പെരുവഴിയിലായി ക്യാമ്പസ് സെലക്ഷന്‍
- കോളേജുകളില്‍ നിന്ന് താരതമ്യേന കുറഞ്ഞ നിയമനമാണ് നടത്തിയത്
ഇന്ത്യന്‍ ഐടി കമ്പനികള്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റുകളോട് പുറംതിരിഞ്ഞ് നില്‍ക്കുമ്പോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പരിശ്രമിച്ച് എന്ർജിനീ യറിംഗ് കോളേജുകള്‍.
പ്ലേസ്‌മെന്റ് സീസണില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) പോലുള്ള മുന്‍നിര സ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാനങ്ങളിലെ സാധാരണ എന്‍ജിനീയറിഗ് കോളജുകള്‍ വരെ കൂടുതല്‍ കമ്പനികളെ കാമ്പസുകളിലെത്തിക്കുവാന്‍ കഠിന പരിശ്രമത്തിലാണ്. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളും സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളും അടക്കം റിക്രൂട്ടർ പട്ടിക 25 ശതമാനം മുതല്‍ 100 ശതമാനം വരെ വിപുലീകരിക്കുകയാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സേവനങ്ങളും പല സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തിയാണ് ഈ നീക്കം.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ ഫലം പുറത്ത് വന്നതിന് പിന്നാലെ ഈ വര്‍ഷം കോളേജുകളില്‍ നിന്നുള്ള നിയമനങ്ങള്‍ ഒഴിവാക്കുകയാണ് ഇന്‍ഫോസിസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും, മുന്‍നിര ഐടി സ്ഥാപനങ്ങള്‍ കോളേജുകളില്‍ നിന്ന് താരതമ്യേന കുറഞ്ഞ നിയമനമാണ് നടത്തിയത്. ഈ വര്‍ഷം ഇത് കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ടെന്നാണ് കാമ്പസ് പ്ലേസ്‌മെന്റ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
ഐഐടി കാണ്‍പൂര്‍ ഈ വര്‍ഷം കുറഞ്ഞത് 1,000 പുതിയ കമ്പനികളെ കാമ്പസ് റിക്രൂട്ട്‌മെന്റിനായി ക്ഷണിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം 10-15 ശതമാനം വരെ കുറവ് ഓഫറുകള്‍ സ്ഥാപനം പ്രതീക്ഷിക്കുന്നുള്ളുവെന്നു വിദഗ്ധര്‍ പറയുന്നു. അതേസമയം, റിക്രൂട്ടര്‍മാരെ ലഭിക്കുന്നതിനായി കൂടുതല്‍ ശ്രമങ്ങളുമായി ഐഐടി മദ്രാസ് പ്ലേസ്മെന്റ് സെല്ലിലെ വിദ്യാര്‍ത്ഥി ടീമിനെ 25 ശതമാനം വിപുലീകരിച്ചു. ഐഐടി പ്ലേസ്മെന്റ് സീസണിനായി ഇത്രയും ഉയര്‍ന്ന നിലയില്‍ പ്ലേസ്‌മെന്റ് ടീമിനെ ഒരുക്കുന്നത് ഇതാദ്യമായാണ്.
നിര്‍മ്മാണ മേഖലയും സെമി കണ്ടക്ടർ വ്യവസായവും കഴിഞ്ഞ വര്‍ഷം വന്‍ വളര്‍ച്ച കൈവരിച്ചവയാണ്. ഇതിനാല്‍ ഈ വര്‍ഷത്തെ പ്ലേസ്മെന്റുകള്‍ക്കായി ഇത്തരം മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പദ്ധതിയിടുന്നത്.