കേരള സോപ്‍സ് ഉല്‍പ്പന്നങ്ങള്‍ അടുത്തമാസം മുതല്‍ സൗദിയില്‍

  • യുഎഇ, ഒമാൻ, കുവൈറ്റ് വിപണികളിലും ഉടനെത്തും
  • കമ്പനി ഉല്‍പ്പാദന വൈവിധ്യവത്കരണ പാതയില്‍
  • ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളിലേക്ക് ഉല്‍പ്പന്നങ്ങളെത്തുന്നു
;

Update: 2023-06-18 13:00 GMT

സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കേരള സോപ്‍സ് ഉത്പന്നങ്ങൾ അടുത്ത മാസം മുതല്‍ ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജിവ് അറിയിച്ചു. മേയില്‍ ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പുവയ്ക്കാൻ കേരള സോപ്പ്സിന് സാധിച്ചിരുന്നു. ഇതിനു ശേഷം വളരെ പെട്ടെന്ന് തന്നെ ആദ്യ ഓർഡർ ലഭിച്ചുവെന്നും ഇതനുസരിച്ച് കൈരളി സോപ്പ് ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ അടുത്ത മാസം മുതല്‍ സൗദി അറേബ്യയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരള സോപ്‍സ് ഉല്‍പ്പന്നങ്ങള്‍ യു.എ.ഇ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതു സംബന്ധിച്ചുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. ഇതുവരെ ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളിലും ഗൾഫ് മേഖലയിലും കേരള സോപ്‌സ് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ ഒരു യൂണിറ്റാണ് കേരള സോപ്സ്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അറ്റാദായം നേടിയെടുക്കാൻ  2022-23 വർഷത്തില്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 571 ടണ്‍ സോപ്പ് ഇന്ത്യയിലും വിദേശത്തുമുള്ള സോപ്പ് വിപണിയിലെത്തിക്കാന്‍ കേരള സോപ്‌സിന് സാധിച്ചിട്ടുമുണ്ടെന്ന് നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു.  നിലവില്‍ 17 തരത്തിലുള്ള സോപ്പ് ഉല്‍പ്പന്നങ്ങളാണ് കേരള സോപ്‍സ് പുറത്തിറക്കുന്നത്.

ഇന്‍ഡ്യയിലെ ഇരുപതോളം സംസ്ഥാനങ്ങളിലും ഗള്‍ഫ് മേഖലയിലെ ചില കേന്ദ്രങ്ങളിലും സാന്നിധ്യമറിയിക്കാന്‍ ഇതിനകം തന്നെ കേരള സോപ്‌സിന് സാധിച്ചിട്ടുണ്ട്. വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായി ലിക്വിഡ് ഡിറ്റര്‍ജന്റ്, ഫ്‌ലോര്‍ ക്ലീനര്‍, ഡിഷ് വാഷ് എന്നിവ ഉടന്‍ വിപണിയിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പുമായും അപ്പോളോ ഫാര്‍മസി ഗ്രൂപ്പുമായും സ്ഥാപനം വിപണന കരാറും കേരള സോപ്പ്സ് ഒപ്പുവെച്ചിട്ടുണ്ട്.

വൈവിധ്യവത്കരണത്തിലൂടെയും പുതിയ വിപണികളിലേക്ക് എത്തുന്നതിലൂടെയും അറ്റാദായ വളര്‍ച്ച കരസ്ഥമാക്കി സ്വകാര്യ സോപ്പ് കമ്പനികള്‍ക്ക് വിപണിയില്‍ ശക്തമായ മത്സരം ഒരുക്കുന്നതിനാണ് കേരള സോപ്പ്സ് ശ്രമിക്കുന്നത്. 

Tags:    

Similar News