20 ലക്ഷം പേര്‍ക്കു തൊഴില്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കും: മന്ത്രി വി ശിവന്‍കുട്ടി
- ജോബ് ഫെയര്‍ ആരംഭിച്ചതു മുതല്‍ വര്‍ഷം തോറും ഇതില്‍ പങ്കെടുക്കുന്ന കമ്പനികളുടെയും ഉദ്യോഗാര്‍ഥികളുടെയും എണ്ണത്തിലും ജോലി ലഭിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകുന്നുണ്ട്
നിലവിലെ സര്‍ക്കാരിന്റെ കാലത്ത് 20 ലക്ഷം പേര്‍ക്കു തൊഴില്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമേ സ്വകാര്യ മേഖലയിലെ തൊഴില്‍ ദാതാക്കളെയും ഉള്‍പ്പെടുത്തി പരമാവധി പേര്‍ക്കു തൊഴില്‍ നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിച്ച മെറിട്ടോറിയ-23 ജോബ്‌ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2022ലെ ഓള്‍ ഇന്ത്യാ ട്രേഡ് ടെസ്റ്റിലെ ദേശീയതല റാങ്ക് ജേതാക്കള്‍ക്കുള്ള ആദരം, സ്‌പെക്ട്രം ജോബ് ഫെയര്‍ 2023ന്റെ ഉദ്ഘാടനം, ദത്ത് ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം, വകുപ്പിന്റെ സമ്പൂര്‍ണ ഇ-ഓഫിസ് പ്രഖ്യാപനം എന്നിവയും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
വ്യാവസായിക പരിശീലന വകുപ്പ് എല്ലാ ജില്ലകളിലും നോഡല്‍ ഐടിഐകളില്‍ ജനുവരി 23വരെ ഈ വര്‍ഷത്തെ ജോബ് ഫെയര്‍ സംഘടിപ്പിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഈ ജോബ് ഫെയറുകളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുളള പ്രശസ്ത കമ്പനികളും കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും തൊഴില്‍ ദാതാക്കളായി പങ്കെടുക്കുന്നുണ്ട്.
2021-22 വര്‍ഷം നടത്തിയ ജോബ് ഫെയറില്‍ 13,360 ട്രെയിനികള്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തു. 663 കമ്പനികളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കുത്ത ജോബ് ഫെയറില്‍ 6243 ട്രെയിനികള്‍ ജോലി നേടി. ജോബ് ഫെയര്‍ ആരംഭിച്ചതു മുതല്‍ വര്‍ഷം തോറും ഇതില്‍ പങ്കെടുക്കുന്ന കമ്പനികളുടെയും ഉദ്യോഗാര്‍ഥികളുടെയും എണ്ണത്തിലും ജോലി ലഭിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകുന്നുണ്ട്. അടുത്ത ജോബ് ഫെയറില്‍ ദേശീയതലത്തിലുള്ള തൊഴില്‍ ദാതാക്കളെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വികെ പ്രശാന്ത് എംഎല്‍എ. അധ്യക്ഷത വഹിച്ചു. എഎ റഹീം എംപി, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി വിജു മോഹന്‍, വ്യവസായ പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ വീണ എന്‍ മാധവന്‍, അഡിഷണല്‍ ഡയറക്ടര്‍ കെപി ശിവശങ്കരന്‍, കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് സിഇഒ ജീവ ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള ഇന്നു സമാപിക്കും.
ആദ്യ ദിനമായ ഇന്നലെ 49 കമ്പനികള്‍ 2500 ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ നടത്തി. ഇന്ന് 75 കമ്പനികളാണ് പങ്കെടുത്തത്. അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കാളികളായി.