കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് പ്രതിദിന വിമാന സർവീസുമായി ഇൻഡിഗോ

  • കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നിന്നാണ് പ്രതിദിന സര്‍വീസ്
  • മെയ് ഒന്നുമുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും
  • കോഴിക്കോട് നിന്ന് ആദ്യമായാണ് ലക്ഷദ്വിപിലേക്ക് വിമാന സർവീസ് വരുന്നത്

Update: 2024-04-09 10:48 GMT

കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സര്‍വീസുകളുമായി ഇന്‍ഡിഗോ.

കോഴിക്കോട്-കൊച്ചി, കൊച്ചി-അഗത്തി, കോഴിക്കോട്-അഗത്തി-കൊച്ചി തുടങ്ങിയ റൂട്ടുകളിലാണ് സര്‍വീസുകള്‍ ആരംഭിക്കുക.

മെയ് ഒന്നുമുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ലക്ഷദ്വീപിലെ പ്രധാന ദ്വീപുകളിലൊന്നായ അഗത്തിയിലേക്കുള്ള പുതിയ വിമാന സര്‍വീസ് കേരളത്തിലെ സഞ്ചാരികള്‍ക്ക് ഗുണകരമാകും. കൂടാതെ കുറഞ്ഞ ചെലവിൽ അതിവേഗം ലക്ഷ്യത്തിലെത്താമെന്നതിനാൽ ടൂറിസം, ബിസിനസ് യാത്രക്കാരെ ഈ സർവീസുകൾ ആകർഷിക്കും.

കോഴിക്കോട് നിന്ന് ആദ്യമായാണ് ലക്ഷദ്വിപിലേക്ക് വിമാന സർവീസ് വരുന്നത്. അഗത്തിയില്‍ നിന്ന് കൊച്ചി വഴി കോഴിക്കോടിനും തിരിച്ചുമുള്ള സര്‍വീസുകള്‍ വ്യവസായികള്‍ക്കും സഞ്ചാരികള്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

അതിമനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട അഗത്തി ദ്വീപ് ജല വൈവിധ്യത്താൽ അനുഗ്രഹീതമായ 6 കിലോമീറ്റർ നീളമുള്ള ഭൂപ്രദേശമാണ്. ആഴക്കടൽ മത്സ്യബന്ധനം, സ്കൂബ ഡൈവിംഗ്, കപ്പലോട്ടം, സ്കീയിംഗ്, കയാക്കിംഗ് എന്നിവ ആഗ്രഹിക്കുന്നവർക്കിടയിൽ അഗത്തി ദ്വീപ് ജനപ്രിയമാണ്. 

മെയ് ഒന്നിന് രാവിലെ 10.20നാണ് കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം യാത്ര തിരിക്കുക. 10.55ന് കൊച്ചിയിലെത്തും.

കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 1:45 ന് തിരിച്ച് 2:30 ന് കോഴിക്കോട് എത്തും.

കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് 11.25ന് വിമാനം പുറപ്പെടും. ഒരു മണിക്ക് അഗത്തിയിലെത്തും.

അഗത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 12.10നാണ് സര്‍വീസ്. 1.25 ഓടെ കൊച്ചിയിലെത്തും.

കോഴിക്കോട് നിന്ന് അഗത്തിയിലേക്ക് രാവിലെ 10.20നാണ് വിമാനം പുറപ്പെടുക. ഒരു മണിക്ക് അഗത്തിയിലെത്തും. അഗത്തിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 12.10ന് പുറപ്പെടും 2.20ന് കോഴിക്കോടെത്തും. എല്ലാ ദിവസവും ഈ സര്‍വീസുകൾ ഉണ്ടാകും.



 




Tags:    

Similar News