അരാംകോ ചെയര്‍മാനെ ഡയറക്ടറാക്കി നിയമനം; എതിര്‍ത്ത് 16% റിലയന്‍സ് ഓഹരി ഉടമകള്‍
- പ്രമേയത്തെ അനുകൂലിച്ച് 83.97 ശതമാനം വോട്ട് രേഖപ്പെടുത്തി
- അല്‍ റുമയ്യനെ വീണ്ടും നിയമിക്കുന്നതിന് അംഗീകാരം നല്‍കിയതായി കമ്പനി അറിയിച്ചു.
- അല്‍-റുമയ്യന്‍, 2021 ലാണ് റിലയന്‍സ് ബോര്‍ഡില്‍ മൂന്ന് വര്‍ഷത്തേക്ക് ആദ്യമായി നിയമിതനായത്
സൗദി അരാംകോ ചെയര്‍മാന്‍ യാസിര്‍ ഒത്മാന്‍ എച്ച് അല്‍-റുമയ്യനെ കമ്പനിയുടെ ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടറായി നിയമിക്കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 16 ശതമാനത്തിലധികം ഓഹരി ഉടമകള്‍ എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ പ്രമേയത്തെ അനുകൂലിച്ച് 83.97 ശതമാനം വോട്ട് രേഖപ്പെടുത്തി.
റിലയന്‍സ് ഓഹരി ഉടമകള്‍ തപാല്‍ ബാലറ്റിലൂടെ അല്‍ റുമയ്യനെ വീണ്ടും നിയമിക്കുന്നതിനും ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടര്‍മാരായി ഹൈഗ്രേവ് ഖൈതാനെ നിയമിക്കുന്നതിനും അംഗീകാരം നല്‍കിയതായി കമ്പനി അറിയിച്ചു. ദീര്‍ഘകാല കമ്പനി എക്‌സിക്യൂട്ടീവായ പി എം എസ് പ്രസാദിനെ 5 വര്‍ഷത്തേക്ക് വീണ്ടും ഡയറക്ടറായി നിയമിക്കുന്നതിനും അവര്‍ അംഗീകാരം നല്‍കി. അല്‍ റുമയ്യനെ പുനര്‍നിയമിക്കുന്നതിനുള്ള പ്രമേയത്തെ അനുകൂലിച്ച് 83.97 ശതമാനം വോട്ട് ചെയ്തപ്പോള്‍ 16.02 ശതമാനം പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളില്‍ ഒന്നായ സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ തലവന്‍ കൂടിയായ അല്‍-റുമയ്യന്‍, 2021 ലാണ് റിലയന്‍സ് ബോര്‍ഡില്‍ മൂന്ന് വര്‍ഷത്തേക്ക് ആദ്യമായി നിയമിതനായത്. അദ്ദേഹത്തിന്റെ ആദ്യ കാലാവധി 2024 ജൂലൈ 18 ന് അവസാനിക്കും. ഇപ്പോള്‍ അദ്ദേഹത്തെ 2029 ജൂലൈ 18 വരെ വീണ്ടും നിയമിച്ചു.
ഖൈതാന്‍ ആന്‍ഡ് കോയുടെ പങ്കാളിയായ ഖൈതാന്‍, 2024 ഏപ്രില്‍ 1 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടറായി നിയമിതനായി. എന്നാല്‍ അദ്ദേഹത്തിന്റെ നിയമനത്തിനുള്ള പ്രമേയത്തിലും ഏകദേശം 13 ശതമാനം ഓഹരി ഉടമകള്‍ എതിരെ വോട്ട് ചെയ്തു. 87.15 ശതമാനം ഷെയര്‍ഹോള്‍ഡര്‍മാര്‍ അദ്ദേഹത്തിന്റെ നിയമനത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി എക്‌സ്‌ചേഞ്ച് ഫയലിംഗ് വ്യക്തമാക്കുന്നു.