സ്വന്തം സ്പേസ് സ്റ്റേഷന്റെ പരീക്ഷണങ്ങൾ അടുത്ത വർഷം: ഇസ്‌റോ

  • ഭാരതിയ സ്പേസ് സ്റ്റേഷന്റെ ആദ്യ പരീക്ഷണങ്ങൾ അടുത്ത വർഷം ആരംഭിക്കും
  • 15 മുതൽ 20 ദിവസം വരെ നിലയത്തിൽ ഗവേഷകർക്ക് താമസിച്ച്‌ വിവിധ പഠനം നടത്താം
  • ബഹിരാകാശ നിലയത്തിന്റെ പ്രാരംഭ ഘടന 2028-ഓടെ പ്രവർത്തനക്ഷമമാകും

Update: 2024-01-22 14:30 GMT

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ ) യുടെ നേതൃത്വത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭാരതിയ സ്പേസ് സ്റ്റേഷന്റെ ആദ്യ പരീക്ഷണങ്ങൾ അടുത്ത വർഷം ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. ഫാരിദാബാദിൽ നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ശാസ്ത്രോത്സവത്തിൽ പങ്കെടുക്കവെ ആണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. 2035-ഓടെ പൂർണ്ണ സജ്ജമാകുന്ന ബഹിരാകാശ നിലയത്തിന്റെ പ്രാരംഭ ഘടന 2028-ഓടെ പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതി. 

"അടുത്ത വർഷം നിലയത്തിന്റെ ആദ്യ പരീക്ഷണങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്," 2028-ഓടെ പ്രാരംഭ ഘടനയുടെ നിർമ്മാണവും, പരീക്ഷണവും ലക്ഷ്യമിട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും സോമനാഥ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ നിലയം നിർമ്മാണത്തിന്റെ രൂപരേഖ പുനഃപരിശോധനയിലാണ്. 2030 ആയിരുന്നു ആദ്യം നിശ്ചയിച്ച പൂർത്തീകരണ കാലയളവ്. എന്നാൽ ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളും കോവിഡ്-19 മഹാമാരിയും കാരണം 2035 ലേക്ക് നീട്ടുകയായിരുന്നു. 2040-ഓടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിൽ ഇറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ബഹിരാകാശ വൈദ്യശാസ്ത്രം, ഭൗമശാസ്ത്രം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ നിരവധി മേഖലകളിൽ ഈ നിലയം ഗവേഷണങ്ങൾക്ക് വേദിയൊരുക്കും. ഭൗമിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ശാസ്ത്രീയ വിവരങ്ങൾ നൽകുന്നതിനും ഈ നിലയം സഹായകമാകും.

20 ടൺ ഭാരമുള്ള ഈ ബഹിരാകാശ നിലയം ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഗവേഷകർക്ക് 15 മുതൽ 20 ദിവസം വരെ ഈ നിലയത്തിൽ താമസിച്ച്‌ വിവിധ ശാസ്ത്ര പരീക്ഷണങ്ങളും, ഗവേഷണങ്ങളും നടത്താനാകും. ചന്ദ്രയാൻ, മംഗൾയാൻ ദൗത്യങ്ങൾ, സൂര്യ പഠനത്തിനായുള്ള ആദിത്യ-എൽ1 പരീക്ഷണം എന്നീ ഇന്ത്യൻ ശാസ്‌ത്രലോകം ഇതുവരെയും കൈവരിച്ച നേട്ടങ്ങൾ പുതിയ ദൗത്യത്തിന് കരുത്ത് പകരുന്നു.

മൈക്രോ ഗ്രാവിറ്റി പഠനങ്ങൾ, അന്താരാഷ്ട്ര സഹകരണ ഗവേഷണങ്ങൾ, ബഹിരാകാശ ജീവശാസ്ത്രം- മെഡിസിൻ എന്നീ മേഖലകളിലെ പഠനങ്ങൾ എന്നിവയ്‌ക്കായി നിലയം ഉപയോഗപ്പെടുത്താനാണ് പദ്ധതി.

"ഭാരതീയ ആന്തരിക്ഷ നിലയം ഇന്ത്യയുടെ ഇന്റർപ്ലാനറ്ററി ദൗത്യങ്ങൾക്കുള്ള ഒരു കവാടമായി പ്രവർത്തിക്കും" എന്ന് ശാസ്ത്രജ്ഞന്മാർ പറഞ്ഞു.

ഇന്ത്യൻ വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും ഈ നിലയം ബഹിരാകാശ ഗവേഷണത്തിനുള്ള അതുല്യ അവസരം നൽകുമെന്നും. മാത്രമല്ല,  ലോകമെമ്പാടുമുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനും അറിവും സാങ്കേതികവിദ്യയും പങ്കുവയ്ക്കാനുമുള്ള വേദിയായി ഈ നിലയം മാറുമെന്നും പ്രതീക്ഷിക്കുന്നു. 

Tags:    

Similar News