4.7 കോടി രൂപയുടെ വരുമാന തിളക്കത്തിൽ വിഴിഞ്ഞം തുറമുഖം

Update: 2024-10-17 07:58 GMT

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ വിജയകരമായി പുരോഗമിക്കുമ്പോൾ വരുമാനത്തിലും വൻ കുതിപ്പ്. 2024 ജൂലൈ 11-ന് ട്രയൽ റൺ  ആരംഭിച്ചത് മുതല്‍ ഒക്ടോബർ 1 വരെയുള്ള കണക്കുകൾ പ്രകാരം 19 കപ്പലുകളിലായി 4.7 കോടി രൂപ നികുതി ഇനത്തിൽ ലഭിച്ചു. ഇതുവരെ 26 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട് ബാക്കിയുള്ള കപ്പലുകളിൽ നിന്ന് ലഭിച്ച വരുമാനം കണക്കാക്കി വരുകയാണ്.

 68000-കണ്ടെയ്‌നറുകൾ ആണ് തുറമുഖം ഇതുവരെ കൈകാര്യം ചെയ്തത്. 28 ചരക്കു കപ്പലിൽ നിന്നാണ് ഇത്. പരീക്ഷണ കാലയളവിൽ ദക്ഷിണേന്ത്യയിലെ തുറമുഖങ്ങൾ കൈകാര്യം ചെയ്ത കണ്ടെയ്‌നറുകളുടെ മൊത്തം അളവിന്റെ 10 ശതമാനമാണിത്. പദ്ധതിയിലൂടെ 50 ശതമാനം തദ്ദേശീയർക്ക് തൊഴിൽ ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇതിനോടകം തുറമുഖത്ത് 56 ശതമാനം പേർക്ക് തൊഴിൽ ലഭിച്ചു.

24000 ത്തിലധികം കണ്ടെയ്നറുകൾ (TEU) വഹിക്കാൻ ശേഷിയുള്ളതാണ് വിഴിഞ്ഞം തുറമുഖം. MSC Claude Girardet എന്ന ഭീമൻ കപ്പൽ ദക്ഷിണേഷ്യയിൽ ആദ്യമായാണ് ഒരു തുറമുഖത്ത് ബെർത്ത് ചെയ്യുന്നത്. കൂടാതെ MSC Anna എന്ന കപ്പലിൽ നിന്നും 10,000-ത്തിലധികം കണ്ടെയ്നറുകൾ (TEU) കയറ്റിറക്കുകൾ ചെയ്തതിലൂടെ ഒരു കപ്പലിൽ ഏറ്റവും അധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത ഇന്ത്യയിലെ തുറമുഖം എന്ന നേട്ടവും വിഴിഞ്ഞത്തിന് ലഭിച്ചിരുന്നു. ഡിസംബർ മൂന്നിന് കമീഷനിങ് നടത്തി തുറമുഖം സമ്പൂർണ വാണിജ്യ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പുകളിലാണ്.

Tags:    

Similar News