കേരള നിയമസഭ സമ്മേളനം ഇന്ന് മുതല്‍
- ഗവണ്‍മെന്റ് കാര്യത്തിനായും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും 5 ദിവസങ്ങള്‍ വീതം നീക്കിവച്ചിട്ടുണ്ട്
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് (23 ജനുവരി) തുടങ്ങി. പ്രധാനമായും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 23 മുതല്‍ മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ജനുവരി 25, ഫെബ്രുവരി 1, 2 തീയതികളില്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും ഫെബ്രുവരി 3-ാം തീയതി ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടിട്ടുള്ളത്. ഫെബ്രുവരി 6 മുതല്‍ 8 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ത്ഥനകള്‍ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെയുള്ള കാലയളവില്‍ 13 ദിവസം, 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച പാസ്സാക്കുന്നതിനായി നീക്കിവച്ചിരിക്കുന്നു.
ഗവണ്‍മെന്റ് കാര്യത്തിനായും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും 5 ദിവസങ്ങള്‍ വീതം നീക്കിവച്ചിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും 2023-24 സാമ്പത്തികവര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ട് ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കേണ്ടതുണ്ട്.
ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് 30 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.