മൈക്രോ ലോൺ 60 ശതമാനമാക്കും; 500 കോടി ഡെറ്റ് ഫണ്ട് സമാഹരിക്കും: ഇസാഫ് ബാങ്ക്
- ലോണുകളുടെ അളവിൽ കുറവുണ്ടാകില്ല
- ലോൺ ബുക്കിന്റെ 13 ശതമാനം സ്വർണ്ണ വായ്പ
- നിഷ്‌ക്രിയ ആസ്തി വരുതിയിലാക്കും
കൊച്ചി: പ്രാഥമികമായി മൈക്രോ ലോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് അതിന്റെ മൈക്രോഫിനാൻസ് ലോൺ ബുക്ക് മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തിയുടെ (എയുഎം) 73 ശതമാനത്തിൽ നിന്ന് അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ 60 ശതമാനമായി കുറയ്ക്കാൻ പദ്ധതിയിടുന്നതായി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഓ-യുമായ കെ പോൾ തോമസ് പറഞ്ഞു.
ഒരു പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 500 കോടി രൂപ ഡെറ്റ് ഫണ്ട് സമാഹരിക്കാനും ബാങ്ക് പദ്ധതിയിടുന്നന്നുണ്ട്. ഈ തുക ബാങ്കിന്റെ മൊത്തത്തിലുള്ള വായ്പാ പരിധിക്കുള്ളിൽ ആയിരിക്കും. അടുത്ത് നടക്കാനിരിക്കുന്ന ഓഹരിയുടമകളുടെ യോഗത്തിൽ ഈ വായ്പയെടുക്കൽ പദ്ധതിക്ക് അവരുടെ അംഗീകാരം നേടിയെടുക്കാനിരിക്കയാണ്.
ലോണുകളുടെ അളവ്
വാസ്‌തവത്തിൽ, മൈക്രോ ലോണുകൾ 2022 ൽ ബാങ്കിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തിയുടെ (എയുഎം) 81.6 ശതമാനത്തോളം ഉയർന്നിരുന്നു, ഇത് 2023 സാമ്പത്തിക വർഷാവസാനം 75.04 ശതമാനമായും പിന്നീട് 2023 സെപ്റ്റംബർ അവസാനത്തോടെ 73 ശതമാനമായും കുറഞ്ഞു. .
ബാങ്കിന്റെ സിഇഒയും എംഡിയുമായ കെ. പോൾ തോമസ് അടുത്തിടെ വിശകലന വിദഗ്ധരുമായി സംസാരിച്ചപ്പോൾ വ്യക്തമാക്കിയത് മൈക്രോ ലോണുകളുടെ അനുപാതം 60 ശതമാനമായി കുറയ്ക്കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെങ്കിലും, നിലവിലുള്ള മൈക്രോ ലോണുകളുടെ അളവ് ബാങ്ക് കുറയ്ക്കുമെന്ന് അർത്ഥമാക്കുന്നില്ല എന്നാണ്.
.
പുതിയ പദ്ധതിയനുസരിച്ച്, ഭാവിയിലെ വായ്പാ വളർച്ച കൂടുതലും ചില്ലറ വായ്പ, സ്വർണ്ണ വായ്പ, ഭവനവായ്പ തുടങ്ങി മറ്റ് തരത്തിലുള്ള വായ്പകളാൽ നയിക്കപ്പെടും.
"നിലവിൽ ലോൺ ബുക്കിന്റെ 13 ശതമാനമാണ് സ്വർണ്ണ വായ്പ; എന്നാൽ വരും വർഷങ്ങളിൽ ഇത് 20 ശതമാനമായി ഉയർന്നേക്കാം. അതുപോലെ, ഇടത്തരം ഭവനങ്ങൾക്കായുള്ള വായ്പകൾക്ക് ധാരാളം ആവശ്യക്കാരുണ്ട്. അത് ഞങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കും," തോമസ് കൂട്ടിച്ചേർത്തു.
സ്വർണ്ണവായ്പ നൽകുന്ന ചെയ്യുന്ന ഔട്ട്‌ലെറ്റുകളുടെ എണ്ണം 345ൽ നിന്ന് (2022 മാർച്ചിൽ ഉണ്ടായിരുന്ന 550 ശാഖകളിൽ 63 ശതമാനം), 545 ഔട്ട്‌ലെറ്റുകളായി (2023 മാർച്ചിൽ 700 ശാഖകളിൽ 78 ശതമാനം) ബാങ്ക് വർദ്ധിപ്പിച്ചു. ഈ പുതിയ തന്ത്രം ബാങ്കിന്റെ ഭാവി വരുമാനമോ അറ്റ പലിശ മാർജിനോ (എൻഐഎം; NIM) കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിഇഒ പറഞ്ഞു.
നിഷ്‌ക്രിയ ആസ്തി
“ആസ്തികളുടെ വരുമാനം (RoA) 2 ശതമാനത്തിൽ തുടരുന്ന തരത്തിലാണ് ആസ്തിയിലെ വൈവിധ്യവൽക്കരണം,” അദ്ദേഹം വ്യക്തമാക്കി.
നിഷ്‌ക്രിയ ആസ്തികളിൽ (എൻപിഎ; NPA) മൂന്നാം പാദത്തിൽ ഗണ്യമായ വർധനയുണ്ടായതായി സിഇഒ പറഞ്ഞു, “എന്നാൽ, മൂന്നാം പാദത്തിലും നാലാം പാദത്തിലും തങ്ങൾ എൻപിഎ ശരിയാക്കിയെടുക്കുമെന്നും 2024 മാർച്ചോടെ കഴിഞ്ഞ മാർച്ചിലുണ്ടായിരുന്ന സ്ഥാനത്ത് തങ്ങൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇസാഫ് ബാങ്കിന്റെ 1075 കോടി രൂപയുടെ എൻപിഎ കഴിഞ്ഞ വർഷം ഒരു അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനിക്ക് (എആർസി; ARC) വിറ്റതായി ഒരു ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു.
മൈക്രോ ലോണുകൾ ബാങ്കിന് 22 മുതൽ 26 ശതമാനം വരെ ഉയർന്ന ആദായം നൽകുന്നു. കൂടാതെ, ഇസാഫ് ബാങ്കിന് ഏകദേശം 2,400 കോടി രൂപയുടെ സ്വർണ്ണ വായ്പകളുണ്ട്; അത് 13 മുതൽ 13.4 ശതമാനം വരെ ലാഭം നല്കിക്കൊണ്ടിരിക്കയും ചെയ്യുന്നു.