എട്ട് മാസം, ഒരു ലക്ഷം സംരംഭങ്ങള്‍; 2.19 ലക്ഷം തൊഴില്‍: കേരളവും മാറുന്നു
- കഴിഞ്ഞ എട്ട് മാസത്തിനിടെ ഏറ്റവുമധികം സംരംഭങ്ങള്‍ ആരംഭിച്ചത് എറണാകുളത്ത്.
- സംസ്ഥാനത്ത് ആരംഭിച്ച സംരംഭങ്ങളില്‍ 30,000ല്‍ അധികവും വനിതാ സംരംഭങ്ങളാണ്.
- സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ട പിന്തുണ ഉറപ്പാക്കുന്നതിന് 1,153 ഇന്റേണുകളെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഏതാനും മാസം മുന്‍പ് പുറത്ത് വിട്ട എംഎസ്എംഇ വാര്‍ഷിക റിപ്പോര്‍ട്ട് 2021-22ല്‍ സംരംഭങ്ങളുടെ എണ്ണം അനുസരിച്ച് സംസ്ഥാനങ്ങളെ പട്ടികപ്പെടുത്തിയപ്പോള്‍ കേരളം 14ാം സ്ഥാനത്താണ്. 2018-19 കാലയളവില്‍ 12ാം സ്ഥാനത്തായിരുന്ന കേരളത്തെ കോവിഡ് വ്യാപനം സാരമായി ഉലച്ചിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തില്‍ പുത്തന്‍ നാഴികകല്ലുകളും സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവുമധികം സംരംഭങ്ങള്‍ അതിവേഗത്തില്‍ ആരംഭിച്ച സംസ്ഥാനം എന്ന റെക്കോര്‍ഡിലേക്കെത്താന്‍ കേരളത്തിന് അധികം ദൂരമില്ലെന്നും സംസ്ഥാന വ്യവസായ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭകവര്‍ഷം പദ്ധതിയിലൂടെ എട്ട് മാസത്തിനകം ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. ഇന്നലെ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 1,00,658 സംരംഭങ്ങള്‍ക്കാണ് ആരംഭമായത്. ഇതോടെ പ്രതീക്ഷിച്ചതിലും നേരത്തെ ലക്ഷ്യം കാണാന്‍ സര്‍ക്കാരിന് സാധിച്ചു. 12 മാസത്തിനകം ഒരു ലക്ഷം സംരംഭങ്ങള്‍ എന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.
പുതിയതായി ആരംഭിച്ച സംരംഭങ്ങള്‍ വഴി ഏകദേശം 6250.05 കോടി രൂപയുടെ നിക്ഷേപവും 2.19 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുവാന്‍ സാധിച്ചു. ഇപ്പോഴത്തെ അന്തരീക്ഷം കണക്കാക്കിയാല്‍ ഏറ്റവും വേഗത്തില്‍ സംരംങ്ങളെ സൃഷ്ടിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നതില്‍ സംശയമില്ല. രാജ്യത്തെ പ്രധാന എംഎസ്എംഇ ക്ലസ്റ്ററുകള്‍ ഏഴെണ്ണമാണ്. ഇതില്‍ കേരളമുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
വാണിജ്യ മേഖല മുന്നില്‍
കേരളത്തില്‍ പുതിയതായി ആരംഭിച്ച സംരംഭങ്ങളില്‍ അധികവും വാണിജ്യ മേഖല കേന്ദ്രീകരിച്ചുള്ളതാണ്. 31,803 സംരംഭങ്ങളാണ് വാണിജ്യ മേഖലയിലുണ്ടായത്. ഇതുവഴി 58,531 പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും 1841.15 കോടി രൂപയുടെ നിക്ഷേപം വന്നുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടാമതായി ഭക്ഷ്യോത്പന്ന മേഖലയിലാണ് -18,070 സംരംഭങ്ങള്‍. ഗാര്‍മെന്റ്‌സ് - ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ 11,707 സംരംഭങ്ങളും ആരംഭിച്ചു.
