ജനറല്‍ മോട്ടോഴ്‌സ്

അമേരിക്കന്‍ ഐക്യനാടുകളിലെ മിഷിഗണിലെ ഡെട്രോയിറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര വാഹന നിര്‍മ്മാണ കമ്പനിയാണ് ജനറല്‍ മോട്ടോഴ്‌സ് (GM). 1908 സെപ്തംബര്‍ 16-ന് വില്യം സി. ഡ്യൂറന്റ് ഒരു ഹോള്‍ഡിംഗ് കമ്പനിയായാണ് ജി എം മോട്ടോഴ്‌സ് സ്ഥാപിച്ചത്. വലിയൊരു അഴിച്ചു പണിക്ക് ശേഷം 2009ലാണ് ഇന്നത്തെ ജി എം സ്ഥാപിതമായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളിലെന്നും ഏറ്റവും വലിയ അമേരിക്കന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളാണ് ജനറല്‍ മോട്ടോഴ്‌സ്. വിപണിയില്‍ ഏറ്റവും മുന്നിലുള്ള സമയത്ത് ജി […]

Update: 2022-01-10 03:09 GMT

അമേരിക്കന്‍ ഐക്യനാടുകളിലെ മിഷിഗണിലെ ഡെട്രോയിറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര വാഹന നിര്‍മ്മാണ കമ്പനിയാണ് ജനറല്‍ മോട്ടോഴ്‌സ് (GM). 1908 സെപ്തംബര്‍ 16-ന് വില്യം സി. ഡ്യൂറന്റ് ഒരു ഹോള്‍ഡിംഗ് കമ്പനിയായാണ് ജി എം മോട്ടോഴ്‌സ് സ്ഥാപിച്ചത്. വലിയൊരു അഴിച്ചു പണിക്ക് ശേഷം 2009ലാണ് ഇന്നത്തെ ജി എം സ്ഥാപിതമായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളിലെന്നും ഏറ്റവും വലിയ അമേരിക്കന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളാണ് ജനറല്‍ മോട്ടോഴ്‌സ്.

വിപണിയില്‍ ഏറ്റവും മുന്നിലുള്ള സമയത്ത് ജി എം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 50% മാര്‍ക്കറ്റ് ഷെയര്‍ നിലനിര്‍ത്തിയിരുന്നു. 1931 മുതല്‍ 2007 വരെ ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാവെന്ന റെക്കോര്‍ഡും ജനറല്‍ മോട്ടോഴ്‌സിനായിരുന്നു. പിന്നീട് ആഗോളമാര്‍ക്കറ്റില്‍ പ്രതിസന്ധികള്‍ നേരിട്ട ജി എം വലിയ മാറ്റത്തിന് വിധേയമായി. 1929 ല്‍ ജി എം സ്വന്തമാക്കിയ ഓപ്പല്‍, വാക്‌സ്ഹള്‍ തുടങ്ങിയ യൂറോപ്യന്‍ സ്ഥാപനങ്ങള്‍ 2017 ല്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പി എസ് എ ഗ്രൂപ്പിന് വിറ്റു. 2021 ലെ കണക്കനുസരിച്ച്, അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളുടെ ഫോര്‍ച്യൂണ്‍ 500 റാങ്കിംഗില്‍ ജനറല്‍ മോട്ടോഴ്സിന്റെ സ്ഥാനം 22 -ാമതാണ്.

വിവിധ ബ്രാന്‍ഡുകളിലായി ജനറല്‍ മോട്ടോഴ്സ് നിരവധി രാജ്യങ്ങളില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നു. ഷെവര്‍ലെ, ബ്യൂക്ക്, ജി എം സി, കാഡിലാക് എന്നിവയാണ് കമ്പനിയുടെ നാല് പ്രധാന ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകള്‍. വൂലിംഗ്, ബോജുന്‍, ജിഫാംഗ് തുടങ്ങിയ വിദേശ ബ്രാന്‍ഡുകളില്‍ ജി എം സുപ്രധാനമായ ഓഹരി സ്വന്തമാക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നുണ്ട്. 2016-ല്‍ ലോകമെമ്പാടുമുള്ള വാര്‍ഷിക വില്‍പ്പന 10 ദശലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ലില്‍ എത്തി.

സീറോ എമിഷനെ കുറിച്ച് ലോകം ഗൗരവ്വമായി ചര്‍ച്ച ചെയ്ത് തുടങ്ങുന്നതിന് മുമ്പ് തന്നെ ജി എം ഇലക്ട്രിക്ക് വാഹനങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നു. 1990 ലെ ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ജി എം അവരുടെ ആദ്യത്തെ ഇലക്ട്രിക്ക് കാറിന്റെ പ്രാരംഭ രൂപമായ ഇംപാക്ട് അവതരിപ്പിച്ചു. ആറ് വര്‍ഷത്തിന് ശേഷം 1996 ല്‍ ഇംപാക്ട് ഇ വി 1 മോഡല്‍ കാര്‍ ജി എം പുറത്തിറക്കി.

