'മലൈകോട്ടൈ വാലിബന്‍റെ' ഡിഎന്‍എഫ്‍ടി മോഹൻലാൽ പുറത്തിറക്കി
- ജിപിഎല്‍ മൂവീസാണ് ഡിഎൻഎഫ്‍ടി വികസിപ്പിച്ചത്
- ലിജോ ജോസ് പല്ലിശേരിയാണ് 'മലൈകോട്ടൈ വാലിബന്‍' സംവിധാനം ചെയ്യുന്നത്
- വന്‍ മുതല്‍മുടക്കിലാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാണം
2024 ജനുവരി 25 ന് തിയേറ്ററുകളിക്കെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഡിഎൻഎഫ്‍ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹൻലാൽ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യുകെ ആസ്ഥാനമായ ജിപിഎല്‍ മൂവീസ് ഉടമ സുഭാഷ് മാനുവൽ, രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
ജിപിഎല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്‍ടി-ക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്‍എഫ്‍ടി-കള്‍ സാധാരണയായി ആസ്‍തികളുടെ കലാമൂല്യം മാത്രമാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഡിഎന്‍എഫ്‍ടി-യില്‍ കലാമൂല്യത്തോടൊപ്പം അതിന്‍റെ സാമ്പത്തികമൂല്യവും ഉള്‍ക്കൊള്ളുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിഎന്‍എഫ്‍ടി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജിപിഎല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി. https://dnft.global എന്ന വെബ്‌സൈറ്റ് വഴിയാണ് സിനിമയുടെ ചിത്രങ്ങള്‍ ലഭിക്കുക. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് വന്‍ മുതല്‍മുടക്കില്‍ മലൈക്കോട്ടൈ വാലിബന്‍ നിര്‍മിക്കുന്നത്.
നൂറ്റി മുപ്പതു ദിവസങ്ങളെടുത്ത് രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ള. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.