ഒലയ്ക്കും യൂബറിനും വെല്ലുവിളിയായി ബെംഗളൂരുവിന്‍റെ 'നമ്മ യാത്രി'
- ഡ്രൈവര്‍മാര്‍ക്ക് ഇതുവരെ നല്‍കിയത് 189 കോടി രൂപ വരുമാനം
- നമ്മയാത്രിയിലെ കുറഞ്ഞ നിരക്ക് 30 രൂപ
- പ്രവര്‍ത്തനം സീറോ കമ്മിഷന്‍ മോഡലില്‍
;

ഒലയ്ക്കും യൂബറിനും മത്സരം ഉയര്‍ത്തി, ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍മാരെ കൂട്ടിയിണക്കി ആരംഭിച്ച 'നമ്മ യാത്രി' ആപ്ലിക്കേഷന് ലഭിക്കുന്നത് മികച്ച സ്വീകാര്യത. കഴിഞ്ഞ വർഷം നവംബറിൽ ലോഞ്ച് ചെയ്തതുമുതൽ തങ്ങളുടെ പ്ലാറ്റ്‍ഫോമിലെ ഡ്രൈവർമാർക്കായി 189 കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാന്‍ ഈ ഓട്ടോ ഹെയ്‍ലിംഗ് ആപ്പിനായി. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്‍റെ (ഒഎന്‍ഡിസി) പിന്തുണയോടു കൂടിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
വന്‍കിട പ്ലാറ്റ്‍ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി സീറോ കമ്മീഷൻ മോഡലിലാണ് നമ്മ യാത്രി പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഏകദേശം 19 കോടി രൂപയുടെ മൊത്തം ലാഭം ഉണ്ടായിട്ടുണ്ടെന്നും നമ്മ യാത്രി അവകാശപ്പെട്ടു.
“ബംഗളുരുവിലെ നമ്മ യാത്രി ഡ്രൈവർമാർ ഇന്നുവരെ 189 കോടി നേടിയിട്ടുണ്ട്. സീറോ കമ്മീഷൻ മോഡലിലൂടെ ഈ വരുമാനം പൂര്‍ണമായും ഡ്രൈവർമാരിലേക്ക് പോകുന്നു. വൻകിട പ്ലാറ്റ്‍ഫോമുകളുടെ ശരാശരി കമ്മിഷന്‍ 10 ശതമാനമാണെന്ന് കണക്കാക്കിയാല്‍ പോലും, ഡ്രൈവർമാർ ഒന്നിച്ച് ലാഭിച്ചത് 19 കോടി രൂപയാണ്. ഈ സംഖ്യകള്‍ കൂടുതല്‍ വലുതും മികച്ചതുമാകാന്‍ പോകുകയാണ് ” ഒഎന്‍ഡിസി ജീവനക്കാരിയായ ടീന ഗുർനാനി തന്‍റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നു.
ഉപഭോക്താക്കളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്നാരോപിച്ച് ഗതാഗത വകുപ്പും റൈഡ് ഹെയ്‌ലിംഗ് വമ്പന്‍മാരായ ഒലയും യൂബറും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം നമ്മ യാത്രി ആപ്പ് അവതരിപ്പിക്കപ്പെട്ടത്. നമ്മ യാത്രി ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കളെ ഓട്ടോ ഡ്രൈവർമാരുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. അതിനാല്‍ എല്ലാ റെയ്ഡുകളിലും ന്യായമായ ഫീസ് മാത്രം ഉറപ്പാക്കാന്‍ സാധിക്കും.
2 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് പോലും, ഒല, യുബര്‍, റാപ്പിഡോ തുടങ്ങിയ പ്ലാറ്റ്‍ഫോമുകള്‍ 100 രൂപയ്ക്ക് മുകളില്‍ ഈടാക്കുന്നത് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനോട് യോജിക്കുന്നതല്ലെന്ന് ഗതാഗത വകുപ്പ് വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിരീക്ഷണം നടത്തുന്നുണ്ട്. അതേസമയം സർക്കാർ നിശ്ചയിച്ച നിരക്കാണ് നമ്മ യാത്രി ഈടാക്കുന്നത്. 2 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 30 രൂപയാണ് കുറഞ്ഞ നിരക്ക്. അതിനുമുകളിൽ, ഓരോ കിലോമീറ്ററിനും 15 രൂപ വീതം നല്‍കണം. കൂടാതെ 10 രൂപ ബുക്കിംഗ് ചാർജ് ഉണ്ട്. ഡ്രൈവർമാർക്ക് ഇത് 30 രൂപ വരെ വർദ്ധിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.