2004 -ല്‍ ജി എം ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് പിക്കപ്പുകള്‍ പുറത്തിറക്കി. 1/2-ടണ്‍ സില്‍വറഡോ/സിയറ മോഡലാണ് പുറത്തിറക്കിയത്. ഇവ ജിഎമ്മിന്റെ പിന്നീടുള്ള ഡിസൈനുകള്‍ പോലെ പ്രൊപ്പല്‍ഷനുവേണ്ടി വൈദ്യുതോര്‍ജ്ജം ഉപയോഗിച്ചിരുന്നില്ല. 2005-ല്‍ ഒപെല്‍ ആസ്ട്ര ഡീസല്‍ ഹൈബ്രിഡ് കണ്‍സെപ്റ്റ് വാഹനം അവതരിപ്പിച്ചു. 2006-ലെ സാറ്റേണ്‍ വ്യൂ ഗ്രീന്‍ ലൈന്‍ ജിഎമ്മില്‍ നിന്നുള്ള ആദ്യത്തെ ഹൈബ്രിഡ് പാസഞ്ചര്‍ വാഹനമായിരുന്നു.

മോട്ടോഴ്‌സിന്റെ പന്ത്രണ്ട് ബ്രാന്‍ഡുകള്‍ക്ക് പുറമേ, ജനറല്‍ മോട്ടോഴ്സിന് ഐ എം എല്‍ 20% ഓഹരിയും ജി എം കൊറിയയില്‍ 77% ഓഹരിയും ഉണ്ട്. ഷാങ്ഹായ് ജി എം, ചൈനയിലെ എഫ്എഡബ്യു ജി എം, ജി എം ഉസ്ബെക്കിസ്ഥാന്‍, ജനറല്‍ മോട്ടോഴ്സ് ഇന്ത്യ, ജനറല്‍ മോട്ടോഴ്സ് ഈജിപ്ത്, ഇസുസു ട്രക്ക് സൗത്ത് ആഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി സംയുക്ത സംരംഭങ്ങളും ജനറല്‍ മോട്ടോഴ്‌സിനുണ്ട്.

140-ലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ജി എമ്മിന്റെ വ്യാവസായിക വാണീജ്യ മേഖല. ജനറല്‍ മോട്ടോഴ്സ് നാല് ബിസിനസ് സെഗ്മെന്റുകളായി തിരിച്ചിരിക്കുന്നു. ജി എം നോര്‍ത്ത് അമേരിക്ക , ജി എം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ്, ക്രൂയിസ്, ജി എം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഈ നാല് സെഗ്മെന്റുകള്‍.

ജി എം 2004 മുതല്‍ 2012 വരെ ലോക ടൂറിംഗ് കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജനറല്‍ മോട്ടോഴ്‌സ് പങ്കാളികളാണ്. 24 മണിക്കൂര്‍ ലെ മാന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് മോട്ടോര്‍സ്‌പോര്‍ട്ട് ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് 2020 ല്‍ കമ്പനി മത്സരത്തില്‍ നിന്ന് വിട്ടു നിന്നു. 2018 ഒക്ടോബറില്‍, ജി എം സെല്‍ഫ് ഡ്രൈവിംഗ് കാര്‍ യൂണിറ്റില്‍ 2.75 ബില്യണ്‍ ഡോളര്‍ ഹോണ്ട നിക്ഷേപിച്ചു. തുടക്കത്തില്‍ സ്ഥാപനം 275 മില്യണ്‍ ഡോളറിന്റെ പ്രാരംഭ നിക്ഷേപമാണ് പ്രഖ്യാപിച്ചത്.

ആഗോള സാമ്പത്തിക മാന്ദ്യം ജി എമ്മിനേയും കാര്യമായി തന്നെ ബാധിച്ചു. പലരാജ്യങ്ങളിലേയും ഓപറേഷന്‍സ് ജി എമ്മിന് നിര്‍ത്തേണ്ടിവന്നു. ഇന്ത്യയില്‍ ഷെവര്‍ലെയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചു. പ്ലാന്റുകള്‍ അടച്ച കമ്പനി പതിയെ സര്‍വ്വീസ് സെന്ററുകളും അടച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുഎന്‍ പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരാനും വാഹന മലിനീകരണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനുമുള്ള ഉത്തരവുകളില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് ജി എം മോട്ടോഴ്‌സും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 2040-ഓടെ കാര്‍ബണ്‍-നെറ്റ് സീറോ ആകാനുള്ള പദ്ധതിയുടെ ഭാഗമായി 2035-ഓടെ ഫോസില്‍-ഇന്ധന വാഹനങ്ങളുടെ (ഹൈബ്രിഡുകളുംപ്ലഗ്-ഇന്‍ ഹൈബ്രിഡുകളും ഉള്‍പ്പെടെ) ഉല്‍പ്പാദനവും വില്‍പ്പനയും അവസാനിപ്പിക്കുമെന്ന് 2021 ജനുവരി 28-ന് ജി എം പ്രഖ്യാപിച്ചു. ഇത് ജനറല്‍ മോട്ടോഴ്സിനെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായി മാറാനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള രാജ്യത്തിന്റെ പദ്ധതികളില്‍ മുന്‍നിര പങ്കാളിയാകാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News