കൂടുതല്‍ യുഎസ് നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസിന് എയര്‍ഇന്ത്യ

  • ലോസ് ഏഞ്ചല്‍സും ബോസ്റ്റണും സാധ്യതയുള്ള നഗരങ്ങളായി പരിഗണിക്കപ്പെടുന്നു
  • അഞ്ചിലധികം യുഎസ് നഗരങ്ങളിലേക്ക് ഇപ്പോള്‍ നേരിട്ട് സര്‍വീസുണ്ട്
  • ഇന്ത്യാക്കാരുടെ യുഎസ് സഞ്ചാരം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി

Update: 2023-07-27 10:18 GMT

ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെയുള്ള കൂടുതല്‍ യുഎസ് നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസുകള്‍ നടത്താന്‍ എയര്‍ഇന്ത്യ. ഇതിനായി വിവിധ പദ്ധതികള്‍ കമ്പനി പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍, വാഷിംഗ്ടണ്‍, ഡിസി, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ചിക്കാഗോ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നീ അഞ്ച് അമേരിക്കന്‍ നഗരങ്ങളിലേക്ക് എയര്‍ലൈന്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകള്‍ നടത്തുന്നുണ്ട്.

ലോസ് ഏഞ്ചല്‍സും ബോസ്റ്റണും ഇന്ത്യയില്‍ നിന്നുള്ള ദീര്‍ഘദൂര വിമാനങ്ങള്‍ക്ക് സാധ്യതയുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങളായി വിലയിരുത്തപ്പെടുന്ന നഗരങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് കമ്പനി വിലയിരുത്തുന്നു. നിലവില്‍ യുണൈറ്റഡ് എയര്‍ലൈന്‍സുമായി എയര്‍ ഇന്ത്യയ്ക്ക് കോഡ് ഷെയര്‍ പങ്കാളിത്തമുണ്ട്.

'യുഎസില്‍ കമ്പനി അതിന്റെ അടിത്തറ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നു.പുതിയ ലക്ഷ്യ സ്ഥാനങ്ങള്‍ക്കായി വിവിധ നഗരങ്ങളെ വിലയിരുത്തുകയാണ്. ബോസ്റ്റണ്‍ അതിലൊന്നാണ്, ലോസ് ഏഞ്ചല്‍സും വിലയിരുത്തപ്പെടുന്ന നഗരങ്ങളില്‍ ഉള്‍പ്പെടുന്നു,' കമ്പനിയുടെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒരു പുതിയ ലക്ഷ്യസ്ഥാനം ആരംഭിക്കുന്നതിന്, നിരവധി ഘടകങ്ങള്‍ പരിശോധിക്കേണ്ടതേണ്ടതുണ്ട്. ഏതുതരം വിമാനങ്ങള്‍ സര്‍വീസ് നടത്തും, പൈലറ്റ് ശക്തി, റൂട്ടിലെ ട്രാഫിക് വോളിയം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യോമയാന വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നിലവിലെ പൈലറ്റ് ശക്തി, ക്യാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരുടെ പരിശീലനം പുതിയ ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തില്‍ വിന്യസിക്കേണ്ട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് സ്രോതസ് വെളിപ്പെടുത്തി.

വിവിധ അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ധാരാളം ഇന്ത്യന്‍ പൗരന്മാരോ ഇന്ത്യന്‍ വംശജരായ ആളുകളോ യുഎസില്‍ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നു. ഇന്ത്യക്കാരുടെ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് യുഎസ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ പുനരുജ്ജീവന പാതയിലാണെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ഒരു എയര്‍ലൈനിന്റെ ഏറ്റവും വലിയ വിമാന ഓര്‍ഡറുകളിലൊന്നായ എയര്‍ ഇന്ത്യ ഈ വര്‍ഷം ഫെബ്രുവരിയില്‍ എയര്‍ബസില്‍ നിന്നും ബോയിംഗില്‍ നിന്നും 470 നാരോ ബോഡി, വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മൊത്തം ഡീല്‍ മൂല്യം 80 ബില്യണ്‍ ഡോളറാണ്.

യൂറോപ്യന്‍ ഏവിയേഷന്‍ കമ്പനിയായ എയര്‍ബസില്‍ നിന്ന് 40 വൈഡ് ബോഡി എ350 വിമാനങ്ങള്‍ ഉള്‍പ്പെടെ 250 വിമാനങ്ങളും യുഎസ് വിമാന നിര്‍മാതാക്കളായ ബോയിംഗില്‍ നിന്ന് 220 വിമാനങ്ങളും പ്രത്യേക കരാറുകള്‍ക്ക് കീഴില്‍ എയര്‍ ഇന്ത്യ വാങ്ങും. വരും വര്‍ഷങ്ങളില്‍ എയര്‍ബസും ബോയിംഗും വിതരണം ചെയ്യാന്‍ പോകുന്ന വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് 6,500-ലധികം പൈലറ്റുമാര്‍ വേണ്ടിവരുമെന്ന് നേരത്തെ കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

'ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരണം എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ള വിഷയമാണ്, അതിലുപരിയായി എയര്‍ ഇന്ത്യ, ദേശീയ വിമാനക്കമ്പനി ആയിരുന്നു. അതിനെ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ഏറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിയിരുന്നു. ഒരുപാട് വികാരങ്ങള്‍ അതിനോട് ബന്ധപ്പെട്ടിരിക്കുന്നു' ഒരു ഉദ്യോസ്ഥന്‍ പറഞ്ഞു.

'എയര്‍ ഇന്ത്യ ഒരു ദേശീയ വിമാനക്കമ്പനിയായി വിജയിക്കാനും അതിജീവിക്കാനും എല്ലാവരും ആഗ്രഹിക്കുന്നു. രണ്ടാമതായി, ഏറ്റവും പ്രധാനമായി ഇത് സംഭവിച്ചത് ടാറ്റ ആയതുകൊണ്ടാണ്, ആ പേര് ഉണര്‍ത്തുന്ന തരത്തിലുള്ള വിശ്വാസമാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്,' ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

കൂടാതെ, ബ്രാന്‍ഡിലോ ഒരു വ്യക്തി എന്ന നിലയിലോ വിശ്വാസമുണ്ടെങ്കില്‍, 'നിങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാം, ആളുകള്‍ നിങ്ങളെ പിന്തുണയ്ക്കാനും നിങ്ങളുമായി ബിസിനസ് ചെയ്യാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും എത്തും' എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News