960 കോടി രൂപ ഐപിഒയുമായി മുത്തൂറ്റ് മൈക്രോഫിൻ; തിങ്കളാഴ്ച തുടക്കം

  • ഇഷ്യൂ ഡിസംബർ 20-ന് അവസാനിക്കും
  • ഡിസംബർ 26-ന് ഓഹരികൾ ബി‌എസ്‌ഇ, എൻ‌എസ്‌ഇ എന്നിവയിൽ ലിസ്റ്റ് ചെയ്യും
  • കുറഞ്ഞത് 51 ഓഹരികൾക്കായി അപേക്ഷിക്കണം

Update: 2023-12-15 12:38 GMT

കൊച്ചി ആസ്ഥാനമായ മൈക്രോ ഫൈനാൻസ് കമ്പനിയായ  മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ ഡിസംബർ 18-ന് ആരംഭിക്കും. ഇഷ്യൂ വഴി 3.29 കോടി ഓഹരികൾ നൽകി 960.00 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 2.61 കോടി ഓഹരികൾ നൽകി 760 കോടി രൂപ സമാഹരിക്കുന്ന പുതിയ ഇഷ്യൂവും 69 ലക്ഷം ഓഹരികൾ നൽകി 200 കോടി രൂപ സ്വരൂപിക്കുന്ന ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടുന്നു.

ഇഷ്യൂവിനെ കുറിച്ച്

ഇഷ്യൂ ഡിസംബർ 20-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 21-ന് പൂർത്തിയാവും. അർഹതപ്പെട്ട നിക്ഷേപകർക്കുള്ള ഓഹരികൾ 22-ന് ഡീമാറ്റ് അക്കൗണ്ടിൽ എത്തും. ഡിസംബർ 26-ന് ഓഹരികൾ ബി‌എസ്‌ഇ, എൻ‌എസ്‌ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. 

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 277-291 രൂപയാണ്. കുറഞ്ഞത് 51 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,841 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് നിക്ഷേപം 14 (714 ഓഹരികൾ), തുക 207,774 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (3,468 ഓഹരികൾ), തുക 1,009,188 രൂപ.

ഇഷ്യൂവിൽ 50 ശതമാനം ഓഹരികൾ യോഗ്യരായ സ്ഥാപന നിക്ഷേപകർക്കും (QIB), 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും (NII), 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി റിസർവ് ചെയ്തിട്ടുണ്ട്.  യോഗ്യരായ ജീവനക്കാർക്ക് 14 രൂപയുടെ കിഴിവിലായിരിക്കും ഓഹരികൾ ലഭിക്കുക. 

തോമസ് ജോൺ മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, തോമസ് ജോർജ് മുത്തൂറ്റ്, പ്രീതി ജോൺ മുത്തൂറ്റ്, റെമ്മി തോമസ്, നീന ജോർജ്, എന്നിവരാണ് മുത്തൂറ്റ് ഫിൻകോർപ്പ് കമ്പനിയുടെ പ്രമോട്ടർമാർ.

തോമസ് ജോൺ മുത്തൂറ്റ് (16.36 കോടി രൂപ), തോമസ് മുത്തൂറ്റ് (16.38 കോടി രൂപ ), തോമസ് ജോർജ് മുത്തൂറ്റ് (16.36 കോടി രൂപ ), പ്രീതി ജോൺ മുത്തൂറ്റ് (33.74 കോടി രൂപ), റെമ്മി തോമസ് (33.3 കോടി രൂപ), നീന ജോർജ്ജ് (33.76 കോടി രൂപ ), എന്നിവരും ഗ്രേറ്റർ പസഫിക് ക്യാപിറ്റൽ (50 കോടി രൂപ)  ലുമാണ് ഓഹരി വിൽപ്പന നടത്തുന്ന പ്രൊമോട്ടർമാർ.  

ഐസിഐസിഐ സെക്യൂരിറ്റീസ് , ആക്സിസ് ക്യാപിറ്റൽ , ജെഎം ഫിനാൻഷ്യൽ , എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.

