ട്രേഡ് സീക്രട്ടുകള്‍ ചോര്‍ത്തി, മെറ്റക്കെതിരേ കേസുകൊടുക്കുമെന്ന് ട്വിറ്റര്‍

  • ബൗദ്ധിക സ്വത്തവകാശം ലംഘിക്കപ്പെട്ടെന്ന് ട്വിറ്റര്
  • മെറ്റയുടെ ത്രെഡ്‍സ് 30 മില്യണിലേറെ ഉപയോക്താക്കളിലേക്ക് എത്തി
  • എഞ്ചിനീയറിംഗ് ടീമില്‍ മുൻ ട്വിറ്റർ ജീവനക്കാരില്ലെന്ന് മെറ്റ

Update: 2023-07-07 04:18 GMT

ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് ബദല്‍ എന്ന പ്രതീതി ഉണര്‍ത്തി, ഫേസ്ബുക്ക് ഉടമകളായ മെറ്റ ഇന്നലെയാണ് ത്രെഡ്‍സ് ആപ്പ് ലോക വ്യാപകമായി പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഇലോണ്‍ മസ്കും മെറ്റ മേധാവിയായ മാര്‍ക്ക് സുക്കര്‍ബര്‍ഗും തമ്മിലുള്ള കുടിപ്പോര് മുറുകുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ട്വിറ്ററിന്‍റെ വ്യാപാര രഹസ്യങ്ങള്‍ ത്രെഡ്‍സ് ആപ്പിനായി മെറ്റ ചോര്‍ത്തിയെന്ന ആരോപണം ഇതിനകം ട്വിറ്റര്‍ ഉന്നയിച്ചുകഴിഞ്ഞു. ഇതിനകം 30 മില്യണില്‍ അധികം ഉപയോക്താക്കളെ നേടി ത്രെഡ്‍സ് വിജയകരമായി മുന്നേറുന്ന ഘട്ടത്തിലാണ് തങ്ങള്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍ രംഗത്തെത്തിയിട്ടുള്ളത്. 

ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും ത്രെഡ്‍സിനായി നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇലോൺ മസ്‌കിന്റെ അഭിഭാഷകൻ അലക്‌സ് സ്പിറോ തയാറാക്കിയ കത്ത് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെമഫോര്‍ എന്ന വെബ്സൈറ്റാണ് ആദ്യം ഈ കത്ത് പുറത്തുവിട്ടത്.  പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു കമന്‍റുമായി മസ്ത് തന്നെ ട്വിറ്ററില്‍ എത്തുകയും ചെയ്തു. 

"ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും മറ്റ് അതീവ രഹസ്യാത്മക വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടായിരുന്നതും ഇപ്പോഴും ഉള്ളതുമായ" ഡസൻ കണക്കിന് മുൻ ട്വിറ്റർ ജീവനക്കാരെ മെറ്റ നിയമിച്ചതായി കത്തിൽ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം കർശനമായി നടപ്പിലാക്കാനാണ് ട്വിറ്റര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍  ഏതെങ്കിലും ട്വിറ്റർ വ്യാപാര രഹസ്യങ്ങളോ മറ്റ് അതീവ രഹസ്യാത്മക വിവരങ്ങളോ ഉപയോഗിക്കുന്നത് എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ മെറ്റ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അലക്സ് സ്പിറോ ആവശ്യപ്പെട്ടു. 

"ബൗദ്ധിക സ്വത്തവകാശം ദുരുപയോഗം ചെയ്യുന്നത് തടയാൻ കൂടുതൽ അറിയിപ്പ് കൂടാതെ സിവിൽ പരിഹാരങ്ങളും ഇൻജക്റ്റീവ് റിലീഫും തേടാനുള്ള അവകാശം ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ എല്ലാ അവകാശങ്ങളും ട്വിറ്ററില്‍ നിക്ഷിപ്തമാണ്," കത്തില്‍ വിശദീകരിക്കുന്നു. 

എന്നാല്‍ ത്രെഡ്‌സിലെ എഞ്ചിനീയറിംഗ് ടീമിലുള്ള ആരും മുൻ ട്വിറ്റർ ജീവനക്കാരനല്ലെന്നാണ് തങ്ങളുടെ പ്രതികരണത്തില്‍ മെറ്റ വ്യക്തമാക്കിയിട്ടുള്ളത്. "ത്രെഡ്‌സ് എഞ്ചിനീയറിംഗ് ടീമിലെ ആരും മുൻ ട്വിറ്റർ ജീവനക്കാരനല്ല - അത് ഒരു കാര്യമേയല്ല," മെറ്റ വക്താവ് ആൻഡി സ്റ്റോൺ തന്‍റെ ത്രെഡ്‌സ് പോസ്റ്റിൽ പറഞ്ഞു.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ത്രെഡ്‍സ്. മസ്ക് നടപ്പാക്കിയ നിരന്തര പരിഷ്കരങ്ങള്‍ സ്ഥാപനത്തിനകത്തും ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയിലും അസംതൃപ്തിയും അനിശ്ചിതാവസ്ഥയും പടര്‍ത്തിയ സാഹചര്യമാണ് ത്രെഡ്സ് അവതരിപ്പിക്കുന്നതിന ് സുക്കര്‍ബര്‍ഗ് തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. 

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും, വളര്‍ന്നു വരുന്ന തങ്ങളുടെ എതിരാളികളുടെ സവിശേഷതകള്‍ വിജയകമായി പകര്‍ത്തുന്നതിന്‍റെ ചരിത്രം മുമ്പും ആരോപിക്കപ്പെട്ടിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളെ ലക്ഷ്യമിട്ടുള്ള ഷോട്ട് വീഡിയോ ആപ്പായ ടിക്ടോക് തരംഗമായതിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം ഇതിന് ബദലായി റീല്‍സ് അവതരിപ്പിച്ചത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ടിക്ടോക്കിന് വന്ന വിലക്ക് റീല്‍സിന് ഏറെ ഗുണകരമായി മാറുകയും ചെയ്തു. മറ്റ് ചില ടെക് കമ്പനികളുടെ ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും എതിരേ സമാനമായ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. 

ത്രെഡ്‍സ് ലോഞ്ച് ചെയ്തതിനു പിന്നാലെ മസ്കിന് വെല്ലുവിളി എന്ന് വ്യാഖ്യാനിക്കാവുന്ന ഒരു ട്വീറ്റുമായി സുക്കര്‍ബര്‍ഗ് ട്വിറ്ററില്‍ എത്തിയിരുന്നു. പതിനൊന്നു വര്‍ഷത്തിനു ശേഷം ആദ്യമായിട്ടായിരുന്നു തന്‍റെ ഒഫീഷ്യല്‍ ഹാന്‍ഡിലില്‍ നിന്ന് സുക്കര്‍ബര്‍ഗ് ട്വീറ്റ് ചെയ്തത്. 

Tags:    

Similar News