സപ്ലൈചെയിനുകള്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാന്‍ കമ്പനികള്‍
- കോവിഡിനുശേഷം ആഗോളകമ്പനികള്‍ക്ക് നിലപാടുമാറ്റം
- ചൈനയ്ക്ക് പുറത്ത് വന്‍കിടക്കാര്‍ നിക്ഷേപമിറക്കുന്നു
- നേട്ടം കൊയ്യുന്നത് ഇന്ത്യയും മെക്‌സിക്കോയും തെക്കുകിഴക്കന്‍ ഏഷ്യയും
കൂടുതല്‍ ആഗോള കമ്പനികള്‍ സപ്ലൈ ചെയിന്‍ വൈവിധ്യവല്‍ക്കരണം ഗൗരവമായി എടുക്കുന്നു. ആഗോളതലത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യുന്നതിന് ഒരിടത്തുമാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക എന്നത് അപകടകരമാണെന്ന് എല്ലാവരും ഇന്ന് തിരിച്ചറിയുകയാണ്.
മുന്‍പ് ചൈനയെ മാത്രം ആശ്രയിച്ചാണ് ആഗോള ഭീമന്‍മാര്‍ തടിച്ചു കൊഴുത്തത്. എന്നാല്‍ കോവിഡ് കാലം എല്ലാ ചിന്തകളെയും നിലപാടുകളെയും മാറ്റിമറിച്ചു. കൂടാതെ ദീര്‍ഘകാലമായി തുടരുന്ന യുഎസ് -ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ കമ്പനികളുടെ നിലനില്‍പ്പിനെയും പ്രവര്‍ത്തനത്തെയും ബാധിച്ചുതുടങ്ങി.
ഇന്ത്യ, മെക്‌സിക്കോ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവ ഈ പരിവര്‍ത്തനകാലത്ത് നേട്ടം കൊയ്യും എന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇന്ത്യയും മെക്‌സിക്കോയും വര്‍ധിച്ചുവരുന്ന പ്രാദേശിക വിതരണ ശൃംഖലയില്‍ നിന്ന് പ്രയോജനം നേടുന്ന രണ്ട് സമ്പദ്വ്യവസ്ഥകളുമാണ്.
ഇന്ത്യയില്‍ 2031 ഓടെ ഉല്‍പ്പാദന അടിത്തറ മൂന്നിരട്ടിയായി വര്‍ധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജിഡിപിയുടെ വിഹിതത്തിലും വന്‍ വര്‍ധന ഉണ്ടാകും.
മെക്‌സിക്കോയില്‍, കയറ്റുമതിയില്‍ ഏകദേശം 30 ശതമാനം ലാഭമുണ്ടാകുമെന്ന് റിപ്പോര്‍ട്ടു പറയുന്നു.യുഎസും മെക്‌സിക്കോയും തമ്മിലുള്ള വ്യാപാര ബന്ധവും മികച്ചതാണ്. ലോകത്ത് ഒരു വിഭാഗം ഇന്ന് ചൈനയെ ഒഴിവാക്കി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇത്.
പുതിയ സപ്ലൈ ചെയിന്‍ സൃഷ്ടിച്ചെടുക്കുന്നത് ഏറെ സമയം ആവശ്യമുള്ളതും ചെലവേറിയതും ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയുമാണ്. അതിനാല്‍ പുതിയ വഴി തുറക്കുമ്പോള്‍കൂടുതല്‍ സംരക്ഷണ നിയമങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചൈനയെ മാത്രം ആശ്രയിച്ച് നിന്നാല്‍ ബിസിനസ് ലാഭകരമാവില്ല എന്ന തിരിച്ചറിവ് ഇന്ന് കമ്പനികള്‍ക്കുണ്ട്. പക്ഷേ ചൈനയിലെ ബിസിനസിന്റെ അടിത്തറ മാറ്റാന്‍ ആഗോള കമ്പനികള്‍ താല്‍പ്പര്യപ്പെടുന്നില്ല.
പ്രധാനമായും കമ്പനികള്‍ പുതിയ അവസരം കണ്ടെത്തുന്നത് ഇന്ത്യയിലും മെക്‌സിക്കോയിലും ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചില ഭീമന്‍ കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖല നിക്ഷേപങ്ങള്‍ തന്ത്രപരമായി പുനഃക്രമീകരിക്കുകയാണ്. യുഎസ്-ചൈന പിരിമുറുക്കങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ചില അപകടസാധ്യതകള്‍ മാറ്റുന്നതിനായി ഇന്ത്യയില്‍ ഒരു പുതിയ പ്ലാന്റില്‍ 700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ആപ്പിളിന്റെ പങ്കാളിയായ ഫോക്സ്‌കോണ്‍ പ്രഖ്യാപിച്ചത് ഇതിനുദാഹരണമാണ്.
ചൈനയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കമ്പനികളും മറ്റൊരു രാജ്യത്തുകൂടി നിക്ഷേപം ഇറക്കുകയാണ്. അല്ലെങ്കില്‍ ഒന്നിലധികം രാജ്യങ്ങളിലേക്ക് നീങ്ങുന്നു.
ഇന്ന് ചൈനീസ് കമ്പനികളുടെ പല ഉല്‍പ്പന്നങ്ങളും അമേരിക്കയുടെ കണ്ണിലെ കരടാണ്. കാരണം അവര്‍ അതില്‍ പലതും സരുക്ഷിതമല്ല എന്ന് വാദിക്കുന്നു. ഈ പ്രവണത ചൈനയുടെ ബിസിനസിന് വലിയ തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്.
ചൈനയില്‍ നിന്നുള്ള അപകടസാധ്യത ഇല്ലാതാക്കല്‍ പ്രക്രിയ സാവധാനത്തില്‍ മാത്രമെ പുരോഗമിക്കു.ബെയ്ജിംഗിന്റെ മിക്ക സാങ്കേതിക ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളും ഇനി തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും ഇന്ത്യയിലേക്കും ഒഴുകും.