ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണം; നിരാമയ ഇന്‍ഷുറന്‍സിന് അപേക്ഷിക്കാം

  • നിരാമയ പദ്ധതിയില്‍ ഒരു ലക്ഷം രൂപ വരെ വാര്‍ഷിക ചികിത്സാ ചെലവ് ലഭിക്കുന്നു

Update: 2023-06-24 06:45 GMT

ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന ഭിന്നശേഷിക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങള്‍ എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള നാഷണല്‍ ട്രസ്റ്റാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്‍ഷുറന്‍സിനായി ആധാര്‍ കാര്‍ഡ്, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, യു ഡി ഐ ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമടക്കം അപേക്ഷകള്‍ കലക്ടറേറ്റിലുള്ള എല്‍എല്‍സി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7592006662 എന്ന നമ്പറില്‍ വിളിച്ച് ചോദിക്കാവുന്നതാണ്.

എന്താണ് നിരാമയ

സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള പദ്ധതിയാണിത്. നാഷണല്‍ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ വഴി നടപ്പിലാക്കുന്ന സ്‌കീമുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് നിരാമയ ഇന്‍ഷൂറന്‍സ് സ്‌കീം.

ഒരു ലക്ഷം രൂപ വരെ വാര്‍ഷിക ചികിത്സാ ചെലവ് ലഭിക്കുന്ന പദ്ധതിയാണ് നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. റീഇംബേഴ്‌സ്‌മെന്റ് അടിസ്ഥാനത്തില്‍ ആണ് ഒരു ലക്ഷം രൂപവരെയുള്ള ചികിത്സ ലഭ്യമാക്കുന്നത്. ഒപിഡി ചികിത്സ, മറ്റ് അസുഖങ്ങളില്ലാത്ത വികലാംഗര്‍ക്കുള്ള പതിവ് മെഡിക്കല്‍ പരിശോധന, ഡെന്റല്‍ പ്രിവന്റീവ് ദന്തചികിത്സ, നോണ്‍-സര്‍ജിക്കല്‍ ഹോസ്പിറ്റലൈസേഷന്‍ എന്നിവ പദ്ധതിക്ക് കീഴില്‍ ലഭ്യമാക്കുന്നുണ്ട്.

വൈകല്യം രൂക്ഷമാകാതിരിക്കാനുള്ള ശസ്ത്രക്രിയകള്‍, ജന്മനായുള്ള വൈകല്യത്തിനുള്ള ചികിത്സ, നിലവിലുള്ള ചികിത്സകള്‍, ഇതര മരുന്ന് എന്നിവയും നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ ലഭ്യമാകും. ഗതാഗത ചെലവുകളും പദ്ധതിയില്‍ ഉള്‍ക്കൊള്ളും. ഈ പദ്ധതിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് പ്രീ-ഇന്‍ഷുറന്‍സ് മെഡിക്കല്‍ ടെസ്റ്റുകള്‍ ആവശ്യമില്ല.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍

ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, , മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് തുടങ്ങിയ വൈകല്യമുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനാണ് നിരാമയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി വിഭാവനം ചെയ്തത്. നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം സാധുതയുള്ള വികലാംഗ സര്‍ട്ടിഫിക്കറ്റ് ഉള്ള വികലാംഗര്‍ക്ക് ഈ സ്‌കീമിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.

നടപടികള്‍

പദ്ധതിയില്‍ ചേരുന്നതിന് ബിപിഎല്‍ വിഭാഗം 250 രൂപയും, എ.പി.എല്‍ വിഭാഗം 500 രൂപയും പ്രീമിയം തുക അടക്കണം. കേരളത്തില്‍ ഈ പ്രീമിയം തുക സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്റര്‍ വഴിയാണ് അടക്കുന്നത്. എല്ലാ വര്‍ഷവും എപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതി കാലാവധി.

എല്ലാ വര്‍ഷവും പോളിസി പുതുക്കേക്കണ്ടുത്. ഇതിനായി ബിപിഎല്‍ വിഭാഗം 50 രൂപയും, എപിഎല്‍ വിഭാഗം 250 രൂപയും പ്രീമിയം തുക അടക്കണം. ഈ തുകയും കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് അടക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷം പേര്‍ക്കാണ് നിരാമയ പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്നതിന് നാഷണല്‍ ട്രസ്റ്റ് അവസരം നല്‍കുന്നത്. നിലവില്‍ 49,685 പേരെ ചേര്‍ത്തു കൊണ്ട് കേരളം ഒന്നാം സ്ഥാനത്താണ്.

Tags:    

Similar News