വിദേശ മാതൃകയിൽ കേരളത്തിൽ ലൈറ്റ് ട്രാം
ആദ്യ ഘട്ടത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതി പരിഗണിക്കുക
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നഗര ഗതാഗതം മെച്ചപ്പെടുത്താൻ വിദേശ മാതൃകയിൽ ലൈറ്റ്ട്രാമിന് നീക്കം.
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലെ മാതൃകയിൽ കേരളത്തിലും ലൈറ്റ്ട്രാം നടപ്പാക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. ആദ്യഘട്ട പരീക്ഷണത്തിന് കൊച്ചിക്കാണ് സാധ്യത കൂടുതല്‍.
മെട്രോ എത്താത്ത മേഖലകൾ കേന്ദ്രീകരിച്ചാണ് കൊച്ചിയിൽ ലൈറ്റ്ട്രാമിന്റെ സാധ്യത പരിശോധിക്കുക.
എം.ജി. റോഡ്-ഹൈക്കോടതി-മറൈൻഡ്രൈവ് - പശ്ചിമകൊച്ചി, തൃപ്പൂണിത്തുറ-കാക്കനാട് എന്നീ മേഖലകളെല്ലാം ലൈറ്റ്ട്രാം വഴി ബന്ധിപ്പിക്കാനാകും.
ആദ്യ ഘട്ടത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതി പരിഗണിക്കുക. റോഡിൽ പ്രത്യേകമായി നിർമിക്കുന്ന ട്രാക്കിലൂടെയും ട്രാക്കില്ലാതെയും ഇവയ്ക്ക് സർവീസ് നടത്താനാകും. സാദാ റോഡുകളിലൂടെ മെട്രൊ റെയിലിന് സമാനമായ കോച്ചുകള്‍ ഓടിക്കാമെന്നതാണ് ലൈറ്റ് ട്രാമിന്റെ പ്രത്യേകത.
കൊച്ചിയെ കൂടാതെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ബ്രിസ്‌ബെയ്ന്‍ ലൈറ്റ് ട്രാം അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ട്.