ഒമാന്‍ടെല്ലുമായി കരാറൊപ്പിട്ട് ചേര്‍ത്തലയിലെ മെര്‍പ് സിസ്റ്റംസ്
- ഒമാന്‍ സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കും.
- ഒമാനി പ്രൊഫഷണലുകളെ എഐ സാങ്കേതികവിദ്യയില്‍ പരിശീലനവും നല്‍കും.
- ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസിലാണ് മെര്‍പ് സിസ്റ്റംസിന്റെ ആസ്ഥാനം.
മൈക്രോസോഫ്റ്റ് എഐ ടെക്‌നോളജീസുമായി ചേര്‍ന്ന് ചേര്‍ത്തലയുള്ള മെര്‍പ് സിസ്റ്റംസ് സര്‍ക്കാര്‍ കമ്പനിയായ ഒമാന്‍ടെല്ലുമായി കരാറിലേര്‍പ്പെട്ടു. ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 2040 ഡിജിറ്റല്‍-എഐ ട്രാന്‍ഫോര്‍മേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഒമാനിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും വിപ്ലവകരമായ രീതിയില്‍ മാറ്റുന്നതിന്റെ ഭാഗമായാണ് അത്യാധുനിക എഐ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി ഈ മേഖല പരിഷ്‌കരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസിലാണ് മെര്‍പ് സിസ്റ്റംസിന്റെ ആസ്ഥാനം.
പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കല്‍, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തല്‍, നൂതന ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കല്‍ മുതലായവയാണ് ഈ കരാറിലൂടെ ഒമാനും മെര്‍പും ലക്ഷ്യമിടുന്നത്. ഒമാന്‍ സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കും. പേപ്പര്‍ രേഖകള്‍, ഡിജിറ്റല്‍ രേഖകള്‍ എന്നിവ ഓര്‍ഗനൈസ്ഡ് ഡാറ്റാ രൂപത്തിലേക്ക് മാറ്റും. ഇതിലൂടെ ബിസിനസ് ആവശ്യങ്ങള്‍ ഏറെ ലളിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യവിഭവ ശേഷി ഉപയോഗം പരിഷ്‌കരിക്കും. അഭിമുഖമടക്കമുള്ളവ എഐ അവതാര്‍ ടൂള്‍ ഉപയോഗിച്ചാണ് ചെയ്യുക. ഒമാന്‍ടെല്ലിന്റെ ഇന്റര്‍നെറ്റ് ശൃംഖല മെച്ചപ്പെടുത്തുന്നതു വഴി അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കും. ഒമാനി പ്രൊഫഷണലുകളെ എഐ സാങ്കേതികവിദ്യയില്‍ പരിശീലനവും നല്‍കും.
ഡിജിറ്റല്‍ മികവിലേക്കുള്ള യാത്രയില്‍ മെര്‍പ് സിസ്റ്റംസുമായുള്ള സഹകരണം നാഴികക്കല്ലാണെന്ന് ഒമാന്‍ടെല്‍ സിഇഒ തലാല്‍ അല്‍ മാമാരി പറഞ്ഞു. ഒമാനെ പൂര്‍ണമായും ഡിജിറ്റല്‍ കണക്ടിവിറ്റിയുള്ള രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എഐ സാങ്കേതികവിദ്യയുപയോഗിച്ച് ഒമാന്‍ടെല്ലിന്റെ ഡിജിറ്റല്‍ ട്രാന്‍ഫോര്‍മേഷന്‍ ചെയ്യുന്നത് ഏറെ പ്രധാനമാണെന്ന് മൈക്രോസോഫ്റ്റ് ഒമാന്‍ മേധാവി ഷേഖ് സൈഫ് പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന പങ്കാളിയാണ് മെര്‍പ് സിസ്റ്റംസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂതനത്വത്തിലൂടെ നേതൃത്വം നല്‍കുകയെന്ന നയത്തിന്റെ ചുവടുപിടിച്ചാണ് ഒമാന്‍ ടെല്ലുമായുള്ള കരാര്‍ യാഥാര്‍ഥ്യമായതെന്ന് മെര്‍പ് സിസ്റ്റംസ് സിഇഒ പ്രേം നായര്‍ പറഞ്ഞു. മൈക്രോസോഫ്റ്റ് എഐയുമായുള്ള സഹകരണത്തോടെ ആധുനിക ടെക്‌നോളജി മേഖലയില്‍ പുതിയ അളവ്‌കോല്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാന്‍ടെല്ലുമായുള്ള കരാറിലൂടെ കൂടുതല്‍ എഐ അധിഷ്ഠിത സാങ്കേതിക വിദ്യകരാറുകള്‍ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയിലെ മികവിന്റെ കേന്ദ്രത്തിലേക്ക് എത്തിക്കുമെന്ന് മെര്‍പ് സിസ്റ്റംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാബു മാധവകുറുപ്പ് പറഞ്ഞു. ഇതിലൂടെ എഐ സാങ്കേതികവിദ്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ ഉണ്ടാവുകയും കൂടുതല്‍ ഒമാനി സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാന്‍ മെര്‍പിനെ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യസംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ ക്രയശേഷി പൂര്‍ണമായും കൈവരിക്കുന്നതിന് സഹായിക്കുന്ന ഗോള്‍ സര്‍ട്ടിഫിക്കേഷനുള്ള സ്ഥാപനമാണ് മെര്‍പ് സിസ്റ്റംസ്. മൈക്രോസോഫ്റ്റ് പവര്‍, ഡൈനാമിക് 365, മൈക്രോസോഫ്റ്റ് എഐ എന്നിവയാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്.