ലെക്‌സസ്

ലോകമെമ്പാടും 70-ലധികം രാജ്യങ്ങളില്‍ ലെക്‌സസ് ബ്രാന്‍ഡ് വിപണനം ചെയ്യുന്നു.

Update: 2022-01-10 05:01 GMT

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ മീഡിയം റേഞ്ച് മോഡല്‍ വാഹനങ്ങളില്‍ ഒന്നായിരുന്നു ടൊയോട്ടയുടെ ഇന്നോവ. ടൊയോട്ട എന്ന ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ ആഡംബര വാഹന വിഭാഗമാണ് ലെക്‌സസ്. ലോകമെമ്പാടും 70-ലധികം രാജ്യങ്ങളില്‍ ലെക്‌സസ് ബ്രാന്‍ഡ് വിപണനം ചെയ്യുന്നു. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം കാറു കൂടിയാണ് ലെക്‌സസ്.

വിപണി മൂല്യത്തില്‍ ഏറ്റവും വലിയ 10 ജാപ്പനീസ് ഗ്ലോബല്‍ ബ്രാന്‍ഡുകളില്‍ ലെക്‌സസ് ഇടം നേടിയിട്ടുണ്ട്. ജപ്പാനിലെ നഗോയയിലാണ് ലെക്‌സസിന്റെ ആസ്ഥാനം. ബെല്‍ജിയത്തിലെ ബ്രസ്സല്‍സിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ടെക്‌സാസിലെ പ്ലാനോയിലുമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ജാപ്പനീസ് എതിരാളികളായ ഹോണ്ടയും നിസ്സാനും യഥാക്രമം അവരുടെ അക്യൂറ, ഇന്‍ഫിനിറ്റി ലക്ഷ്വറി ഡിവിഷനുകള്‍ തുടങ്ങിയ അതേ സമയത്താണ് പുതിയ പ്രീമിയം സെഡാന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ടൊയോട്ട ലെക്‌സസ് ആരംഭിക്കുന്നത്. എഫ്1(F1) എന്ന് പേരിട്ട ആദ്യ മോഡല്‍ 1983 ല്‍ ലോഞ്ചിംഗ് ആയപ്പോള്‍ ലെക്‌സസ് എല്‍എസ്(LS )എന്ന് മാറ്റി.

പിന്നീട് ഈ ഡിവിഷനില്‍ സെഡാന്‍, കൂപ്പെ, കണ്‍വേര്‍ട്ടബിള്‍, എസ് യു വി എന്നീ മോഡലുകള്‍ ലെക്‌സസ് അവതരിപ്പിച്ചു. 2005 വരെ ലെക്‌സസ് അതിന്റെ മാതൃ വിപണിയില്‍ ഒരു ബ്രാന്‍ഡായി നിലവിലില്ലായിരുന്നു. പകരം 1989 മുതല്‍ 2005 വരെ ലെക്‌സസ് എന്ന പേരില്‍ അന്താരാഷ്ട്രതലത്തില്‍ വിപണനം ചെയ്യപ്പെട്ട എല്ലാ വാഹനങ്ങളും ജപ്പാനില്‍ ടൊയോട്ട മാര്‍ക്കിലാണ് തത്തുല്യമായ മോഡലുകളുടെ പേരില്‍ പുറത്തിറക്കിയത്.

2000 മുതല്‍, ലെക്‌സസ് അതിന്റെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. ലെക്‌സസ് ബ്രാന്‍ഡ് പിന്നീട് തെക്കുകിഴക്കന്‍ ഏഷ്യ, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, മറ്റ് പ്രദേശങ്ങളിലും നിരവധി വിപണികളിലും ഹൈബ്രിഡ് വാഹനങ്ങള്‍ അവതരിപ്പിച്ചു.

2005-ല്‍, ആര്‍എക്‌സ്(RX) ക്രോസ്ഓവറിന്റെ ഒരു ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി. 2007-ല്‍ ഐഎസ്എഫ്(ISF) സ്പോര്‍ട് സെഡാന്റെ അരങ്ങേറ്റത്തോടെ ലെക്സസ് സ്വന്തം എഫ്(F )മാര്‍ക്ക്
പെര്‍ഫോമന്‍സ് ഡിവിഷന്‍ ആരംഭിച്ചു. തുടര്‍ന്ന് 2009-ല്‍ എല്‍എഫ്എ(LFA) സൂപ്പര്‍കാറും പുറത്തിറക്കി.

ലെക്‌സസ് വാഹനങ്ങള്‍ പ്രധാനമായും ജപ്പാനിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. രാജ്യത്തിന് പുറത്തെ ആദ്യത്തെ ലെക്‌സസിന്റെ നിര്‍മ്മാണം 2003ലാണ് ആരംഭിക്കുന്നത്. 2001 മുതല്‍ 2005 വരെയുള്ള കോര്‍പ്പറേറ്റ് പുനഃസംഘടനയെത്തുടര്‍ന്ന്, ലെക്‌സസ് സ്വന്തം ഡിസൈന്‍, എഞ്ചിനീയറിംഗ്, നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചു.

മുന്‍നിര വാഹനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി കൊണ്ട് 2016ല്‍ രണ്ട് ഡോര്‍ എല്‍സി 500(LC500) മോഡല്‍ ലെക്‌സസ് പുറത്തിറക്കി. വി6(V6) ഹൈബ്രിഡ് വേരിയന്റായ എല്‍സി500എച്ച് (LC500h ) പിന്നീട് കമ്പനി വിപണിയിലെത്തിച്ചു.ആര്‍എക്‌സ്450എച്ച് (RX450h), എല്‍എക്‌സ്450ഡി(LX450d), എല്‍എക്‌സ്570(LX570), ഇഎസ്300എച്ച്(ES300h),എന്‍എക്‌സ്(NX) ,എല്‍എസ്(LS )എന്നീ മോഡലുകള്‍ക്കൊപ്പം ലെക്‌സസ് ബ്രാന്‍ഡ് 2017-ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

മുംബൈ, ഡല്‍ഹി, ഗുഡ്ഗാവ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ 2017 മാര്‍ച്ചില്‍ പ്രവര്‍ത്തനക്ഷമമായി. 2017 അവസാനത്തോടെ ചണ്ഡീഗഡ്, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ രണ്ടാം സെറ്റ് ഡീലര്‍ഷിപ്പുകള്‍ തുറന്ന് ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഇത് മെഴ്സിഡസ് ബെന്‍സ്, പോര്‍ഷെ, ബിഎംഡബ്ല്യു, ഔഡി എന്നിവയ്ക്ക് ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ആഡംബര ബ്രാന്‍ഡായി ലെക്സസിനെ മാറ്റി.

Tags:    

Similar News