കൊച്ചിയില്‍ 4,000 കോടി രൂപയുടെ അടിസ്ഥാന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • കപ്പല്‍നിര്‍മ്മാണം, എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികളും വികസനത്തിന് ആക്കം കൂട്ടും.
  • മെയ്ഡ് ഇന്‍ ഇന്ത്യ' വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചതിന്റെ ബഹുമതിയും മോദി എടുത്തുപറഞ്ഞു.
  • പുതിയ സൗകര്യങ്ങള്‍ കപ്പല്‍ശാലയുടെ കഴിവുകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിക്കും.

Update: 2024-01-17 13:21 GMT

കൊച്ചി: കൊച്ചിയില്‍ 4,000 കോടി രൂപയിലധികം വരുന്ന മൂന്ന് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിലെ (സിഎസ്എല്‍) ന്യൂ ഡ്രൈ ഡോക്ക് (എന്‍ഡിഡി), സിഎസ്എല്ലിന്റെ ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്), കൊച്ചിയിലെ പുതുവൈപ്പീനിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

മുന്‍കാലങ്ങളില്‍ ഇന്ത്യയുടെ അഭിവൃദ്ധിയില്‍ തുറമുഖങ്ങളുടെ പങ്ക് അനുസ്മരിച്ച പ്രധാനമന്ത്രി മോദി, ഇപ്പോള്‍ ഇന്ത്യ പുതിയ മുന്നേറ്റം നടത്തുകയും ആഗോള വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയും ചെയ്യുമ്പോള്‍ തുറമുഖങ്ങളും സമാനമായ പങ്ക് വഹിക്കുമെന്ന് ചൂണ്ടിക്കാട്ടി.



ഇത്തരമൊരു സാഹചര്യത്തില്‍ കൊച്ചി പോലുള്ള തുറമുഖ നഗരങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുറമുഖ ശേഷിയിലെ വര്‍ദ്ധനവ്, തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം, സാഗര്‍മാല പദ്ധതിക്ക് കീഴിലുള്ള തുറമുഖങ്ങളുടെ മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.

കപ്പല്‍നിര്‍മ്മാണം, കപ്പല്‍ നന്നാക്കല്‍, എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ തുടങ്ങിയ മറ്റ് പദ്ധതികളും കേരളത്തിലും രാജ്യത്തിന്റെ തെക്കന്‍ മേഖലയിലും വികസനത്തിന് ആക്കം കൂട്ടും. കൊച്ചി കപ്പല്‍ശാലയ്ക്കൊപ്പം 'മെയ്ഡ് ഇന്‍ ഇന്ത്യ' വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചതിന്റെ ബഹുമതിയും മോദി എടുത്തുപറഞ്ഞു. പുതിയ സൗകര്യങ്ങള്‍ കപ്പല്‍ശാലയുടെ കഴിവുകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിക്കും.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ തുറമുഖങ്ങള്‍, കപ്പല്‍ ഗതാഗതം, ജലപാത മേഖലകളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ തുറമുഖങ്ങളില്‍ പുതിയ നിക്ഷേപം കൊണ്ടുവരികയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യന്‍ നാവികരുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്‌കരണം രാജ്യത്തെ നാവികരുടെ എണ്ണത്തില്‍ 140 ശതമാനം വര്‍ദ്ധനവിന് കാരണമായതായി അദ്ദേഹം അറിയിച്ചു. രാജ്യത്തിനകത്ത്, ഉള്‍നാടന്‍ ജലപാതകള്‍ പ്രയോജനപ്പെടുത്തിയതിലൂടെ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിനും വലിയ ഉത്തേജനം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

കൊച്ചി കപ്പല്‍ശാലയുടെ ഗ്രീന്‍ ടെക്നോളജി ശേഷിയുടെ പരമപ്രധാനമായ സ്ഥാനവും 'മേക്ക് ഇന്‍ ഇന്ത്യ' കപ്പലുകള്‍ നിര്‍മ്മിക്കുന്നതിലുള്ള അതിന്റെ പ്രഥമസ്ഥാനവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Similar News