ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് മോട്ടോര്‍ വാഹന വകുപ്പ്
- മെയ് 1 മുതല്‍ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരും
- പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി
- പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷമാക്കി
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് മോട്ടോര്‍ വാഹന വകുപ്പ്.
ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം കാര്‍ ലൈസന്‍സ് ടെസ്റ്റിന് 'H' എടുക്കലിന് പകരം അംഗുലാര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്, സിഗ് സാഗ് ഡ്രൈവിങ് , ഗ്രെഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തി.
ഇരുചക്ര വാഹവങ്ങളുടെ ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള വാഹനമായിരിക്കണം. നിലവില്‍ കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള വാഹനമാണ് ഇതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഇനി ഉപയോഗിക്കാന്‍ പാടില്ല.
ഡ്രൈവിങ് സ്‌കൂള്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷമാക്കി. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നീക്കം ചെയ്യണം. ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടര്‍ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ ഉടമ സ്ഥാപിക്കണം.
ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരുമാകണം.
ഡ്രൈവിങ് ടെസ്റ്റ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി സര്‍ക്കാര്‍ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും പുതുക്കിയ നിബന്ധനകളില്‍ പരാമര്‍ശിക്കുന്നു.
മെയ് 1 മുതല്‍ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരും.