ചെങ്കടല്‍ പ്രതിസന്ധി: സ്ഥിതി ഇന്ത്യ പരിശോധിക്കുന്നു

  • യോഗം വിളിച്ചത് വാണിജ്യ മന്ത്രാലയം
  • വ്യാപാരം സുഗമമാക്കാന്‍ ബാങ്കുകളോടും ഇന്‍ഷുറന്‍സ് കമ്പനികളോടും ആവശ്യപ്പെട്ടു

Update: 2024-02-06 11:57 GMT

ചെങ്കടലില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാപാര രംഗത്തെ മുന്നോട്ടുള്ള വഴി ചര്‍ച്ച ചെയ്യാന്‍ ഈമാസം 8 ന് ഉന്നതതല അന്തര്‍ മന്ത്രാലയ സമിതി യോഗം ചേരുന്നു. വാണിജ്യ മന്ത്രാലയമാണ് ഈ യോഗം വിളിച്ചുചേര്‍ത്തത്. നേരത്തെ ജനുവരി 17ന് ഈ വിഷയത്തില്‍ പാനല്‍ യോഗം ചേര്‍ന്നിരുന്നു.

വിദേശകാര്യം, പ്രതിരോധം, ഷിപ്പിംഗ്, ധനകാര്യം (സാമ്പത്തിക സേവന വകുപ്പ്), വാണിജ്യം എന്നീ അഞ്ച് മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ചെങ്കടല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ചരക്ക് ചെലവ് പ്രശ്നങ്ങള്‍ നേരിടുന്ന കയറ്റുമതിക്കാരുടെ വായ്പാ ഒഴുക്ക് നിരീക്ഷിക്കാനും നിലനിര്‍ത്താനും കഴിഞ്ഞ യോഗത്തില്‍ വാണിജ്യ മന്ത്രാലയം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനോട് (ഡിഎഫ്എസ്) ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കയറ്റുമതിക്കാരുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും വിദേശ വ്യാപാരം സുഗമമാക്കാനും ധനമന്ത്രാലയം ബാങ്കുകളോടും ഇന്‍ഷുറന്‍സ് കമ്പനികളോടും ആവശ്യപ്പെട്ടു.

ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന വ്യാപാരികളുടെ നിര്‍ണായക കപ്പല്‍ മാര്‍ഗമായ ബാബ്-എല്‍-മണ്ടേബ് കടലിടുക്കിന് ചുറ്റുമുള്ള സാഹചര്യം ഡിസംബറില്‍ യെമന്‍ ആസ്ഥാനമായുള്ള ഹൂതി വിമതരുടെ ആക്രമണത്തെത്തുടര്‍ന്നാണ് രൂക്ഷമായത്.

ഇക്കാരണത്താല്‍, ഷിപ്പിംഗ് ചെലവുകള്‍ കുതിച്ചുയര്‍ന്നു, കപ്പലുകള്‍ ആഫ്രിക്കയെ വലയം ചെയ്യുന്ന കേപ് ഓഫ് ഗുഡ് ഹോപ്പ് റൂട്ടില്‍ സഞ്ചരിക്കുന്നതിനാല്‍ ചരക്കുകള്‍ യൂറോപ്പിലേക്കും യുഎസിലേക്കും എത്താന്‍ കൂടുതല്‍ സമയമെടുക്കുന്നു.

ദൈര്‍ഘ്യമേറിയ റൂട്ടുകള്‍ ഏകദേശം 14-20 ദിവസത്തെ കാലതാമസത്തിനും ഉയര്‍ന്ന ചരക്ക്, ഇന്‍ഷുറന്‍സ് ചെലവുകള്‍ക്കും കാരണമാകുന്നു. കയറ്റുമതി വായ്പാ പലിശ നിരക്ക് വര്‍ധിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയം ഇസിജിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News