കമ്പനിയെ കുറിച്ച്

1992 ഏപ്രിലിൽ സ്ഥാപിതമായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്, ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ത്രീ ഉപഭോക്താക്കൾക്ക് മൈക്രോ ലോണുകൾ നൽകുന്നു. ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ മൈക്രോ ഫൈനാൻസ് കമ്പനി കൂടിയാണ് മുത്തൂറ്റ് മൈക്രോഫിന്.

31 ലക്ഷം ഉപഭോകതാക്കളുള്ള കമ്പനിക്ക് 10,000 കോടി രൂപയുടെ അസ്സറ് അണ്ടർ മാനേജ്‌മന്റ് (എയുഎം; AUM) ണുള്ളത്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലെ 324 ജില്ലകളിലായി 1340 തിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. പ്രധാനമായും സൗത്ത് ഇന്ത്യയിലാണ് കമ്പനിയുടെ പ്രവർത്തനമെങ്കിൽ നോർത്ത് ഇന്ത്യയിലെ പലയിടത്തം സ്ഥാപനം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നടപ്പ് വർഷം ഒക്ടോബറിൽ കമ്പനിയുടെ റേറ്റിംഗ് എ+ (A+) ആയി ക്രിസിൽ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

വരുമാനം നൽകുന്ന വായ്പകൾ, പ്രഗതി വായ്പകൾ (പ്രവർത്തന മൂലധനത്തിനും വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കുമായി നിലവിലുള്ള ഉപഭോക്താക്കൾക്ക് ബ്രിഡ്ജിംഗ് ലോണുകൾ), വ്യക്തിഗത വായ്പകൾ, ഉപജീവന പരിഹാരങ്ങൾക്കായുള്ള ഗ്രൂപ്പ് വായ്പകൾ. സെൽ ഫോണുകൾക്കും സോളാർ ലൈറ്റുകൾക്കും വീട്ടുപകരണങ്ങൾക്കുമുള്ള വായ്പകൾ. സാനിറ്ററി സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വായ്പകൾ പോലെയുള്ള ആരോഗ്യ, ശുചിത്വ വായ്പകൾ. സ്വർണ്ണ വായ്പകളുടെ രൂപത്തിലുള്ള സുരക്ഷിത വായ്പകളും കമ്പനി നൽകുന്നുണ്ട്.

2021-ൽ, കമ്പനി "മഹിളാ മിത്ര" മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഇത് വഴി ക്യുആർ കോഡുകൾ, വെബ്‌സൈറ്റുകൾ, എസ്എംഎസ് അധിഷ്‌ഠിത ലിങ്കുകൾ, വോയ്‌സ് അധിഷ്‌ഠിത പേയ്‌മെന്റ് തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ നൽകുന്നുണ്ട്.



ഇടത്തു നിന്ന്: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ്, മുത്തൂറ്റ് മൈക്രോഫിന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഉദീഷ് ഉല്ലാസ്.

മറ്റു വരുമാനങ്ങളുടെ വരവ് 

മുത്തൂറ്റ് മൈക്രോഫിൻന്റെ പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടിൽ 50 ശതമാനത്തിലധികം വരുമാനം കാണിച്ചിരിക്കുന്നത് 'ഇതര വരുമാനങ്ങൾ' (other income) വഴി എന്നാണ്.

കമ്പനിയുടെ അറ്റാദായതിന്റെ വലിയൊരു ഭാഗം 'മറ്റു വരുമാന'ത്തിൽ നിന്നാണെങ്കിലും അത് കമ്പനിയുടെ ലോൺ പോർട്ടഫോളിയോ സെക്യൂരിറ്റിസേഷൻ വഴി മറ്റു ബാങ്കുകൾക്ക് വിൽക്കുന്നതിലൂടെ ലഭിക്കുന്നതാണെന്നും ഭാവിയിലും ഇത് തുടരും എന്ന് മുത്തൂറ്റ് മൈക്രോഫിൻ പ്രൊമോട്ടറും നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് മൈഫിൻ പോയിന്റിനോട് പറഞ്ഞു.

Also Read : മുത്തൂറ്റ് മൈക്രോഫിൻ ഇഷ്യൂ വില 277-291 

Tags:    

Similar News