ഇന്ത്യയുടെ വ്യോമഗതാഗത മേഖലയെ അറിയാം
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെയും അമേരിക്കയെയും മറികടന്ന് ലോകത്തിലെ ഒന്നാമത്തെ വലിയ എയര്‍ പാസഞ്ചര്‍ വിപണിയായി മാറുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു
ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെയും അമേരിക്കയെയും മറികടന്ന് ലോകത്തിലെ ഒന്നാമത്തെ വലിയ എയര്‍ പാസഞ്ചര്‍ വിപണിയായി മാറുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു.
2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ യാത്രക്കാരുടെ എണ്ണം 115.37 ദശലക്ഷമാണ്. 2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 105.2 ദശലക്ഷമായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നത്.
വര്‍ധിച്ചുവരുന്ന വ്യോമഗതാഗതം കണക്കിലെടുത്ത് വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 2020ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 153 വിമാനത്താവളങ്ങളാണുള്ളത്. 2040 സാമ്പത്തിക വര്‍ഷത്തോടെ പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 190-200 ആയി ഉയര്‍ത്താനാണ് ഇന്ത്യ വിഭാവനം ചെയ്തിരിക്കുന്നത്.
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി പി ഐ ഐ ടി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2000 ഏപ്രിലിനും 2021 ജൂണിനുമിടയില്‍ ഇന്ത്യയുടെ വ്യോമഗതാഗത മേഖലയില്‍ (വിമാന ചരക്ക് ഉള്‍പ്പെടെ) ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് (എഫ് ഡി ഐ; FDI) നിക്ഷേപം 3.06 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
2021 മാര്‍ച്ചില്‍, ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആസാമില്‍ രണ്ട് വാട്ടര്‍ എയറോഡ്രോമുകളും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നാല് വാട്ടര്‍
എയറോഡ്രോമുകളും സ്ഥാപിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2021 ജനുവരി 19ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ; AAI) ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നീ മൂന്ന് വിമാനത്താവള നടത്തിപ്പിനായി അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പുവച്ചു.