കേരളത്തിലെ മികച്ച സംരംഭകർക്ക് പുരസ്‌കാരവുമായി വ്യവസായ വകുപ്പ്

  • ഏകെ നാച്ചുറല്‍ ഇന്‍ഗ്രീഡിയന്റ്‌സ് പ്രൈവറ് ലിമിറ്റഡ് ആണ് ഏറ്റവും മികച്ച വന്‍കിട സംരഭം
  • ഇടത്തരം സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സൗപര്‍ണിക എക്‌സ്‌പോര്‍ട്ട് എന്റർപ്രൈസ്
  • സൂക്ഷ്മ സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കല്യാണി ഫുഡ് പ്രൊഡക്റ്റ്‌സ്

Update: 2024-02-28 07:36 GMT

കേരളത്തിലെ ഏറ്റവും മികച്ച സംരംഭകരെ കണ്ടെത്തി സംരംഭക മേഖലയിലെ മികവിനുള്ള പുരസ്‌കാരം വിതരണം ചെയ്ത് വ്യവസായ വകുപ്പ്.

കേരളം സംരംഭങ്ങളുടെ കാര്യത്തില്‍ കുതിച്ചുചാട്ടം നടത്തുമ്പോള്‍ സംരംഭകരെ ചേര്‍ത്തു പിടിക്കുകയാണ് വ്യവസായ വകുപ്പെന്ന് മന്ത്രി പി രാജീവ്. മന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഉല്‍പാദന മേഖലയിലെ ഏറ്റവും മികച്ച സൂക്ഷ്മ,ചെറുകിട,ഇടത്തരം,വന്‍കിട സംരംഭങ്ങള്‍ക്ക് പുറമെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മികച്ച സംരംഭം, ഏറ്റവും മികച്ച വനിതാ സംരംഭം, ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്നീ മേഖലയിലും ഉല്‍പാദന മേഖലയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിനുമുള്ള പുരസ്‌കാരം ഇന്ന് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങില്‍ കൈമാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

2021-22 വര്‍ഷത്തില്‍ 524.50 കോടി രൂപയുടെ വിറ്റുവരവ് കരസ്ഥമാക്കിയ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഏ.കെ നാച്ചുറല്‍ ഇന്‍ഗ്രീഡിയന്റ്‌സ് പ്രൈവറ്  ലിമിറ്റഡ് ആണ് ഏറ്റവും മികച്ച വന്‍കിട സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഏറ്റവും മികച്ച ഇടത്തരം സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പരമ്പരാഗത വ്യവസായ മേഖലയായ കശുവണ്ടി കേര്‍ണല്‍ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള സൗപര്‍ണിക എക്‌സ്‌പോര്‍ട്ട് എന്റർപ്രൈസസാണ്.

മികച്ച ചെറുകിട സംരംഭമായി തെരഞ്ഞെടുക്കപ്പെട്ട മറൈന്‍ ഹൈഡ്രോ കോളോയിസ്ഡ് 86 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട അഗര്‍-അഗര്‍ ഭക്ഷ്യ ചേരുവാ നിര്‍മ്മാണകേന്ദ്രമാണ്. 110 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കല്യാണി ഫുഡ് പ്രൊഡക്റ്റ്‌സ് ആണ് ഉല്‍പാദന മേഖലയിലെ ഏറ്റവും മികച്ച സൂക്ഷ്മ സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഈ മേഖലയില്‍ കൂടുതല്‍ സംരംഭകര്‍ക്ക് സഹായം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായിട്ടാണ് സംരംഭമേഖലയിലെ മികവിനുള്ള അവാര്‍ഡില്‍ പട്ടികജാതി വിഭാഗത്തിലെ മികച്ച സംരംഭം എന്ന വിഭാഗത്തിലും പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച വനിതാ സംരംഭമായി തെരഞ്ഞെടുത്തിരിക്കുന്നത് ഒരു കുടുംബശ്രീ യൂണിറ്റിനെയാണ്.

ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്ന വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നേടിയിരിക്കുന്നത് ഒലിയോറെസിന്‍ മാനുഫാക്ചറിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാന്‍ കാന്‍കര്‍ ഇന്‍ഗ്രീഡിയന്റ്‌സ് പ്രൈവറ്  ലിമിറ്റഡ് എന്ന സംരംഭമാണ്.

ഉയര്‍ന്നുവരുന്ന ഐ.ടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനാണ് ഉല്‍പാദന മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പിനും വ്യവസായ വകുപ്പ് പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സസ്‌റ്റെയിനബിള്‍ ഫുഡ് പാക്കേജിങ്ങ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന വര്‍ഷ്യ എക്കോ സൊലൂഷന്‍സ് ആണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹമായിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ ആരോഗ്യപരമായ മത്സരം വളര്‍ത്തിക്കൊണ്ടുവരാനും മികച്ച നിരവധി സംരംഭങ്ങള്‍ കൂടി കേരളത്തില്‍ സൃഷ്ടിച്ചെടുക്കാനും സംരംഭമേഖലയിലെ മികവിനുള്ള സംസ്ഥാന അവാര്‍ഡുകള്‍ ഒരു പിന്തുണയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കുറിച്ചു.




 


Tags:    

Similar News