കൊച്ചി മാതൃകയിൽ തിരുവനന്തപുരത്തും മെട്രോ; ചിലവ് 11,560 കോടി രൂപ

അന്തിമ ഡിപിആറിന് ജൂണില്‍ അംഗീകാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Update: 2024-05-02 07:23 GMT

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ ഡിപിആറിന് ജൂണില്‍ അംഗീകാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ അന്തിമ ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്.

പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ പള്ളിച്ചല്‍ വരെയുള്ള ഒന്നാം ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിക്കായി 4057.7  കോടി രൂപയുമാണ് ഡിപആറില്‍ ചെലവ് കണക്കാക്കിയിരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് സമാനമായ കണ്‍വെന്‍ഷണല്‍ മെട്രോ തന്നെയാകും തിരുവനന്തപുരത്തും നടപ്പിലാക്കുക.

സിവില്‍, ഇലക്ട്രിക്കല്‍, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം തുടങ്ങിയവയും ചേര്‍ത്തുള്ള സമഗ്രമായ പദ്ധതി ചെലവാണ് 11,560.8 കോടി രൂപ.

30.8 കിലോമീറ്റർ നീളമുള്ള ഒന്നാം കോറിഡോറിൽ 25 സ്റ്റേഷനുകളുണ്ടായിരിക്കും. 15.9 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന രണ്ടാം കോറിഡോറിന്റെ ഭാഗമായി 13 സ്റ്റേഷനുകളുമാണുണ്ടാവുക. രണ്ടാം കോറിഡോറിലുള്ള ഈസ്റ്റ് ഫോർട്ട്, കിള്ളിപ്പാലം സ്റ്റേഷനുകൾ അണ്ടർ ഗ്രൗണ്ട് സ്റ്റേഷനുകളായിരിക്കും.

പദ്ധതി വിശകലനം ചെയ്യാൻ മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിൻ്റെ അധ്യക്ഷതയിൽ ഏപ്രിൽ 15ന് ഉന്നതതല യോഗം ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ ഡിഎംആർസി അന്തിമ ഡിപിആർ കൊച്ചി മെട്രോ റെയിൽ കോർപറേഷന് സമർപ്പിക്കും. ഇതിന് ശേഷം അന്തിമ അനുമതിക്കായി സമർപ്പിക്കും.




 










Tags:    

Similar News