കാർ ലൈസൻസ് എടുക്കൽ ഇനി എളുപ്പമല്ല
- പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചു
- പുതിയ പരിഷ്‌കാരങ്ങള്‍ക്കനുസരിച്ച് പരിശോധനാ കേന്ദ്രങ്ങള്‍കൂടി ഒരുക്കേണ്ടതുണ്ട്
- നിലവിലെ രീതിയനുസരിച്ച് ഏത് മൈതാനത്തും എച്ച് എടുക്കാം
മേയ് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ പരിഷ്‌കരണത്തിന് ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്.
പരിഷ്‌കാരം സംബന്ധിച്ച നിര്‍ദേശമറിയിക്കാന്‍ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചു.
'എച്ച് ' എടുത്ത് കാര്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ ഇനി കഴിയില്ല. പുതിയ മാനദണ്ഡമനുസരിച്ച് 'എച്ച്' ന് പുറമേ കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിംഗുമൊക്കെ പാസാകുന്നതിന് പുറമേ സമാന്തര പാര്‍ക്കിംഗ്, ആംഗുലാര്‍ പാര്‍ക്കിംഗ് എന്നിവയും കൃത്യമായ ചെയ്യണം. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്. നിലവിലെ രീതിയനുസരിച്ച് ഏത് മൈതാനത്തും എച്ച് എടുക്കാം.
പുതിയ പരിഷ്‌കാരങ്ങള്‍ക്കനുസരിച്ച് പരിശോധനാ കേന്ദ്രങ്ങള്‍കൂടി ഒരുക്കേണ്ടതുണ്ട്. എന്നാല്‍,ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളാണോ സര്‍ക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് 86 ഡ്രൈവിംഗ് പരിശോധനാ കേന്ദ്രങ്ങളാണുളളത്. ഇതില്‍ പത്തെണ്ണം മാത്രമാണ് മോട്ടോര്‍വാഹന വകുപ്പിന്റേത്.
ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിശദീകരിക്കാനായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പരിശോധനാകേന്ദ്രങ്ങള്‍ ഒരുക്കണമെന്നു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചിലര്‍ സമ്മതിച്ചില്ല.
നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്.