നിക്ഷേപ ഹബ്ബായി തമിഴ്നാട് ! ടാറ്റ മോട്ടോഴ്‌സിൻ്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പ്ലാൻ്റിന് തറക്കല്ലിട്ടു
ടാറ്റ മോട്ടോർസിന്റെ പുതിയ വാഹന നിർമ്മാണ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിച്ചു. റാണിപേട്ട് ജില്ലയിലെ പനപാക്കത്താണ് 500 ഏക്കർ സ്ഥലത്ത് പ്ലാന്റ് നിർമിക്കുന്നത്. നിലവിൽ ടാറ്റ മോട്ടോഴ്സ് ദക്ഷിണേന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ പ്ലാന്റാണ് തമിഴ്നാട്ടിൽ സ്ഥാപിക്കുന്നത്. റാണിപേട്ടില്‍ സ്ഥിപിക്കുന്ന പ്ലാന്റിൽ ജ്വാഗര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ ആഡംബര കാറുകളാണ് നിര്‍മ്മിക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മുതിർന്ന ഡിഎംകെ മന്ത്രിമാരായ ദുരൈ മുരുകൻ, ടിആർബി രാജ, ചീഫ് സെക്രട്ടറി എൻ മുരുകാനന്ദം, ടാറ്റ സൺസ് ലിമിറ്റഡ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എന്നിവർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.
ഫാക്ടറി സ്ഥാപിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് മാർച്ചിൽ സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇത് പ്രകാരം കമ്പനി അടുത്ത അഞ്ച് വർഷം കൊണ്ട് 9000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് നടത്തുക. ഇതിലൂടെ നേരിട്ടും അല്ലാതെയും ഏകദേശം 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.