ഇനിയുയൊരു ‘വെള്ളാന നമുക്ക് വേണോ?
- 1000 കോടി രൂപ മൂലധനത്തിൽ സംസ്ഥാനത്ത് ഒരു വ്യാവസായിക പ്രോത്സാഹന ഏജൻസി കൂടി
- പുതിയ സ്ഥാപനത്തിന്റെ ജോലികൾ ഏറ്റെടുക്കാൻ കഴിവുള്ള ഏജൻസിയാണ് കിൻഫ്ര
- പല പൊതുസ്ഥാപനങ്ങളും ഇതിനകം തന്നെ കേരളത്തിന് ബാധ്യതയായി മാറിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാവസായിക പ്രോത്സാഹന ഏജൻസികളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനാൽ, 1000 കോടി രൂപയുടെ അംഗീകൃത മൂലധനത്തിൽ മറ്റൊന്നുകൂടി സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കയാണ് കേരള സർക്കാർ.
ഫെബ്രുവരി അഞ്ചിന് ബജറ്റ് പ്രസംഗത്തിലാണ് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ പദ്ധതി പ്രഖ്യാപിച്ചത്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസിൻ്റെയും (കെഎസ്എഫ്ഇ) പ്രവാസി മലയാളികളുടെ നേതൃത്വത്തിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെയും (കെഎഫ്‌സി) സഹകരണത്തോടെയാണ് പുതിയ കമ്പനി രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു..
ഒരു പ്രത്യേക കമ്പനി രൂപീകരിച്ച് കേരളത്തിൽ വ്യവസായങ്ങൾക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തി അത് സമാഹരിച്ച് 146 സംരംഭകർക്ക് വിതരണം ചെയ്ത്.അതിലൂടെ സമ്പദ്ഘടനക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രയോജനപ്പെടുത്തുകയെന്നതാണ് ഉദ്ദേശം," ബാലഗോപാൽ പറഞ്ഞു.
യഥാർത്ഥത്തിൽ, കേരളത്തിൽ എണ്ണമറ്റ വ്യവസായ പ്രോത്സാഹന ഏജൻസികളുണ്ട്, കൂടാതെ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കിൻഫ്ര; KINFRA) ധനമന്ത്രി പുതുതായി പ്രഖ്യാപിച്ച സ്ഥാപനത്തിനായി നീക്കിവച്ചിരിക്കുന്ന ജോലികൾ ഏറ്റെടുക്കാൻ പ്രത്യേകം ഉദ്ദേശിച്ചുള്ള ഒരു ഏജൻസിയാണ്.
കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്ന വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പട്ടികയിൽ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെഐഐഡിസി; KIIDC), കിൻഫ്ര, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി, KSIDC), കേരള ലാൻഡ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെഎൽഡിസി, KLDC), കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ, SIDCO), കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി, KFC).എന്നിവ ഉൾപ്പെടുന്നു.
"ഇത്രയും കൂടുതൽ വ്യവസായ പ്രോത്സാഹന ഏജൻസികൾ കേരളത്തിന് ആവശ്യമില്ല," കേരള സർക്കാരിൻ്റെ പൊതുമേഖലാ പുനഃക്രമീകരണ, ഇൻ്റേണൽ ഓഡിറ്റ് ബോർഡിൻ്റെ (റിയാബ്, RIAB) മുൻ ചെയർമാൻ ഡോ എം പി സുകുമാരൻ നായർ മൈഫിൻപോയിൻ്റിനോട് സംസാരിച്ചപ്പോൾ പറഞ്ഞു..
“വളരെ വലിയ വ്യാവസായിക പ്രവർത്തനങ്ങളുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് രണ്ടോ മൂന്നോ സ്ഥാപനങ്ങളിൽ കൂടുതൽ ഇല്ല. ഇത്തരം കമ്പനികൾ പണം കവർന്നെടുക്കുന്നവയായി തുടരും, നമ്മുടെ വ്യാവസായിക വളർച്ചയ്ക്ക് അധികമായി ഒന്നും സംഭാവന ചെയ്യാൻ ആയ്ക്കാവില്ല," ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സംസ്ഥാനത്തിൻ്റെ നടത്തിപ്പിന് ഒഴിച്ചുകൂടാനാവാത്തവയാണെങ്കിൽ പോലും കെഎസ്ആർടിസി, കെഎസ്ഇബിഎൽ, കേരള വാട്ടർ അതോറിറ്റി (കെഡബ്ല്യുഎ) തുടങ്ങിയ സർക്കാർ ഉണടമസ്ഥതയിലുള്ള പൊതു ഉപയോഗ സേവന കമ്പനികൾ ഇതിനകം തന്നെ കേരളത്തിന് സാമ്പത്തിക ബാധ്യതയായി മാറിയിട്ടുണ്ട്.
നിലവിലെയും മുൻ കെഎസ്ആർടിസി ജീവനക്കാരുടെയും ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നത് കുറച്ച് വർഷങ്ങളായി സർക്കാരിന് കടുത്ത വെല്ലുവിളിയാണ്.
വിരമിച്ച കെഎസ്ഇബി ജീവനക്കാർക്കുള്ള പെൻഷൻ തുക കെഎസ്ഇബി മാനേജ്മെൻ്റിനും സർക്കാരിനും ഉറക്കമില്ലാത്ത രാത്രികൾ നൽകിത്തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്.
മാത്രമല്ല, 2023 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം കെഎസ്ഇബിക്ക് ഏകദേശം 16,000 കോടി രൂപയുടെ വലിയ കടബാധ്യതയും 33,170 കോടി രൂപയുടെ നെഗറ്റീവ് ആസ്തിയുമാണുള്ളത്.