കയറ്റുമതി ലക്ഷ്യം വച്ച് ഏലത്തിൻറെ ഇ-ലേലം ജൂലൈ അവസാനം
കീടനാശിനി രഹിത ഏലത്തിൻറെ പ്രത്യേക ഇ-ലേലം ജൂലൈ മാസം സ്‌പൈസസ് ബോർഡ് ആരംഭിക്കും. കീടനാശിനിയുടെ അളവ് കൂടിയതിനാൽ കേരളത്തിൽ നിന്നുള്ള ഏലം ചില വിദേശരാജ്യങ്ങൾ നിരസിച്ചിരുന്നു. ഇതേ തുടർന്നാണ് കീടനാശിനി ഉപയോഗിക്കാത്ത ഏലം കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ സ്പൈസസ് ബോർഡ് തീരുമാനിച്ചത്. പരീക്ഷിച്ച് സാക്ഷ്യപ്പെടുത്തിയ കീടനാശിനി രഹിത ഏലത്തിൻറെ പ്രത്യേക ഇ-ലേലമാണ് ഈ മാസം അവസാനത്തെ ശനിയാഴ്ച സ്‌പൈസസ് ബോർഡ് നടത്താൻ തീരുമാനിച്ചത്. ഇനി മുതൽ എല്ലാമാസവും അവസാനത്തെ ശനിയാഴ്ച പ്രത്യക ലേലം നടത്തുമെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ […]
കീടനാശിനി രഹിത ഏലത്തിൻറെ പ്രത്യേക ഇ-ലേലം ജൂലൈ മാസം സ്‌പൈസസ് ബോർഡ് ആരംഭിക്കും.
കീടനാശിനിയുടെ അളവ് കൂടിയതിനാൽ കേരളത്തിൽ നിന്നുള്ള ഏലം ചില വിദേശരാജ്യങ്ങൾ നിരസിച്ചിരുന്നു. ഇതേ തുടർന്നാണ് കീടനാശിനി ഉപയോഗിക്കാത്ത ഏലം കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ സ്പൈസസ് ബോർഡ് തീരുമാനിച്ചത്.
പരീക്ഷിച്ച് സാക്ഷ്യപ്പെടുത്തിയ കീടനാശിനി രഹിത ഏലത്തിൻറെ പ്രത്യേക ഇ-ലേലമാണ് ഈ മാസം അവസാനത്തെ ശനിയാഴ്ച സ്‌പൈസസ് ബോർഡ് നടത്താൻ തീരുമാനിച്ചത്. ഇനി മുതൽ എല്ലാമാസവും അവസാനത്തെ ശനിയാഴ്ച പ്രത്യക ലേലം നടത്തുമെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ എ ജി തങ്കപ്പൻ പറഞ്ഞു.
ഏലക്കായുടെ വില അടുത്തിടെ കിലോയ്ക്ക് 1000 രൂപയിൽ നിന്ന് 700-800 രൂപയായി ഇടിഞ്ഞതിനെ തുടർന്നാണ് കീടനാശിനി രഹിത ഏലത്തിന് പ്രത്യേക വിപണി കണ്ടെത്താൻ തീരുമാനിച്ചത്. ഏലത്തിന് കൃത്യമായ വിദേശ വിപണിയും വിലയും ഉറപ്പാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഏലം വിപണിയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകുന്നില്ല.
“അനുവദിക്കപ്പെട്ട അളവിൽ കൂടുതൽ കീടനാശിനി ഉപയോഗിക്കുന്നത് ഏലം കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏലം കർഷകർക്കിടയിൽ കീടനാശി ഉപയോഗം കുറക്കുന്നതിനുള്ള ബോധവൽക്കരണം നടത്തും. കൂടുതൽ കർഷകർ ഈ നിർദ്ദേശത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. അതുകൊണ്ടാണ് കീടനാശിനി ഉപയോഗിക്കാത്ത ഏലത്തിന് പ്രത്യേക ലേലം നടത്താൻ സ്പൈസസ് ബോർഡ് തീരുമാനിച്ചത്,” അദ്ദേഹം പറഞ്ഞു.
സേഫ് ടു ഈറ്റ് സർട്ടിഫൈഡ് ഏലക്കായുടെ ലേലം ജൂലൈ മുതൽ എല്ലാമാസവും അവസാനത്തെ ശനിയാഴ്ച നടത്തുമെന്ന് എ ജി തങ്കപ്പൻ പറഞ്ഞു.
“പ്രത്യേക ലേലം മാസത്തിലൊരിക്കൽ നടത്തും. നിരവധി ലേല കമ്പനികൾ ഇതിനകം തന്നെ സാക്ഷ്യപ്പെടുത്തിയ ഏലം പ്രത്യേക ലേലത്തിൽ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേക ഇ-ലേലത്തിനായി ഏലം പൂൾ ചെയ്യുന്നതിന് മുമ്പ്, കർഷകർ പരിശോധനയ്‌ക്കായി സാമ്പിളുകൾ സമർപ്പിക്കുകയും സ്‌പൈസസ് ബോർഡ് നടത്തുന്ന കീടനാശിനി, കൃത്രിമ നിറ പരിശോധന എന്നിവയിൽ വിജയിക്കുകയും വേണം. പരിശോധനയ്ക്കായി അടയ്‌ക്കേണ്ട ചാർജിന്റെ മൂന്നിലൊന്ന് ബോർഡ് വഹിക്കും. സംയോജിത കീടനിയന്ത്രണ (ഐപിഎം) സംവിധാനത്തിലൂടെയാണ് പ്രത്യേക ഇനം ഏലം പരിശോധിക്കുന്നത്. പുതിയ ഉൽപ്പന്നത്തിന് വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏലത്തിലെ കീടനാശിനികളുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകാനും ബോർഡ് ലക്ഷ്യമിടുന്നു, ”തങ്കപ്പൻ പറഞ്ഞു.
ഏലം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യമായ സൗദി അറേബ്യ ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്ന പല രാജ്യങ്ങളും ഏലം കയറ്റുമതിക്കാർ പാലിക്കേണ്ട കർശനമായ ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്ന് അയച്ച 1500 കിലോ ഏലം അടുത്തിടെ ഖത്തർ നിരസിച്ചിരുന്നു. എംആർഎൽ ഏലത്തിന്റെ ലഭ്യത ഉറപ്പാക്കുകയാണ് പുതിയ ഏലം ലേലത്തിലൂടെ ലക്ഷ്യമിടുന്നത്.
കീടനാശിനി പ്രശ്‌നം വിദേശ കയറ്റുമതിയെ ബാധിച്ചതായി അടുത്തിടെ സ്പൈസസ് ബോർഡ് കണ്ടെത്തിയിരുന്നു. അതേതുടർന്നാണ് പ്രത്യേക ലേല സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.