സംരംഭകരിലേക്ക് നേരിട്ടിറങ്ങുന്നതിന് വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ മീറ്റ് ദി മിനിസ്റ്റര്‍ പ്രോഗ്രാം സംഘടിപ്പിച്ചത് മുതല്‍ സംരംഭക മേഖലയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരെ ഇളവ് വരുത്തി സംസ്ഥാനത്ത് മാതൃകാപരമായ സംരംഭക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തു. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് സംരംഭക വര്‍ഷം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.പിന്നാലെ സംരംഭക സൗഹൃദ നയങ്ങള്‍ സ്വീകരിക്കുന്നതില്‍ കേരളത്തിലെ ബാങ്കുകള്‍ ഉള്‍പ്പടെ സഹകരിച്ചു. നാലു ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ നല്‍കാമെന്ന് ബാങ്കുകള്‍ സമ്മതം അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സബ്‌സിഡിയും ഇതിനു ശേഷം വിതരണം ചെയ്തിരുന്നു.
സംരംഭകരിലേക്ക് ഇറങ്ങിചെന്ന് 1,153 ഇന്റേണുകള്‍
സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമുള്ളവരെ അങ്ങോട്ട് ചെയ്യ് കണ്ട് കാര്യങ്ങള്‍ സംസാരിക്കുന്നതിനും വേണ്ട പിന്തുണ ഉറപ്പാക്കുന്നതിനും 1,153 ഇന്റേണുകളെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇത് സംരംഭകര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ അടുത്തറിയുന്നതിനും വായ്പ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൃത്യമായ ധാരണയുണ്ടാക്കുന്നതിനും സഹായകരമായി. സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കിയതും, ജില്ലകള്‍ തോറും സംരംഭക ക്ലിനിക്കുകള്‍ ആരംഭിച്ചതും വ്യക്തിഗത സംരംഭകര്‍ക്കുള്‍പ്പടെ സഹായകരമായി. വായ്പാ ലഭ്യത ഉറപ്പാക്കാന്‍ വായ്പാ മേളകളും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിരുന്നു.
ഒന്നാമത് എറണാകുളം
ഇന്നലെ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ ഏറ്റവുമധികം സംരംഭങ്ങള്‍ ആരംഭിച്ചത് എറണാകുളത്താണ്. 10,086 സംരംഭങ്ങളാണ് എറണാകുളം ജില്ലയില്‍ ആരംഭിച്ചത്. തൊട്ടു പിന്നില്‍ മലപ്പുറമുണ്ട്. 10,039 സംരംഭങ്ങള്‍ മലപ്പുറത്ത് ആരംഭിച്ചു. തൃശ്ശൂരില്‍ 9,916 സംരംഭങ്ങളും കൊല്ലത്ത് 9,725 സംരംഭങ്ങളും ആരംഭിച്ചു. ഏറ്റവും അധികം നിക്ഷേപം എത്തിയതും തൊഴില്‍ അവസരം സൃഷ്ടിച്ചതുമായ ജില്ലയും എറണാകുളമാണ്. 860.94 കോടി രൂപയാണ് എറണാകുളം ജില്ലയിലെ സംരംഭങ്ങളുടെ നിക്ഷേപം. 24,558 തൊഴിലവസരങ്ങളാണ് എറണാകുളത്തെ സംരംഭങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടത്.
വനിതാ സംരംഭങ്ങളും കുതിപ്പില്‍
സംസ്ഥാനത്ത് ആരംഭിച്ച സംരംഭങ്ങളില്‍ 30,000ല്‍ അധികവും വനിതാ സംരംഭങ്ങളാണ് എന്നതും അഭിമാനിക്കാവുന്ന ഒന്നാണ്. വരും മാസങ്ങളിലും വനിതാ സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കും. കോവിഡ് പ്രതിസന്ധി മൂലം വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിവരുള്‍പ്പടെയാണ് ഇപ്പോള്‍ സംരംഭക വര്‍ഷം പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുന്നത്.