മൂന്ന് അടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്‌കോറില്‍ എന്തു സംഭവിക്കും?

സിബില്‍ പങ്കുവച്ച ഡാറ്റ അനുസരിച്ച് 650-699 സ്‌കോറുകാര്‍ക്ക് ശരാശരി 5.2 ശതമാനം വായ്പ ലഭിച്ചെങ്കില്‍ 700-749 സ്‌കോറുകാര്‍ 9.7 ശതമാനമായിരുന്നു

Update: 2022-01-11 05:15 GMT
trueasdfstory

ആധുനിക കാലത്ത് അച്ചടക്കമുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ അളവ് കോലാണ് ക്രെഡിറ്റ് സ്‌കോര്‍. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന് നിന്നാല്‍...

ആധുനിക കാലത്ത് അച്ചടക്കമുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ അളവ് കോലാണ് ക്രെഡിറ്റ് സ്‌കോര്‍. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന് നിന്നാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയുമായി നമ്മേ തേടിയെത്തും. അതുകൊണ്ട് എന്തു സംഭവിച്ചാലും ക്രെഡിറ്റ് സ്‌കോര്‍ താഴാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് കാര്യം. വായ്പാ തിരിച്ചടവ് ചരിത്രം, വായ്പാ ക്ഷമത, സ്ഥിരവരുമാനം, പ്രായം ഇതെല്ലാം പരിഗണിച്ചാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നമ്മുടെ സ്‌കോര്‍ തയ്യാറാക്കി ബാങ്കുകള്‍ക്ക് നല്‍കുന്നത്. ഒരു ഇ എം ഐ അടവ് മുടങ്ങുന്നതു പോലും നമ്മുടെ സ്‌കോറിനെ ബാധിക്കും.

മൈനര്‍ ഡീഫോള്‍ട്ട്


90 ദിവസത്തില്‍ താഴെ ഇ എം ഐ ഗഢു മുടങ്ങുകയോ ദിവസം തെറ്റുകയോ ചെയ്താല്‍ ഇത് മൈനര്‍ ഡീഫോള്‍ട്ട് ആയിട്ടാവും റേറ്റിഗ് ഏജന്‍സികള്‍ കണക്കാക്കുക. ഇവിടെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയും, പക്ഷെ താത്കാലികമായിരിക്കും. അതേ സമയം 90 ദിവസത്തിലധികം അടവ് മുടങ്ങുന്നുവെങ്കില്‍ അത് മേജര്‍ ഡീഫോള്‍ട്ട് ആയിട്ടാകും പരിഗണിക്കുക. കാരണം മൂന്ന് മാസം അടവ് മുടങ്ങുന്നതോടെ വായ്പ എന്‍ പി എ (നിഷ്‌ക്രിയ ആസ്തി) ആയി മാറും. ചുരുങ്ങിയ കാലത്ത് ഇത്തരം വീഴ്ചകളുണ്ടെങ്കില്‍ സ്‌കോറില്‍ ഇത് നിഴലിക്കുമെങ്കിലും തത്കാലത്തേക്കാകും. എന്നാല്‍ ആറ് മാസം തുടര്‍ച്ചയായി കുടിശിക വരുത്തിയാല്‍ മറ്റൊരു വായ്പ ബുദ്ധിമുട്ടാകും.

300-900

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഗണിച്ച് ഏജന്‍സികള്‍ 300 മുതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്‌കോര്‍ അനുവദിക്കുക. റേറ്റിഗ് ഏജന്‍സിയായ സിബില്‍ പങ്കുവച്ച ഡാറ്റ അനുസരിച്ച് 650-699 സ്‌കോറുകാര്‍ക്ക് ശരാശരി 5.2 ശതമാനം വായ്പ ലഭിച്ചെങ്കില്‍ 700-749 സ്‌കോറുകാര്‍ 9.7 ശതമാനമായിരുന്നു. എന്നാല്‍ 57.6 ശതമാനം വായ്പയ്ക്കും അര്‍ഹരായത് 750-800 സ്‌കോറുകാര്‍ ആയിരുന്നു. ക്രെഡിറ്റ് സ്‌കോര്‍ വായ്പ ലഭിക്കാന്‍ എത്ര കണ്ട് പ്രധാനപ്പെട്ടതാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

സ്‌കോര്‍ കുറയും

വായ്പയുടെ ഒറ്റ ഇ എം ഐ മുടങ്ങിയാല്‍ പോലും അത് സ്‌കോര്‍ കുറയ്ക്കും. 50-70 വരെ പോയിന്റുകള്‍ കുറയാന്‍ ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. മൂന്ന് അടവാണ് ഇങ്ങനെ മുടങ്ങുന്നതെങ്കില്‍ സ്ഥിതി ഗുരുതരമാകും. ഇത് പിന്നെ നിഷ്‌ക്രിയ ആസ്തിയാകുകയും ഇത് പരിഹരിക്കാന്‍ സക്രിയ ഇടപെടല്‍ നടത്തേണ്ടി വരികയും ചെയ്യും.

ഇ എം ഐ കുറയ്ക്കാം

തിരിച്ചടവ് ബാധ്യത കുറയ്ക്കാനുള്ള വിവിധ വഴികളിലൊന്ന് തിരിച്ചടവ് വര്‍ഷം കുറയ്ക്കുക എന്നതാണ്. എന്നാല്‍ പലപ്പോഴും ഇത് സാധ്യമാകാറില്ല. കാരണം വര്‍ഷം കുറയുക എന്നാല്‍ അതിനര്‍ഥം തിരിച്ചടവ് ഇ എം ഐ തുക കൂടുക എന്നതാണ്. 30 വര്‍ത്തെ ദീര്‍ഘ കാലയളവില്‍ പല കാരണങ്ങളാല്‍ വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഇത് വായ്പ തിരിച്ചടവിനെ ബാധിക്കും. വരുമാനം കുറയുന്നത് നിങ്ങളുടെ ഇ എം ഐ അടവിനെ ബാധിക്കുന്നുണ്ടെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് നിജസ്ഥിതി ബോധ്യപ്പെടുത്താവുന്നതാണ്. അതിന് ശേഷം ഇ എം ഐ യില്‍ കുറവ് വരുത്താന്‍ ആവശ്യപ്പെടാം. പക്ഷെ അതിനനുസരിച്ച് തിരിച്ചടവ് കാലാവധി കൂടുതലാകും എന്ന ദോഷമുണ്ട് ഇവിടെ.

 

Tags:    

Similar News