13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍
15,000 കോടി കൂടി വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു
13,600 കോടി കടമെടുക്കാന്‍ കേരള സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കി.
കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി 26,000 കോടി കടമെടുക്കാന്‍ അനുമതി നല്‍കാന്‍ ഉത്തരവിടണമെന്നായിരുന്നു കേരളം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു. എങ്കിലും 15000 കോടി കൂടി വേണ്ടി വരുമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബൽ വാദിച്ചത്.
രണ്ടു ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ ഈ സാമ്പത്തിക വര്‍ഷം വായ്പ എടുക്കാന്‍ കഴിയില്ല. അതിനാല്‍ 15,000 കോടി കൂടി വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഇന്നു വൈകീട്ടു തന്നെ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.