ടെക്നോപാര്‍ക്കിന്റെ കയറ്റുമതി 13,255 കോടി രൂപയിലെത്തി

  • ഐടി ഹബ്ബിലെ കമ്പനികള്‍ രണ്ട് ലക്ഷത്തിലധികം പരോക്ഷ ജോലികളും നല്‍കുന്നു
  • ടെക്നോപാര്‍ക്കിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളും ഈ വളര്‍ച്ചക്ക് കാരണമായി

Update: 2024-08-18 05:39 GMT

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെക്നോപാര്‍ക്കിലെ ഐടി, ഐടി സേവന കമ്പനികളുടെ സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 13,255 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ചയാണിതെന്ന് ഐടി ഹബ്ബ് അധികൃതര്‍ പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ടെക്നോപാര്‍ക്കിന്റെ സോഫ്റ്റ്വെയര്‍ കയറ്റുമതി വരുമാനം 11,630 കോടി രൂപയാണ്.

'ടെക്നോപാര്‍ക്കിലെ ഐടി/ഐടിഇ കമ്പനികളുടെ സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 13,255 കോടി രൂപ നേടി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നു,' ടെക്നോപാര്‍ക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

768.63 ഏക്കര്‍ വിസ്തൃതിയില്‍ 12.72 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രാജ്യത്തെ പ്രമുഖ ഐടി ഹബ്ബ് 490 കമ്പനികള്‍ക്ക് 75,000 നേരിട്ടുള്ള ജോലികളും രണ്ട് ലക്ഷത്തിലധികം പരോക്ഷ ജോലികളും നല്‍കുന്നു.

ഈ മികച്ച പ്രകടനം കേരളത്തിലെ ഊര്‍ജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയുടെ വളര്‍ച്ചയുടെ കഥയും ഇന്‍-ഹൗസ് കമ്പനികളുടെ ബിസിനസ് കാഴ്ചപ്പാടും പ്രൊഫഷണലിസവും പറയുന്നതായി ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), പറഞ്ഞു.

'ടെക്നോപാര്‍ക്കിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളും ഈ ഉയര്‍ന്ന വളര്‍ച്ചാ പാതയിലെത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഈ ഫലങ്ങള്‍ സംസ്ഥാനത്തിന്റെ കരുത്തുറ്റ ആവാസവ്യവസ്ഥയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും, ഇത് രാജ്യത്തിനാകെ മാതൃകയാണ്,' സഞ്ജീവ് നായര്‍ പറഞ്ഞു.

സ്പേസ് ടെക്നോളജി, ഫിന്‍ടെക്, മെഡ്ടെക്, ഇവി, ലോജിസ്റ്റിക്സ് തുടങ്ങിയ അതിവേഗം വളര്‍ന്നുവരുന്ന ഡൊമെയ്നുകളിലെ അവസരങ്ങള്‍ കൊയ്‌തെടുക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകള്‍ വിന്യസിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്ന കമ്പനികളുടെ അഭിലാഷങ്ങളെ ടെക്നോപാര്‍ക്കിലെ ഡിജിറ്റല്‍ ഇക്കോസിസ്റ്റം നന്നായി മനസിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര, ബിസിനസ് പ്രതിനിധികള്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെയും ആവാസവ്യവസ്ഥയെയും പ്രശംസിച്ചിട്ടുണ്ടെന്നും നായര്‍ അനുസ്മരിച്ചു.

ടെക്നോപാര്‍ക്ക് ഫേസ് III, ഫേസ് IV കാമ്പസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമീപഭാവിയില്‍ പാര്‍ക്കിനെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബായി മാറ്റുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News