മെഷിനറി എക്സ്പോ ഇന്ന് സമാപിക്കും; ഇതുവരെ എത്തിയത് കാല്‍ലക്ഷത്തിലേറേ പേര്‍

  • 166 സ്‍റ്റാളുകളാണ് മേളയില്‍ ഉള്ളത്
  • വൈകിട്ട് നാലിന് സമാപന സമ്മേളനം നടക്കും
  • ആറാമത് മെഷിനറി എക്‌സ്‌പോ ആണിത്

Update: 2024-02-13 06:37 GMT

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മെഷിനറി എക്‌സ്‌പോ 2024 ഇന്ന് സമാപിക്കും. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററിലെ ആദ്യത്തെ പ്രദര്‍ശനമായാണ് എക്സ്പോ സംഘടിപ്പിച്ചത്. നാലുദിവസത്തെ എക്സ്പോയുടെ ആദ്യത്തെ മൂന്നു ദിവസങ്ങളിലായി മൊത്തം കാല്‍ ലക്ഷത്തിലേറെ പേര്‍ കാണാനെത്തി. 

വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ യന്ത്ര പ്രദര്‍ശനവും ലൈവ് ഡെമോയും കാണാനും മെഷിനറി നിര്‍മ്മാതാക്കളുമായി സംവദിക്കാനുമായി എത്തി. എക്പോയിലെ വലിയ തോതിലുള്ള സ്ത്രീ പ്രാതിനിധ്യവും ഏറ്റവും ശ്രദ്ധേയമായി. സ്‌കൂളുകളും ടെക്നോളജി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളെ മേളക്കെത്തിച്ചു.

 വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് മെഷിനറി എക്‌സ്‌പോ ആണിത്. 166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. മെഷിനറികളിലെ അതിനൂതന ട്രെന്‍ഡുകള്‍ എക്സ്പോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. 5000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 6 ഡോമുകളായി സജ്ജീകരിച്ച വേദിയില്‍ ഓരോ മേഖലകളെയും വേര്‍തിരിച്ചാണ് ഹെവി മെഷീനറികള്‍ക്കായുള്ള പ്രദര്‍ശനം.

വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി ഫുഡ് കോര്‍ട്ടുകളും ശ്രദ്ധേയമായിട്ടുണ്ട്. രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെ സൗജന്യമായി എക്പോയിലേക്ക് പ്രവേശിക്കാം. ഇന്ന് വൈകിട്ട് നാലിന് സമാപനസമ്മേളനം നടക്കും. 

Tags:    

Similar News