിളായിരുന്നു ഇതിലെ ഏറ്റവും മികച്ച മോഡല്‍.
500, 350 സിസി ബുള്ളറ്റുകള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് മദ്രാസ് മോട്ടോഴ്‌സിന് ഓര്‍ഡര്‍ ലഭിക്കുന്നത് 1952 ലാണ്. ഈ കാലയളവില്‍ ബുള്ളറ്റിന്റ ഏറ്റവും വലിയ ആവശ്യക്കാര്‍ ഇന്ത്യന്‍ ആര്‍മിയായിരുന്നു. 'എന്‍ഫീല്‍ഡ് ഇന്ത്യ' രൂപീകരിക്കുന്നതിനായി റെഡ്ഡിച്ച് കമ്പനി ഇന്ത്യയില്‍ മദ്രാസ് മോട്ടോഴ്സിനെ പങ്കാളികളാക്കുകയും മദ്രാസിനടുത്തുള്ള തിരുവെട്ടിയൂരില്‍ ഫാക്ടറി ആരംഭിച്ചു.
ലോകത്തിലെ തന്നെ ആദ്യത്തേതും വന്‍തോതില്‍ നിര്‍മ്മിച്ചതുമായ ഒരേയൊരു ഡീസല്‍ മോട്ടോര്‍സൈക്കിളായിരുന്നു എന്‍ഫീല്‍ഡ് ഡീസല്‍. 1993ല്‍ എന്‍ഫീല്‍ഡ് ഇന്ത്യ നിര്‍മ്മിച്ച ഈ സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റ് റോളിംഗ് ചേസ്സിസില്‍ സ്ഥാപിച്ചിട്ടുള്ളതും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള 325 സിസി പവര്‍ യൂണിറ്റുമായിരുന്നു ഉപയോഗിച്ചത്.
1994 ല്‍ എന്‍ഫീല്‍ഡ് ഇന്ത്യയുടെ ഉടമസ്ഥതയില്‍ വലിയമാറ്റം സംഭവിച്ചു. വാണിജ്യ വാഹന, ട്രാക്ടര്‍ നിര്‍മ്മാതാക്കളായ ഐഷര്‍ ഗ്രൂപ്പ് എന്‍ഫീല്‍ഡ് ഇന്ത്യ ലിമിറ്റഡിനെ സ്വന്തമാക്കി. 1948 മുതല്‍ക്കു തന്നെ ഇന്ത്യയില്‍ വേരോട്ടമുണ്ടായിരുന്ന ഐഷര്‍, എന്‍ഫീല്‍ഡിന്റെ പേര് വീണ്ടും റോയല്‍ എന്‍ഫീല്‍ഡ് എന്നാക്കി മാറ്റി.
1997ലെ വിഖ്യാതമായൊരു റൈഡോഡെ റോയല്‍ എന്‍ഫീല്‍ഡ് ചരിത്രത്തിലിടം നേടി. നാല്‍പത് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മോട്ടോറബിള്‍ പാസ് ആയ ഖാര്‍ദുങ് ലായിലേക്ക് ഓടിച്ചു കേറിയത് ജനപ്രീതി വര്‍ധിപ്പിച്ചു. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെയുള്ള ഇതിഹാസ സവാരികള്‍ക്കുള്ള വഴി വെട്ടുകയായിരുന്നു ഇതിലൂടെ റോയല്‍ എന്‍ഫീല്‍ഡ്.
തണ്ടര്‍ബേര്‍ഡ്, സ്‌റ്റൈലിഷ് ലീന്‍ ബേണ്‍ ക്രൂയിസര്‍ മോഡല്‍ കമ്പനി പുറത്തിറക്കുന്നത് 2002ലാണ്. 1960-കള്‍ക്ക് ശേഷം റോയല്‍ എന്‍ഫീല്‍ഡില്‍ ഉപയോഗിക്കുന്ന ആദ്യത്തെ 5-സ്പീഡ് ഗിയര്‍ബോക്സ് ആയിരുന്നു ഇതില്‍ അവതരിപ്പിച്ചത്. ഓള്‍-അലോയ് ലീന്‍ ബേണ്‍ എഞ്ചിന്റെ 500 സിസി പതിപ്പുള്ള ഇലക്ട്രാ എക്സ്, എക്സ്പോര്‍ട്ട് ബുള്ളറ്റ് വില്‍പ്പനയ്ക്കെത്തിയത് 2004ലാണ്. ഇന്ത്യയിലെത്തിയതിന്റെ 50ാം വാര്‍ഷികം 2005ല്‍ സ്‌പെഷ്യല്‍ എഡിഷനുകളോടൊപ്പം റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചു.
2009 ല്‍ 500സിസി യു സി ഇ എന്‍ജിന്‍ ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചു. റെട്രോ ശൈലിയിലുള്ള ക്ലാസിക് പതിപ്പ് ആരാധകരെ കൈയിലെടുക്കുകയും വില്‍പ്പന അതിവേഗത്തിലാകുകയും ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യത്തെ ഹൈവേ ക്രൂയിസറായ ഓള്‍-ബ്ലാക്ക് തണ്ടര്‍ബേര്‍ഡ് 500 പുറത്തിറക്കിയത് ഇതിന്റെ ഉത്പാദനം ആദ്യ വര്‍ഷം തന്നെ ഒരു ലക്ഷം കടന്നു.
സാഹസിക മോട്ടോര്‍സൈക്കിളായ ഹിമാലയന്‍ 2016 ലാണ് വിപണിയിലെത്തിയത് . ഒരു പുതിയ 411cc SOHC എഞ്ചിനും ലോംഗ് റീച്ച് സസ്‌പെന്‍ഷനും ഉള്ളതിനാല്‍, സാഹസികരായ റൈഡര്‍മാര്‍ക്ക് എല്ലാ റോഡുകളിലും മികച്ചൊരനുഭവം സാധ്യമാക്കുന്നതില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ വന്‍ വിജയമായി.
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് 2019ല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650 സ്വന്തമാക്കി. ടൈംസ് ഓട്ടോ അവാര്‍ഡുകളില്‍ ബൈക്ക് ഓഫ് ദി ഇയര്‍, ഓട്ടോകാറിന്റെ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍, ബൈക്ക് ഇന്ത്യയുടെ ടു വീലര്‍ ഓഫ് ദ ഇയര്‍ എന്നിങ്ങനെയും 650 ട്വിന്‍ മോഡല്‍ തിരഞ്ഞെടുത്തു. തായ്ലന്‍ഡിലെ ഏറ്റവും മികച്ച മോഡേണ്‍ ക്ലാസിക് മിഡില്‍വെയ്റ്റ് ആയും യുകെയിലെ MCN 2019 വര്‍ഷത്തെ മികച്ച റെട്രോ ബൈക്കായും ഇന്റര്‍സെപ്റ്റര്‍ മാറി.
2021ലും നേട്ടങ്ങള്‍ക്കു മുന്നില്‍ തലയെടുപ്പോടെ റോയല്‍ എന്‍ഫീല്‍ഡ് 120 വര്‍ഷത്തെ തന്റെ ചരിത്രം തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്. കാലങ്ങള്‍ക്കതീതമായി…