സമ്പദ്ഘടനയെ സ്വാധീനിക്കും പെട്രോളിയം വ്യവസായം

ഊര്‍ജ്ജ സ്രോതസ്സുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതനുസരിച്ച് ഓരോ സമ്പദ് വ്യവസ്ഥയുടേയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

Update: 2022-01-17 00:35 GMT

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പെട്രോളിയത്തിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇന്ധന ഉപഭോഗം രാജ്യങ്ങളെ സാമ്പത്തിക വളര്‍ച്ചില്‍ എത്തിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ എണ്ണയും പ്രകൃതി വാതകവും സാമ്പത്തിക വികസനത്തെ അനുകൂലമായും പ്രതികൂലമായും നേരിട്ടോ അല്ലാതെയോ ബാധിക്കാനിടയുണ്ട്.

ആഗോള വ്യാപാരത്തില്‍ പെട്രോളിയം ഉത്പന്നത്തിന്റെ പങ്ക്, സാമ്പത്തിക രംഗത്തെയും രാഷ്ട്രീയ രംഗത്തെയും ഒരുപോലെ സ്വാധീനിക്കുന്നു. ക്രൂഡോയിലും പ്രകൃതി വാതകവും അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം നടക്കുന്ന പ്രധാന വസ്തുക്കളാണ്.

എണ്ണയുടെയും എണ്ണ ഉത്പന്നങ്ങളുടെയും ചരക്ക് നീക്കം വളരെ വേഗത്തിലും കുറഞ്ഞ വിലയിലും ചെയ്യാവുന്നതാണ്. അങ്ങനെ പ്രകൃതി വാതകവും വളരെ ചെറിയ തോതില്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നു. എണ്ണ കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്.

ഊര്‍ജ്ജ സ്രോതസ്സുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതനുസരിച്ച് ഓരോ സമ്പദ് വ്യവസ്ഥയുടേയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനനുസൃതമായി സാമ്പത്തിക വളര്‍ച്ചയില്‍ എണ്ണവിപണിയുടെ ഉപഭോഗവും സ്വാധീനവും വ്യത്യാസപ്പെടുന്നു.

ഊര്‍ജ്ജ ഉപഭോഗം സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നിടത്ത്, ഊര്‍ജ്ജ ഉപഭോഗം ജിഡിപിയുമായും ബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായിക മേഖലയില്‍ ഈ നേരിട്ടുള്ള ബന്ധം ശക്തമാണ്, അവിടെ ഉത്പ്പാദനക്ഷമത മറ്റ് മേഖലകളേക്കാള്‍ കൂടുതലാണ്.

ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ നികുതി സമാഹരണം 88 ശതമാനം ഉയര്‍ന്ന് 3.35 ട്രില്യണ്‍ രൂപയായി. പെട്രോളിയം ഉത്പ്പന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ റെക്കോര്‍ഡ് ഉയരത്തിലേക്ക് കൂട്ടിയതാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എണ്ണ ആവശ്യകതയിലുണ്ടായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ വിപണി കരുത്താര്‍ജിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് പെട്രോളിയം ഉത്പന്നങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഏഷ്യന്‍ വിപണി. വളര്‍ച്ചാ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഏഷ്യയില്‍ എണ്ണ മേഖലയിലെ വളര്‍ച്ചയെ നയിക്കുന്ന ശക്തികളായി ഇന്ത്യയും ചൈനയും തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

Tags:    

Similar News