ഇസാഫ് ബാങ്കിന് വിദേശ വിനിമയ ബിസിനസ് നടത്താൻ ആർബിഐ അനുമതി

  • ഇസാഫ് ബാങ്കിന് AD കാറ്റഗറി 1 ലൈസൻസ് ലഭിക്കുന്നു
  • ഐപിഒ അപേക്ഷ ഈ മാസം (മെയ്) വീണ്ടും ഫയൽ ചെയ്യുന്നു

Update: 2023-05-05 15:30 GMT

കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകൃത ഡീലർ കാറ്റഗറി - I (AD Category 1) ലൈസൻസ് അനുവദിച്ചു.

പുതിയ നീക്കം ബാങ്കിനെ അതിന്റെ ഉപഭോക്താക്കളുടെ വിദേശ വിനിമയ ബിസിനസ് ആവശ്യകത നിറവേറ്റുന്നതിന്  സജ്ജമാക്കിയിരിക്കയാണ്. മാത്രമല്ല, ഒരു സാമ്പത്തിക സ്ഥാപനമെന്ന നിലയിൽ ബാങ്കിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇത് തീർച്ചയായും സഹായിക്കും.

എല്ലാ ഷെഡ്യൂൾഡ് സ്മോൾ ഫിനാൻസ് ബാങ്കുകളും (എസ്എഫ്ബി; SFB) എഡി കാറ്റഗറി-II ആയി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൽ അംഗീകൃത ഡീലർ കാറ്റഗറി-1 ലൈസൻസിന് യോഗ്യരാകുമെന്ന് ഏകദേശം 9 മാസം മുമ്പ് സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

“ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന് 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ; FEMA) സെക്ഷൻ 10(1) പ്രകാരം വിദേശനാണ്യത്തിൽ വ്യാപാരം നടത്താൻ ആർബിഐ ഒരു അംഗീകൃത കാറ്റഗറി-1 ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന് ഞങ്ങൾ ഇതിനാൽ അറിയിക്കുന്നു. ഇത് കാലാകാലങ്ങളിൽ ആർബിഐ ഏർപ്പെടുത്തിയേക്കാവുന്ന വ്യവസ്ഥകൾക്ക് വിധേയമായിറിലേക്കും," ഇന്നലെ ആർബിഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

കുറഞ്ഞ പക്ഷം 500 കോടി രൂപയുടെ ആസ്തി, 15 ശതമാനം മൂലധന / അപകടസാധ്യത ആസ്തി (capital to risk-weighted assets) അനുപാതം, തുടർച്ചയായ നാല് പാദങ്ങളിൽ 6 ശതമാനത്തിൽ കൂടാത്ത അറ്റ നിഷ്‌ക്രിയ ആസ്തി, കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ലാഭ ചരിത്രം എന്നിങ്ങനെ കാറ്റഗറി 1 ലൈസൻസ് ലഭിക്കുന്നതിന് ആർബിഐ മുന്നോട്ടു വച്ചിട്ടുള്ള നിബന്ധനകളെല്ലാം ഇസാഫ് ബാങ്ക് ഇതിനകം തന്നെ നേടിയിട്ടുണ്ട്.

നിഷ്ക്രിയ ആസ്തി

എന്നാലും, അടുത്തകാലത്തായി ഇസാഫ് അതിന്റെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ കടന്നുപോവുകയാണ്; പ്രത്യേകിച്ച് ആസ്തി ഗുണനിലവാരത്തിന്റെ കാര്യത്തിൽ. 2022 സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അറ്റ എൻപിഎ (NPA) എക്കാലത്തെയും ഉയർന്ന 4.34 ശതമാനം വരെ എത്തിയിരുന്നു.

2022 മാർച്ച് അവസാനത്തിലെ അറ്റ നിഷ്ക്രിയ ആസ്തിയായ 3.92 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 (FY23) മൂന്നാം പാദത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ കണക്കനുസരിച്ച്  ഇസാഫിന്റെ അറ്റ നിഷ്ക്രിയ ആസ്തി 3.74 ശതമാനമാണ്.

എന്നാൽ, മൂലധന പര്യാപ്തതയുടെ കാര്യത്തിൽ ഇസാഫ് മുന്നിലാണ്; 2022 ഡിസംബർ അവസാനത്തിലെ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (CAR) റീസർവ് ബാങ്ക് കണക്കനുസരിച്ചു കുറഞ്ഞത് 15 ശതമാനം ആവശ്യമുള്ളിടത്ത്  20.27 ശതമാനത്തിൽ വളരെ ആരോഗ്യകരമായി നിലനിർത്താൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. 

ഐ‌പി‌ഒ

ആർ‌ബി‌ഐ അനുവദിച്ച ഈ പുതിയ ലൈസൻസ് തീർച്ചയായും ഇസാഫ് ബാങ്കിന് ആവശ്യമായ ഊർജം പകരുമെന്നതിൽ സംശയമില്ല. മുമ്പ് രണ്ടുതവണ 'ടേക്ക് ഓഫ്' ചെയ്യുന്നതിൽ പരാജയപ്പെട്ട, ഏറെ കാത്തിരുന്ന പ്രാഥമിക പബ്ലിക് ഓഫറിംഗിനായി (ഐ‌പി‌ഒ) വീണ്ടും അപേക്ഷ ഫയൽ ചെയ്യാൻ ബാങ്ക് തയ്യാറെടുക്കുകയാണിപ്പോൾ.

2023 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ഈ മാസം (മെയ്) തന്നെ ബാങ്ക് പബ്ലിക് ഇഷ്യൂ അപേക്ഷ സമർപ്പിക്കുമെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സിഇഒയും എംഡിയുമായ കെ പോൾ തോമസ് പ്രസ്താവിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

Tags:    

Similar News