ലോകത്തുതന്നെ ആദ്യം; സിയാലിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നു
- ബി.പി.സി.എല്ലിന്റെ സാങ്കേതിക പിന്തുണയോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്
- 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റാണ് നിര്‍മിക്കുന്നത്
- 2025ന്റെ തുടക്കത്തില്‍ പ്ലാന്റ് പൂര്‍ത്തിയാകും
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ബി.പി.സി.എല്ലിന്റെ സാങ്കേതിക പിന്തുണയോടെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു.
ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്.
സിയാലിന്റെ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതോര്‍ജം ഉപയോഗിച്ച് ഗ്രീന്‍ ഹൈഡ്രജനാണ് ഉത്പാദിപ്പിക്കുന്നത്.
തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ ഇന്ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള 'ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ്' സ്ഥാപിക്കാന്‍ ബി.പി.സി.എല്ലുമായി കരാര്‍ ഒപ്പ് വച്ചു.
കരാര്‍ പ്രകാരം ബി.പി.സി.എല്‍ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാല്‍ ലഭ്യമാക്കും.
2025ന്റെ തുടക്കത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍ വാങ്ങും.
50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാര്‍ ഹൈഡ്രോ പദ്ധതികളിലൂടെ 2 ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാല്‍ ദിവസേന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സിയാല്‍ സ്ഥാപിക്കുന്നത്.
ഹരിതോർജോൽപ്പാദന മേഖലയിൽ സിയാലുമായി സഹകരണം ഉണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയ്ക്ക് ഇത്തരം പദ്ധതികൾ ഉപകരിക്കപ്പെടുമെന്നും ബി.പി.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഐ എ എസ്, പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം – നോർക്ക) സുമൻ ബില്ല ഐ.എ.എസ്, ബി.പി.സി.എൽ ഡയറക്ടർമാരായ വി.ആർ.കെ ഗുപ്ത (ഫിനാൻസ്), രഞ്ജൻ നായർ (റിന്യൂവബിൾ എനർജി), ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ (എസ്സിഒ) ഷെല്ലി എബ്രഹാം, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ. ജോർജ്, സിയാൽ ജനറൽ മാനേജർ (കൊമേഴ്സ്യൽ) ജോസഫ് പീറ്റർ പൈനുങ്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.