ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സർക്കുലറിന് സ്റ്റേ ഇല്ല, മോട്ടോർ വാഹന വകുപ്പിന് ആശ്വാസം

പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

Update: 2024-05-03 06:42 GMT

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി.

ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള  സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരാണ്  കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്.

 ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സർക്കാറിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നുമാണ് ഹർജിക്കാരുടെ പ്രധാന വാദം. 

ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. 

കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്‌കാരം. പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു.




Tags:    

Similar News