'നന്ദിനി'യുടെ വരവ് അധാര്‍മികമെന്ന് മില്‍മ
- സംസ്ഥാനങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കും
- സഹകരണ മനോഭാവത്തിന്റെ ലംഘനമെന്നും ആരോപണം
ചില സംസ്ഥാനങ്ങളില്‍ മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനുകള്‍ അവരുടെ സംസ്ഥാനങ്ങളുടെ അതിരുകള്‍ ഭേദിച്ച് മറ്റ് വിപണികളില്‍ സജീവമാകുന്നത് അധാര്‍മികമാണെന്ന് മില്‍മ ഉടമകളായ കേരള കോ-ഓപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്). കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ തങ്ങളുടെ നന്ദിനി ബ്രാന്‍ഡിലുള്ള പാലും മറ്റുല്‍പ്പന്നങ്ങളും വില്‍ക്കുന്നതിന് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നതിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു മില്‍മയുടെ പ്രതികരണം.
രാജ്യത്തെ ദശലക്ഷക്കണക്കിന് ക്ഷീര കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി രാജ്യത്തെ ക്ഷീര വ്യവസായ രംഗത്ത് പുലര്‍ത്തിപ്പോന്ന സഹകരണ മനോഭാവത്തിന് നിരക്കാത്ത നീക്കമാണ് കര്‍ണാടക ഫെഡറേഷന്‍ നടത്തിയതെന്ന് കെസിഎംഎംഎഫ് പറയുന്നു. ചില സംസ്ഥാനങ്ങളിലെ മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനുകള്‍ക്കിടയില്‍ ഈ പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് എന്നതിനൊപ്പം ഡോ. വര്‍ഗീസ് കുര്യനും ത്രിഭുവന്‍ ദാസ് പട്ടേലും പോലുള്ള പ്രഗത്ഭര്‍ സൃഷ്ടിച്ച് വളര്‍ത്തിയെടുത്ത ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.
അമുല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കര്‍ണാടകയില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചത് അവിടത്തെ ക്ഷീരവ്യവസായത്തില്‍ നിന്ന് വലിയ തോതിലുള്ള എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഇതില്‍ ഒരു സമവായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും സംസ്ഥാന ഫെഡറേഷനുകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മല്‍സരം ഒഴിവാക്കപ്പെടണമെന്നും മില്‍മ ആവശ്യപ്പെടുന്നു.
വില നിര്‍ണയത്തിലും ഉല്‍പ്പാദന ചെലവിലും വിവിധ സംസ്ഥാനങ്ങളിലുള്ള അന്തരം മുതലെടുക്കുന്നതിനാണ് പല ഫെഡറേഷനുകളും ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പാലുല്‍പ്പാദനത്തിന്റെ ചെലവ് അധികമാണെന്നും എങ്കിലും തങ്ങളുടെ വരുമാനത്തിന്റെ 83 ശതമാനത്തോളം മില്‍മ കര്‍ഷകര്‍ക്കു കൈമാറുകയാണെന്നും കെ.എസ്. മണി പറഞ്ഞു.