കേരളത്തിലെ 4 ഫുഡ് സ്ട്രീറ്റുകൾ ആധുനികമാക്കുന്നു
- പദ്ധതി നടപ്പാക്കുന്നത് കേന്ദ്രഫണ്ടും സംസ്ഥാന ഫണ്ടും ഉപയോഗിച്ച്
- ഒരു കോടി രൂപയുടെ വീതം ഭരണാനുമതി സംസ്ഥാനം നൽകി
- ടൂറിസം വികസനത്തിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു
100 ഭക്ഷ്യ തെരുവുകളെ ആധുനികവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാർ, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ഫുഡ് സ്ട്രീറ്റുകൾ ആദ്യ ഘട്ടത്തില്‍ ആധുനികവത്ക്കരിക്കുന്നത്.
ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നൽകി. കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെയാണ് ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ കുറച്ച് പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കുക വഴി ഫുഡ് ടൂറിസം മേഖലയിൽക്കൂടി പദ്ധതി മുതൽക്കൂട്ടാകും.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല.
എറണാകുളത്ത് കസ്തൂർബ നഗറിൽ ജി.സി.ഡി.എ. സഹകരണത്തോടെയും ഇടുക്കിയിലെ മൂന്നാറിൽ പഞ്ചായത്തിന്റെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചിൽ കോർപ്പറേഷന്റെ സഹകരണത്തോടെയുമാണ് നവീകരണം പൂർത്തിയാക്കുന്നത്.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകും. കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനവും കേന്ദ്രങ്ങളിൽ സജ്ജീകരിക്കും.
പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നവീകരണം വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ നവീകരണം പൂർത്തിയാക്കി ഫുഡ് സ്ട്രീറ്റുകൾ തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.