സ്ത്രീശാക്തീകരണത്തിന്റെ ഫുട്‌ബോള്‍ മാതൃകയുമായി ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍

  • അഞ്ചുപേരടങ്ങുന്നതായിരുന്നു ടീം.
  • മൊത്തം പന്ത്രണ്ട് ടീമുകളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്.
  • വരും വര്‍ഷങ്ങളില്‍ ഓള്‍ ഇന്ത്യ ലെവല്‍ കോര്‍പറേറ്റ് ചാമ്പ്യന്‍സ് ലീഗ് സംഘടിപ്പിക്കാനാണ് ശ്രമം.

Update: 2024-05-27 13:08 GMT

ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ സംഘടിപ്പിച്ച കോര്‍പറേറ്റ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ അഞ്ചാം ലക്കം സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി മാറി. ഇക്കുറി വനിതകള്‍ക്ക് വേണ്ടി മാത്രമാണ് സിസിഎല്‍ മത്സരം സംഘടിപ്പിച്ചത്. പന്ത്രണ്ട് ടീമുകള്‍ മാറ്റുരച്ച ലീഗ് മത്സരത്തില്‍ വിപ്രോ ടീം ഒന്നാം സ്ഥാനം നേടി.

2017 മുതലാണ് രാജേഷ് സി ആര്‍, ജോര്‍ജ്ജ് നെല്‍സണ്‍, അതുല്‍ കെ സി, ശ്യാം കിഷന്‍ എന്നിവര്‍ ചേര്‍ന്ന് ഇന്‍ഫോപാര്‍ക്കിലെ കമ്പനികള്‍ക്കായി കോര്‍പറേറ്റ് ചാമ്പ്യന്‍സ് ലീഗെന്ന പേരില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ലക്കങ്ങളിലും പെനാല്‍ട്ടി മത്സരങ്ങള്‍ പോലുള്ള ചെറിയ ഇനങ്ങളാണ് സ്ത്രീകള്‍ക്കായി നടത്തുന്നത്. ഇക്കുറി സ്ത്രീകള്‍ക്ക് തുല്യ അവസരം നല്‍കുന്നതിനും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം നല്‍കുന്നതിനും വേണ്ടിയാണ് വനിതകള്‍ക്ക് മാത്രമായി മത്സരം സംഘടിപ്പിക്കാമെന്ന് തീരുമാനിച്ചതെന്ന് രാജേഷ് പറഞ്ഞു.

മൊത്തം പന്ത്രണ്ട് ടീമുകളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. 17 ടീമുകള്‍ അപേക്ഷ നല്‍കിയിരുന്നു. തികച്ചും പ്രൊഫഷണലായി തന്നെയാണ് ടീമുകളുടെയും ടൂര്‍ണമെന്റിന്റെയും പരസ്യപ്രചാരണങ്ങള്‍ ചെയ്തത്. ഓട്ടോ തൊഴിലാളികള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, മാലിന്യം നീക്കം ചെയ്യുന്നവര്‍, നഴ്‌സുമാര്‍ തുടങ്ങിയ മേഖലയിലുള്ള സ്ത്രീകളെ അവരുടെ തൊഴിലിടങ്ങളില്‍ പോയി കണ്ടാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ സ്വീകാര്യതയാണ് ഇതിനു ലഭിച്ചതെന്നും രാജേഷും ജോര്‍ജ്ജും പറഞ്ഞു.




 


അഞ്ചുപേരടങ്ങുന്നതായിരുന്നു ടീം. ഇന്‍ഫോപാര്‍ക്കിന് സമീപം തന്നെയുള്ള ടര്‍ഫിലായിരുന്നു മത്സരങ്ങള്‍. രാജ്യാന്തര മത്സരങ്ങള്‍ സമാനമായ നിലവാരത്തിലുള്ള ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്. ഓരോ കളിയിലും ക്വീന്‍ ഓഫ് ദി മാച്ച് സമ്മാനങ്ങളും നല്‍കി.

ജയമോ, പരാജയമോ അല്ല മറിച്ച് വലിയ ആത്മവിശ്വാസം ഈ മത്സരങ്ങള്‍ നല്‍കിയെന്ന് ചാമ്പ്യന്‍ ടീമായ വിപ്രോയുടെ ക്യാപ്റ്റന്‍ അന്ന പറഞ്ഞു. മികച്ച സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയത്. കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നുള്ള റഫറിമാരും മറ്റ് മാച്ച് ഒഫീഷ്യല്‍സുമാണ് കളി നിയന്ത്രിക്കാനുണ്ടായിരുന്നത്. അവസരം ലഭിച്ചാല്‍ ഏതു രംഗത്തും തിളങ്ങാനാകുമെന്ന വിശ്വാസം കൂടി ഈ മത്സരങ്ങള്‍ നല്‍കിയെന്നും അവര്‍ പറഞ്ഞു. യുഎസ്ടി ഗ്ലോബല്‍ ടീമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

വരും വര്‍ഷങ്ങളില്‍ ഓള്‍ ഇന്ത്യ ലെവല്‍ കോര്‍പറേറ്റ് ചാമ്പ്യന്‍സ് ലീഗ് സംഘടിപ്പിക്കാനാണ് ശ്രമം. അടുത്ത കൊല്ലം മുതല്‍ പുരുഷാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകുമെന്നും രാജേഷ് പറഞ്ഞു.


Tags:    

Similar News