ക്യുഐപി വഴി 100 കോടി രൂപ സമാഹരിക്കുമെന്ന് വികാസ് എക്കോടെക്
- മെയ് 31ന് ക്യൂഐപി ഇഷ്യു തുടങ്ങി
- ആദ്യ ഘട്ടത്തില്‍ 50 കോടി വരെയുള്ള സമാഹരണം
- ബിസിനസ് പോര്‍ട്ട്‍ഫോളിയോ വിപുലീകരിക്കുന്നു
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി 100 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നതായി റീസൈക്ലിംഗ് കമ്പനിയായ വികാസ് ഇക്കോടെക് ബുധനാഴ്ച അറിയിച്ചു. മെയ് 31 ന് ആരംഭിച്ച ക്യുഐപി ഇഷ്യൂവിൽ നിന്നുള്ള വരുമാനം ബിസിനസ് വിപുലീകരിക്കുന്നതിനും പ്രവർത്തന മൂലധന ആവശ്യകതയ്‌ക്കായി ഉപയോഗിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഒരു നിർദ്ദേശം കമ്പനിയുടെ ബോർഡ് അടുത്തിടെ നടന്ന യോഗത്തിൽ അംഗീകരിച്ചിരുന്നു. ക്യുഐപിയുടെ ആദ്യ ഘട്ടത്തില്‍ 50 കോടി രൂപയിൽ കവിയാത്ത സമാഹരണവും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ബാക്കി തുകയുടെ സമാഹരണവും നടത്തുന്നതിനാണ് ബോർഡ് അംഗീകാരം നല്‍കിയിട്ടുള്ളത്. ക്യുഐപി അവതരണം ആരംഭിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരി വിലയില്‍ വർധന പ്രകടമായിരുന്നു
സ്റ്റീൽ പൈപ്പുകളും എംഡിപിഇ (ഇടത്തരം സാന്ദ്രതയുള്ള പോളിയെത്തീൻ) പൈപ്പുകളും നിർമ്മിച്ചുകൊണ്ട് തങ്ങളുടെ ബിസിനസ് പോർട്ട്ഫോളിയോ വിപുലീകരിക്കുന്നതിനുള്ള നീക്കത്തിലാണ് വികാസ് ഇക്കോടെക്. കഴിഞ്ഞ മാസം, ഹരിയാനയിലെ ഗുരുഗ്രാമിൽ വാണിജ്യ, പാർപ്പിട പദ്ധതികളുടെ വികസനം ഏറ്റെടുത്തുകൊണ്ട് കമ്പനി റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നിരുന്നു.
ഡൽഹി രാജ്യതലസ്ഥാന മേഖലയിലെ വാണിജ്യ, പാർപ്പിട പദ്ധതികളില്‍ ഏർപ്പെട്ടിരിക്കുന്ന നൈസ് അപ്പാർട്ട്മെന്റ് കൺസ്ട്രക്ഷൻസുമായി സഹകരിച്ച് പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും വികാസ് എക്കോടെക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക്കൽ, ഇൻഫ്രാസ്ട്രക്ചർ, പാക്കേജിംഗ്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലെ ആപ്ലിക്കേഷനുകൾക്കായി സ്പെഷ്യാലിറ്റി പോളിമറുകള്‍ തയാറാക്കുന്ന ബിസിനസ്സിലും കമ്പനി ഏർപ്പെട്ടിരിക്കുന്നു.
വികാസ് ഇക്കോടെക്കിന്‍റെ അറ്റാദായം ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ 1.79 കോടി രൂപയാണ്. മുൻ വർഷം സമാനപാദത്തിലെ അറ്റാദായമായ 1.23 കോടി രൂപയിൽ നിന്ന് 46 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചയാണ് പ്രകടമായത്. 2022 ഡിസംബർ പാദത്തിൽ കമ്പനി 2.78 കോടി രൂപ അറ്റാദായം നേടിയിരുന്നു.